പ്രതിഫല പാക്കേജ് തൃപ്തികരമല്ലെങ്കില്‍ ടെസ്ല സി ഇ ഒ സ്ഥാനത്തു നിന്നും മസ്‌ക് പിന്മാറിയേക്കുമെന്ന് സൂചന

പ്രതിഫല പാക്കേജ് തൃപ്തികരമല്ലെങ്കില്‍ ടെസ്ല സി ഇ ഒ സ്ഥാനത്തു നിന്നും മസ്‌ക് പിന്മാറിയേക്കുമെന്ന് സൂചന


ഓസ്റ്റിന്‍: ടെസ്ലയുടെ സി ഇ ഒ സ്ഥാനത്തു നിന്നും എലോണ്‍ മസ്‌ക് പിന്മാറാന്‍ സാധ്യതയുണ്ടെന്ന് കമ്പനി ചെയര്‍ റോബിന്‍ ഡെന്‍ഹോം മുന്നറിയിപ്പ് നല്‍കി. നവംബര്‍ ആറിനു നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ മസ്‌കിന് വേണ്ടി നിര്‍ദ്ദേശിച്ചിട്ടുള്ള 1 ട്രില്യണ്‍ യു എസ് ഡോളര്‍ മൂല്യമുള്ള പ്രതിഫല പാക്കേജ് ഓഹരിയുടമകള്‍ നിരസിച്ചാല്‍ ഈ നീക്കം സംഭവിക്കാമെന്നാണ് സൂചന.

അടുത്ത ഏഴര വര്‍ഷത്തേക്ക് ടെസ്ലയെ നയിക്കുന്നതിന് മസ്‌കിനെ നിലനിര്‍ത്താനാണ് ഈ പാക്കേജ് രൂപകല്‍പ്പന ചെയ്തതെന്ന് ഡെന്‍ഹോം പ്രസ്താവനയില്‍ പറഞ്ഞു. ടെസ്ലയുടെ വിജയത്തിന് നിര്‍ണായകം മസ്‌കിന്റെ നേതൃത്വമാണെന്നും ഡെന്‍ഹോം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന് ആവശ്യമായ പ്രോത്സാഹന സംവിധാനം ഇല്ലാത്ത പക്ഷം കമ്പനിക്ക് അദ്ദേഹത്തിന്റെ 'സമയം, പ്രതിഭ, ദര്‍ശനം' എന്നിവ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ടെസ്ല കൃത്രിമ ബുദ്ധിയും സ്വയം നിയന്ത്രിത സാങ്കേതികവിദ്യയും ഉള്‍പ്പെടുന്ന മേഖലകളിലേക്ക് വ്യാപിപ്പിക്കുന്ന ഘട്ടത്തില്‍ മസ്‌കിന്റെ പങ്ക് നിര്‍ണായകമാണെന്നും അവര്‍ പറഞ്ഞു.

പാക്കേജ് പ്രകാരം ടെസ്ല വിപണി മൂല്യം 8.5 ട്രില്യണ്‍ ഡോളറിലേക്ക് ഉയരുകയും സ്വയം നിയന്ത്രിത വാഹനങ്ങളുടെയും റോബോട്ടിക്‌സിന്റെയും മേഖലയില്‍ വിപ്ലവകരമായ പുരോഗതി കൈവരിക്കുകയും ചെയ്താല്‍ മസ്‌കിന് 12 ഓഹരി ഓപ്ഷന്‍ ബ്ലോക്കുകള്‍ ലഭിക്കും. ഇത് അംഗീകരിക്കപ്പെട്ടാല്‍ മസ്‌കിന്റെ ആസ്തി ഏകദേശം 900 ബില്യണ്‍ ഡോളര്‍ കൂടി വര്‍ധിക്കുകയും അദ്ദേഹം ലോകത്തിലെ ആദ്യ ട്രില്യണയര്‍ ആകാനുള്ള വഴി തുറക്കുകയും ചെയ്യും.

നിലവില്‍ മസ്‌കിന് 400 ബില്യണ്‍ ഡോളറിലധികം നിക്ഷേപ മൂല്യമാണുള്ളതെന്നാണ് ഫോബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് സാധ്യമാകാന്‍ ടെസ്ലയുടെ ഓഹരി മൂല്യം അടുത്ത വര്‍ഷങ്ങളില്‍ വന്‍ തോതില്‍ ഉയരേണ്ടതുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

മസ്‌കുമായുള്ള അടുത്ത ബന്ധം മൂലം ടെസ്ലയുടെ ഡയറക്ടര്‍ ബോര്‍ഡിനും കഴിഞ്ഞ വര്‍ഷങ്ങളില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 2018ല്‍ മസ്‌കിന് അനുവദിച്ച പ്രതിഫല പാക്കേജ് നിയമവിധേയമല്ലെന്നും അത് പൂര്‍ണമായും സ്വതന്ത്രരല്ലാത്ത ഡയറക്ടര്‍മാര്‍ ചേര്‍ന്നാണ് ചര്‍ച്ച ചെയ്ത് അംഗീകരിച്ചതെന്നും കണ്ടെത്തിയതോടെ ് ഈ വര്‍ഷം ആ പാക്കേജ് റദ്ദാക്കിയിരുന്നു.