വാഷിംഗ്ടണ്‍: മെലിസ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് കാറ്റഗറി 5ലേക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്ന് യു എസ് നാഷണല്‍ ഹറികെയ്ന്‍ സെന്റര്‍ (എന്‍ എച്ച് സി) അറിയിച്ചു.
മെലിസയുടെ ശക്തി ഞായറാഴ്ച വൈകുന്നേരത്തോടെ വര്‍ധിക്കുകയും ജമൈക്കയും ഹൈതിയും ഉള്‍പ്പെടെയുള്ള വടക്കന്‍ കരീബിയന്‍ ദ്വീപുകളില്‍ വ്യാപകമായ വെള്ളപ്പൊക്കവും നാശവും വിതയ്ക്കാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പില്‍ പറയുന്നു. കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍ (157 മൈല്‍) കവിഞ്ഞേക്കാമെന്ന് എന്‍ എച്ച് സി അറിയിച്ചു.
ചുഴലിക്കാറ്റുകള്‍ക്ക് ശക്തിയനുസരിച്ച് സാഫിര്‍- സിംപ്‌സണ്‍ സ്‌കെയില്‍ പ്രകാരം 1 മുതല്‍ 5 വരെ വിഭാഗങ്ങള്‍ നല്‍കാറുണ്ട്. അക്കം വര്‍ധിക്കുന്നതിന് അനുസരിച്ച് കാറ്റിന്റെ ശക്തിയും നാശസാധ്യതയും വര്‍ധിക്കും. മണിക്കൂറില്‍ 155 മൈലില്‍ കൂടുതല്‍ വേഗതയുള്ള കാറ്റാണ് അഞ്ചാം കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്.
ജൂണ്‍ 1 മുതല്‍ നവംബര്‍ 30 വരെയുള്ള അറ്റ്‌ലാന്റിക് ചുഴലിക്കാറ്റ് സീസണിലെ 13-ാമത്തെ ചുഴലിക്കാറ്റിന്റെ പേരാണ് മെലിസ. യു എസ് നാഷണല്‍ ഒഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ പ്രവചന പ്രകാരം ഈ വര്‍ഷം സാധാരണത്തേതിനേക്കാള്‍ കൂടുതല്‍ ചുഴലിക്കാറ്റുകള്‍ ഉണ്ടാകും.
മെലിസ ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെ ജമൈക്കയ്ക്ക് സമീപത്തോ അതുവഴിയോ കടന്നുപോകും. തുടര്‍ന്ന് ക്യൂബയിലേക്കും ബഹാമാസ് ദ്വീപുകളിലേക്കും നീങ്ങുമെന്നാണ് പ്രവചനം.
മെലിസ കരയിലേക്ക് കയറുന്ന ഭാഗത്ത് കടല്‍നിരപ്പില്‍ നിന്ന് പരമാവധി 13 അടി വരെ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.
ജമൈക്കയില്‍ അടിയന്തര ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. കിംഗ്‌സ്റ്റണ്‍ നോര്‍മന്‍ മാന്‍ലിയും മോണ്ടിഗോ ബേ സാങ്സ്റ്റര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളും അടച്ചു. ഓള്‍ഡ് ഹാര്‍ബര്‍ ബേ ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
ജമൈക്കയിലും ഹൈതിഡൊമിനിക്കന്‍ റിപ്പബ്ലിക് ഉള്‍പ്പെടുന്ന തെക്കന്‍ ഹിസ്പാനിയോളയിലും പരമാവധി 76 സെന്റീമീറ്റര്‍ വരെ മഴ പെയ്യാമെന്നും ചില പ്രദേശങ്ങളില്‍ ഒരു മീറ്റര്‍ വരെ മഴ ലഭിക്കാമെന്നും എന്‍ എച്ച് സി മുന്നറിയിപ്പ് നല്‍കി. അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ച, വൈദ്യുതി വിച്ഛേദം, ഗ്രാമങ്ങള്‍ ഒറ്റപ്പെടല്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മെലിസ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ക്യൂബയില്‍ എത്തി പരമാവധി 30 സെന്റീമീറ്റര്‍ വരെ മഴ പെയ്യും. തുടര്‍ന്ന് ബുധനാഴ്ച ബഹാമാസ് ദ്വീപുകളിലേക്ക് നീങ്ങും. ഗ്രാന്‍മ, സാന്റിയാഗോ ഡി ക്യൂബ, ഗ്വാണ്ടനാമോ, ഹോല്‍ഗ്വിന്‍ പ്രവിശ്യകളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പും ലാസ് ടുണാസില്‍ ട്രോപ്പിക്കല്‍ സ്റ്റോം മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രളയഭീഷണി പ്രദേശങ്ങളിലെ നിരവധി പേര്‍ ഒഴിപ്പിക്കല്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതായി അധികൃതര്‍ അറിയിച്ചു. ജമൈക്കയിലെ 650ലധികം ഷെല്‍ട്ടറുകള്‍ എല്ലാം തുറന്നിട്ടുണ്ടെന്ന് ദുരന്തനിവാരണ മേധാവി ഡെസ്മണ്ട് മക്കെന്‍സി പറഞ്ഞു. ഭക്ഷണ പാക്കേജുകളും ആവശ്യസാധനങ്ങളും മുമ്പേ സംഭരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദ്വീപിന്റെ തെക്കന്‍ ഭാഗത്തായിരിക്കും ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിടേണ്ടി വരികയെന്നും എല്ലാ ജില്ലകളിലും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും താഴ്ന്ന പ്രദേശങ്ങളിലും നദിയോട് ചേര്‍ന്നും കഴിയുന്നവര്‍ ഉടന്‍ സ്ഥലം മാറാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും ജമൈക്ക കാലാവസ്ഥാ സേവന വിഭാഗം ഡയറക്ടര്‍ ഇവാന്‍ തോംപ്‌സണ്‍ മുന്നറിയിപ്പ് നല്‍കി.
ഇതുവരെ ഹൈതിയില്‍ മൂന്ന് പേരും ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ഒരാളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹൈതിയില്‍ മതില്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. വടക്കുകിഴക്കന്‍ സെയിന്റ്- സുസാന്‍ മേഖലയിലെ പാലം തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്.
ബഹാമാസിന്റെ തെക്കുകിഴക്കും മധ്യഭാഗങ്ങളിലും ടര്‍ക്ക്‌സ് ആന്‍ഡ് കൈക്കോസ് ദ്വീപുകളിലും ചുഴലിക്കാറ്റ് സാഹചര്യങ്ങള്‍ അനുഭവപ്പെടാനിടയുണ്ടെന്ന് ബഹാമാസ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
മെലിസ ചുഴലിക്കാറ്റ് കരീബിയന്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലേറ്റവും ശക്തമായ പ്രകൃതിദുരന്തമായി മാറാനുള്ള സാധ്യതയുണ്ടെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും വിദഗ്ധര്‍ ആഹ്വാനം ചെയ്തു.
