അമേരിക്കയും ബ്രസീലും പരസ്പരം ഗുണകരമായ കരാറുകളില്‍ ഏര്‍പ്പെടുമെന്ന് ട്രംപ്

അമേരിക്കയും ബ്രസീലും പരസ്പരം ഗുണകരമായ കരാറുകളില്‍ ഏര്‍പ്പെടുമെന്ന് ട്രംപ്


ക്വാലാലംപൂര്‍ : ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇന്‍ാസിയോ ലുല ദ സില്‍വയുമായി ഉടന്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്കുമുമ്പ്, ഇരു രാജ്യങ്ങള്‍ക്കും ഗുണകരമായ കരാറുകള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായി ഞായറാഴ്ച (ഒക്ടോബര്‍ 26) മലേഷ്യയിലെ ക്വാലാലംപൂരില്‍ നടക്കുന്ന ഇരുരാജ്യ നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് മുന്‍പാണ് ട്രംപിന്റെ പ്രസ്താവന. 'ഇരു രാജ്യങ്ങള്‍ക്കും നല്ല കരാറുകള്‍ ഉണ്ടാക്കാന്‍ കഴിയണം' എന്നാണ് അദ്ദേഹം പറഞ്ഞത്.

ബ്രസീല്‍ പ്രസിഡന്റ് ലുലയും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു. അമേരിക്കയും ബ്രസീലും തമ്മില്‍ സംഘര്‍ഷത്തിനുള്ള കാരണമൊന്നുമില്ലെന്നും, ട്രംപുമായി ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങള്‍ എഴുതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരുവരുടെയും കൂടിക്കാഴ്ച ഇരുരാജ്യങ്ങളുടെയും ബന്ധം പുനരുദ്ധരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിലയിരുത്തുന്നത്.

മുന്‍പ് എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍, 'ആവശ്യമായി വരുന്ന സാഹചര്യത്തില്‍' ബ്രസീലിനെതിരായ നികുതികള്‍ കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു.

ഈ വര്‍ഷം തന്റെ രണ്ടാമൂഴത്തില്‍ വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയ ശേഷം, ട്രംപ് നിരവധി രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്കു മേലുള്ള അമേരിക്കന്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരുന്നു. ആഗസ്റ്റില്‍ ബ്രസീലില്‍ നിന്ന് വരുന്ന ഉല്‍പ്പന്നങ്ങളിലെ തീരുവ 10 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തി. അന്ന്, മുന്‍ ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബോള്‍സൊനാരോക്കെതിരെ നടന്ന 'വിച്ച് ഹണ്ട്' (അമിത രാഷ്ട്രീയ വേട്ടയാടല്‍) എന്നാരോപിച്ച് അദ്ദേഹം ഈ നീക്കത്തെ ന്യായീകരിച്ചിരുന്നു.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ അമേരിക്കയ്ക്ക് ബ്രസീലുമായുള്ള വ്യാപാരത്തില്‍ ഉണ്ടായ 410 ബില്യണ്‍ ഡോളര്‍ ലാഭം ചൂണ്ടിക്കാട്ടി, തീരുവ വര്‍ധനയെ 'വലിയ പിഴവ്' എന്ന് ലുല വിശേഷിപ്പിച്ചു.

 ഈ തീരുവ വര്‍ധന അമേരിക്കയിലെ ഇറച്ചി വിപണിയെ മാറ്റിമറിച്ചിരിക്കുകയാണെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറച്ചിയുടെ വില ഉയര്‍ന്നതോടൊപ്പം, മെക്‌സിക്കോ വഴി വ്യാപാരം വര്‍ധിച്ചു. അതേസമയം, ബ്രസീലിന്റെ ചൈനയിലേക്കുള്ള കയറ്റുമതി വളര്‍ച്ച തുടരുകയാണ്.