പാരീസ് ലൂവ്ര് മ്യൂസിയത്തിലെ കവര്‍ച്ച; രണ്ടുപേര്‍ അറസ്റ്റില്‍

പാരീസ് ലൂവ്ര് മ്യൂസിയത്തിലെ കവര്‍ച്ച; രണ്ടുപേര്‍ അറസ്റ്റില്‍


പാരീസ്: ലൂവ്ര് മ്യൂസിയത്തിലെ 102 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഫ്രഞ്ച് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഫ്രഞ്ച് പ്രോസിക്യൂട്ടര്‍ ഓഫീസ് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് സ്ഥിരീകരിച്ചതനുസരിച്ച് മ്യൂസിയം കവര്‍ച്ചയുമായി  ബന്ധപ്പെട്ട് സംശയിച്ച നിരവധി പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആരുടേയും പേരുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഫ്രഞ്ച് പത്രമായ ലെ പാരിസിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഒരാളെ ശനിയാഴ്ച രാത്രി പത്ത് മണിയോടെ ചാള്‍സ് ഡി ഗോള്‍ വിമാനത്താവളത്തില്‍ നിന്ന് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. രണ്ടാമത്തെ പ്രതിയെ പിന്നീട് പാരീസിന്റെ വടക്കന്‍ ഉപനഗരമായ സെയ്ന്‍ സെയ്ന്റ് ദെനിസില്‍ അറസ്റ്റ് ചെയ്തു.

ഏകദേശം 30 വയസ്സുള്ള ഇവര്‍ നാപുലേരടങ്ങിയ സംഘത്തിന്റെ ഭാഗമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. ഈ സംഘം വെറും ഏഴ് മിനിറ്റിനുള്ളില്‍ 102 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആഭരണങ്ങളാണ് മ്യൂസിയത്തില്‍ നിന്നും കവര്‍ച്ച നടത്തിയത്. 

അധികൃതര്‍ പറയുന്നത് പ്രകാരം പ്രതികള്‍ മോഷ്ടിച്ച മൂവേഴ്‌സ് ട്രക്ക് ഉപയോഗിച്ച് നീളമുള്ള ലാഡര്‍ വഴി മ്യൂസിയത്തിന്റെ ഒന്നാം നിലയിലെ ഗ്യാലറിയിലേക്ക് കയറുകയായിരുന്നു. സെയ്‌നിന് അഭിമുഖമായ ഭാഗത്തുകൂടി ഇവര്‍ ബാസ്‌കറ്റ് ലിഫ്റ്റ് ഉപയോഗിച്ച് കെട്ടിടത്തിലേക്ക് കയറുകയും ജനലും രണ്ട് ഡിസ്പ്ലേ കെയിസുകളും പൊളിച്ച് മൂല്യവത്തായ ആഭരണങ്ങള്‍ കവര്‍ന്ന് മോട്ടോര്‍സൈക്കിളുകളില്‍ രക്ഷപ്പെടുകയാിയരുന്നു.

രക്ഷപ്പെുന്നതിനിടെ ഇവരുടെ പക്കല്‍ നിന്നും വജ്രവും മരതകവും പതിപ്പിച്ച ഒരു കിരീടം നിലത്തേക്ക് പോയെങ്കിലും എട്ട് ആഭരണങ്ങള്‍ കൈവശപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. മുന്നറിയിപ്പ് അലാറങ്ങള്‍ മുഴങ്ങി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമ്പോഴേക്കും കള്ളന്മാര്‍ മറഞ്ഞിരുന്നു.

സിനിമാ സ്റ്റൈലിലുള്ള കവര്‍ച്ച ലോകമാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.