ന്യൂഡല്‍ഹി: രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഷെഡ്യൂള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തില്‍ 12 സംസ്ഥാനങ്ങളിലാണ് എസ് ഐ ആര്‍ നടപ്പാക്കുക. ഇതില്‍ കേരളവും ഉള്‍പ്പെടുമെന്നാണ് വിവരം.
രാജ്യവ്യാപക എസ് ഐ ആറിന്റെ നടപടിക്രമങ്ങള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു.
നവംബര്‍ നാലു മുതല്‍ ഡിസംബര്‍ നാലു വരെയാവും വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം. ബി എല്‍ ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചൊവ്വാഴ്ച മുതല്‍ മുതല്‍ പരിശീലനം തുടങ്ങും. രാഷ്ട്രീയ പാര്‍ട്ടികളുമായി എസ് ഐ ആര്‍ സംബന്ധിച്ച് സി ഇ ഒമാര്‍ ചര്‍ച്ച നടത്തി വിശദീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദേശിക്കുന്ന ബൂത്തുതല ഏജന്റുമാര്‍ക്കും പരിശീലനം നല്‍കും.
ബിഹാറില്‍ ആദ്യഘട്ട എസ് ഐ ആര്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഒരു അപ്പീല്‍ പോലും ഇത് സംബന്ധിച്ച് ബിഹാറിലുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 1951 മുതല്‍ 2004 വരെ എട്ടുതവണ രാജ്യത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടന്നതായും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളെ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സൂചന നല്‍കിയിരുന്നു. കേരളത്തെ ആദ്യ ഘട്ട എസ് ഐ ആറില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടെങ്കിലും ഇത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളുകയായിരുന്നു.
