മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായുള്ള ബുഡാപെസ്റ്റ് കൂടിക്കാഴ്ച യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കിയതിനെ തുടര്‍ന്ന് 'കൂടിക്കാഴ്ച റദ്ദാക്കപ്പെട്ടതെന്നു പറയുന്നത് തെറ്റാണ്' എന്ന് പ്രസ്താവനയുമായി ക്രെംലിന്‍. ട്രംപ് പറഞ്ഞ 'സമയം നഷ്ടപ്പെടുത്തില്ല' എന്ന പരാമര്‍ശം എടുത്തുകാണിച്ച് റഷ്യന്‍ സര്‍ക്കാര്‍ ടെലിവിഷന്‍ ചാനലായ വെസ്തി ടെലിഗ്രാം ചാനലിലൂടെ 'പ്രസിഡന്റുമാര്‍ക്ക് വെറുതെ സമയം കളയാന്‍ കൂടിക്കാഴ്ച നടത്താന്‍ കഴിയില്ല' എന്ന് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യന്‍ എണ്ണ കമ്പനികളായ ലൂകോയില്‍, റോസ്നെഫ്റ്റ് എന്നിവയ്ക്കെതിരായ അമേരിക്കന്‍ ഉപരോധങ്ങളെ 'അസൗഹൃദ നടപടി' എന്നും ക്രെംലിന്‍ വിശേഷിപ്പിച്ചു. ട്രംപ്- പുടിന്‍ കൂടിക്കാഴ്ചയ്ക്ക് കൃത്യമായ സമയക്രമം നിശ്ചയിച്ചിട്ടില്ലെന്നും പ്രസിഡന്റുമാര്‍ കൂടിക്കാഴ്ച നടത്തുമ്പോള്‍ ഗൗരവമായ തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്നും നേരത്തെ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കിയിരുന്നു.
പ്രസിഡന്റുമാര്‍ക്ക് വെറും കൂടിക്കാഴ്ചയ്ക്കായി കൂടാനാകില്ലെന്നും അവരുടെ സമയം നഷ്ടപ്പെടുത്താനാകില്ലെന്നും അതിനാലാണ് അവര്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്രോവിനെയും യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെയും ഈ പ്രക്രിയയ്ക്ക് തയ്യാറാക്കാന്‍ നിര്‍ദേശിച്ചതെന്നും പ്രക്രിയ സങ്കീര്‍ണ്ണമാണെന്നും പെസ്‌കോവ് ക്രെംലിന്‍ ടെലിവിഷന്‍ പ്രതിനിധി പാവല്‍ സാരുബിനോട് പറഞ്ഞു.
റഷ്യ എല്ലാ രാജ്യങ്ങളുമായും സൗഹൃദബന്ധം വികസിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പെസ്‌കോവ് വ്യക്തമാക്കി. യു എസ് പ്രസിഡന്റിന്റെ നിലപാടുകള്‍ എങ്ങനെയായാലും തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് തങ്ങള്‍ക്ക് മുന്നോട്ട് പോകേണ്ടതതെന്നും അമേരിക്ക ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധങ്ങളാണ് സ്ഥാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച എടുത്ത നടപടികള്‍ തീര്‍ച്ചയായും സൗഹൃദപരമല്ലെന്നും അവ ബന്ധം പുനരുജ്ജീവിപ്പിക്കുന്ന സാധ്യതകളെ ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ ലക്ഷ്യങ്ങള്‍ ഉപേക്ഷിക്കാനാകില്ലെന്നും പെസ്‌കോവ് കൂട്ടിച്ചേര്‍ത്തു.
പുടിനുമായുള്ള കൂടിക്കാഴ്ച താത്ക്കാലികമായി നിര്‍ത്തിവെച്ചതായി വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നു. യുക്രെയ്‌നുമായി റഷ്യ നടത്തുന്ന യുദ്ധത്തില്‍ ട്രംപിന്റെ യുദ്ധവിരാമാവശ്യത്തെ നിരസിച്ചതിനുശേഷമാണ് ഈ തീരുമാനം വന്നത്.
ഫലമില്ലാത്ത കൂടിക്കാഴ്ച താന്‍ ആഗ്രഹിക്കുന്നില്ലെന്നും സമയം നഷ്ടപ്പെടുത്താനില്ലെന്നും അതിനാല്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരിക്കാമെന്നുമാണ് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ട്രംപും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച നിര്‍ത്തിവെച്ചതോടെ വാഷിംഗ്ടണ്‍- മോസ്‌കോ ബന്ധം അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത്. സംവാദത്തിന്റെ വാതിലുകള്‍ അടച്ചിട്ടില്ലെന്നും പ്രായോഗികമായ സാഹചര്യം ഉണ്ടാകുമ്പോള്‍ ബന്ധങ്ങള്‍ പുന:രാരംഭിക്കാന്‍ റഷ്യ സന്നദ്ധമാണെന്നുമാണ് ക്രെംലിന്‍ വ്യക്തമാക്കിയത്.
