ദക്ഷിണ ചൈനാ കടലില്‍ യുഎസ് നേവിയുടെ ഹെലികോപ്റ്ററും ഫൈറ്റര്‍ ജെറ്റും തകര്‍ന്നുവീണു

ദക്ഷിണ ചൈനാ കടലില്‍ യുഎസ് നേവിയുടെ ഹെലികോപ്റ്ററും ഫൈറ്റര്‍ ജെറ്റും തകര്‍ന്നുവീണു


ന്യൂയോര്‍ക്ക്: ദക്ഷിണ ചൈനാ കടലില്‍ യുഎസ് നേവിയുടെ ഹെലികോപ്റ്ററും ഫൈറ്റര്‍ ജെറ്റും തകര്‍ന്നുവീണു. യുഎസ് നേവിയുടെ പസഫിക് ഫ്‌ലീറ്റ് ഇക്കാര്യം തിങ്കളാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലും ഫൈറ്റര്‍ ജെറ്റിലുമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് പസഫിക് ഫ്‌ലീറ്റ് അറിയിച്ചു.

പതിവ് ഓപ്പറേഷനുകളില്‍ക്കിടെയാണ് ഹെലികോപ്റ്ററും ഫൈറ്റര്‍ ജെറ്റും തകര്‍ന്ന് വീണത്. രണ്ട് സംഭവങ്ങളുടെയും കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതായും പസഫിക് ഫ്‌ലീറ്റ് വ്യക്തമാക്കി.

വിമാനവാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്‌സിന്റെ (സിവിഎന്‍68) നിന്നും പറന്നുയര്‍ന്ന എംഎച്ച്60ആര്‍ സീ ഹോക്ക് ഹെലികോപ്റ്ററും എഫ്/എ18എഫ് സൂപ്പര്‍ ഹോര്‍നെറ്റ് ഫൈറ്ററുമാണ് ദക്ഷിണ ചൈനാ കടലില്‍ പതിച്ചത്. യുഎസ് നേവിയുടെ മാരിടൈം സ്‌ട്രൈക്ക് സ്‌ക്വാഡ്രണ്‍ (HSM) 73ന്റെ 'ബാറ്റില്‍ ക്യാറ്റ്‌സ്' വിഭാഗത്തില്‍ നിയോഗിക്കപ്പെട്ടതായിരുന്നു എംഎച്ച്60ആര്‍ സീ ഹോക്ക് ഹെലികോപ്റ്റര്‍. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2:45 നാണ് സീ ഹോക്ക് ഹെലികോപ്റ്റര്‍ കടലില്‍ പതിക്കുന്നത്. മൂന്ന് ക്രൂ അംഗങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്.

ഇതിന് പിന്നാലെ ഉച്ചകഴിഞ്ഞ് 3:15 ന്, നിമിറ്റ്‌സില്‍ നിന്ന് പതിവ് ഓപ്പറേഷന്‍ നടത്തുന്നതിനിടെ, സ്‌െ്രെടക്ക് ഫൈറ്റര്‍ സ്‌ക്വാഡ്രണ്‍ (VFA) 22 ന്റെ 'ഫൈറ്റിംഗ് റെഡ്‌കോക്കുകള്‍ക്കായി' നിയോഗിക്കപ്പെട്ട എഫ്/എ18എഫ് സൂപ്പര്‍ ഹോര്‍നെറ്റ് ഫൈറ്ററാണ് തകര്‍ന്നത്. രണ്ട് ഉേദ്യാഗസ്ഥരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 

അതേസമയം വലിയ തര്‍ക്കം നടക്കുന്ന പ്രദേശത്താണ് യുഎസ് നേവിയുടെ ഹെലികോപ്റ്ററും ഫൈറ്റര്‍ ജെറ്റും തകര്‍ന്നുവീണിരിക്കുന്നത്. ദക്ഷിണ ചൈനാ കടലിന്റെ ചില ഭാഗങ്ങളില്‍ ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണൈ, തായ്‌വാന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ അവകാശവാദമുന്നയിക്കുന്നുണ്ട്. എന്നാല്‍ അന്താരാഷ്ട്ര കോടതി വിധികളെപ്പോലും പലപ്പോഴും ധിക്കരിച്ചുകൊണ്ട് തന്ത്രപ്രധാനമായ മിക്ക ജലപാതകളുടെയും ഉടമസ്ഥാവകാശം അവകാശപ്പെടുന്നത് ചൈനയാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, അന്താരാഷ്ട്ര ജലപാതയിലൂടെ സ്വതന്ത്രമായി കടന്നുപോകാനുള്ള യുഎസ് ശ്രമങ്ങളെ നേരിട്ട് വെല്ലുവിളിച്ചുകൊണ്ട് കടലിനു കുറുകെ സൈനിക ഇന്‍സ്റ്റാളേഷനുകള്‍ നിര്‍മ്മിച്ചുകൊണ്ട് ചൈന തങ്ങളുടെ പ്രദേശിക അവകാശവാദങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ ഈ സമുദ്ര വികാസത്തെ ചെറുക്കുന്നതിനുള്ള യുഎസിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ മേഖലയിലെ യുഎസ് നാവിക പ്രവര്‍ത്തനങ്ങള്‍ എന്നാണ് അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏഷ്യന്‍ നയതന്ത്ര പര്യടനത്തിനിടെയാണ് ഈ അപകടങ്ങള്‍ സംഭവിച്ചത്. വ്യാപാരത്തെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ക്കായി വ്യാഴാഴ്ച ദക്ഷിണ കൊറിയയില്‍ വെച്ച് അദ്ദേഹം ചൈനീസ് നേതാവ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.