റാഞ്ചി: തലസീമിയ രോഗബാധിതരായ കുട്ടികള്‍ക്ക് എച്ച് ഐ വി സ്ഥിരീകരിച്ച സംഭവത്തില്‍ ഝാര്‍ഖണ്ഡില്‍ ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് സസ്‌പെന്‍ഷന്‍. ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ബും ജില്ലാ സിവില്‍ സര്‍ജനെയും നാല് ഉദ്യോഗസ്ഥരെയുമാണ് സസ്‌പെന്റ് ചെയ്തത്.
ഏഴ് വയസുകാരനായ തലസീമിയ ബാധിതന്റെ കുടുംബം ആരോപണവുമായി രംഗത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നേരിട്ട് ഇടപെട്ടാണ് നടപടിയെടുത്തത്. പരിശോധനയില്‍ നാല് കുട്ടികള്‍ക്ക് കൂടി എച്ച് ഐ വി ബാധയുള്ള രക്തം കുത്തിവെച്ചതായി കണ്ടെത്തിയിട്ടുണ്ട്.
തലസീമിയ രോഗമുള്ള ഝാര്‍ഖണ്ഡിലെ ഏഴ് വയസുകാരന് വെസ്റ്റ് സിങ്ബൂം ജില്ലാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചായ്ബാസയിലെ സ്വകാര്യ രക്ത ബാങ്കില്‍ നിന്ന് രക്തം കുത്തിവച്ചിരുന്നു. ഇത് എച്ച് ഐ വി ബാധയുള്ള രക്തമായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വിശദമായ പരിശോധന നടത്താന്‍ മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. പരാതിക്കാരനായ കുട്ടിക്ക് 25 യൂണിറ്റ് രക്തം പലതവണയായി ഇവിടെ നിന്നും കുത്തിവച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. എങ്കിലും ഒരാഴ്ച മുന്‍പാണ് കുട്ടിക്ക് എച്ച് ഐ വി ബാധ സ്ഥിരീകരിച്ചത്.
