ട്രംപ്-പുടിന്‍ സൗഹൃദം തളര്‍ന്നോ? ഫലമില്ലാത്ത ചര്‍ച്ചകള്‍ക്ക് സമയം പാഴാക്കാനില്ലെന്ന് ട്രംപ്

ട്രംപ്-പുടിന്‍ സൗഹൃദം തളര്‍ന്നോ? ഫലമില്ലാത്ത ചര്‍ച്ചകള്‍ക്ക് സമയം പാഴാക്കാനില്ലെന്ന് ട്രംപ്


വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിനുമായുള്ള ഉച്ചകോടി അടുത്തിടെ നടക്കാനുള്ള സാധ്യത കുറവാണെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.  യുക്രെയ്ന്‍
 യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും റഷ്യയും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് ട്രംപിന്റെ പരാമര്‍ശം.

'ഒരു കരാറിലേക്ക് എത്താനുള്ള ഉറപ്പ് ഉണ്ടെങ്കില്‍ മാത്രമേ പുടിനുമായി കൂടിക്കാഴ്ച നടത്തൂ. അതല്ലെങ്കില്‍ ഞാന്‍ സമയം പാഴാക്കില്ല.' ഏഷ്യയിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ട്രംപ് പറഞ്ഞു. 

പുടിനുമായുള്ള ബന്ധം 'നിരാശാജനകമാണെന്ന് ട്രംപ് പറഞ്ഞു. 'എനിക്ക് പുട്ടിനുമായി  വളരെ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം നിരാശാജനകമാണ്. മിഡില്‍ ഈസ്റ്റ് സമാധാനത്തിന് മുന്‍പേ റഷ്യയുമായി കരാര്‍ നടപ്പാകുമെന്ന് താന്‍ കരുതിയിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ക്രെംലിന്‍ പ്രതിനിധി കിരില്‍ ദിമിത്രോവ് വെള്ളിയാഴ്ചയും ശനിയാഴ്ചയും യുഎസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് അടക്കമുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ ഞായറാഴ്ചയും പ്രതീക്ഷിക്കപ്പെടുന്നു.

 'റഷ്യ, യുഎസ്, യുെ്രെകന്‍ എന്നീ രാജ്യങ്ങള്‍ തമ്മില്‍ നയതന്ത്രപരമായ പരിഹാരത്തിന് അടുത്ത്  എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് ദിമിത്രൊവ് സിഎന്‍എന്നിനോട് പറഞ്ഞു,. യുദ്ധരേഖകളെ അടിസ്ഥാനമാക്കി സമാധാനചര്‍ച്ചകള്‍ നടത്തണമെന്ന പ്രസിഡന്റ് ട്രംപിന്റെ നിര്‍ദ്ദേശം യുെ്രെകന്‍ പ്രസിഡന്റ് സെലന്‍സ്‌കി അംഗീകരിച്ചതും വലിയ മുന്നേറ്റമാണ്' എന്നും ദിമിത്രോവ് പ്രതികരിച്ചു..

റഷ്യയുടെ ഊര്‍ജമേഖലയെ ലക്ഷ്യമിട്ട് യുഎസ് ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങളുടെ പശ്ചാത്തലത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ബുധനാഴ്ച റോസ്‌നെഫ്റ്റ്, ലുക്കോയില്‍ തുടങ്ങിയ എണ്ണമേഖലാ ഭീമന്മാര്‍ക്കെതിരെ വാഷിംഗ്ടണ്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നു.

ഉപരോധങ്ങള്‍ 'ദീര്‍ഘകാലം നിലനില്‍ക്കില്ലെന്നും യുദ്ധം ഉടന്‍ തീരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ഉപരോധങ്ങള്‍ 'ഗൗരവമുള്ളതാണെങ്കിലും അതിന്റെ സ്വാധീനം പരിമിതമാണെന്ന്' പുടിന്‍ പ്രതികരിച്ചു.

'റഷ്യ-യുഎസ് ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള ഉപോരോധ നടപടികള്‍ വിപരീത ഫലങ്ങളുണ്ടാക്കുമെന്ന് പുട്ടിന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ട്രംപുമായുള്ള സംഭാഷണത്തിന് തനിക്കിപ്പോഴും തുറന്ന മനസ്സാണെന്നും 'കൂടിക്കാഴ്ച ഉണ്ടാകും, പക്ഷേ കുറച്ച് സമയമെടുക്കും' എന്നും ക്രെംലിന്‍ പ്രതിനിധി ദിമിത്രോവ് സ്ഥിരീകരിച്ചു.