ന്യൂഡല്‍ഹി: ദീപാവലിക്കുശേഷം ഡല്‍ഹി- എന്‍ സി ആര്‍ മേഖലയിലെ വായു മലിനീകരണം കുത്തനെ ഉയര്‍ന്നതിന് പിന്നാലെ ശ്വാസകോശ സംബന്ധമായ രോഗങ്ങളും ഗര്‍ഭകാല ആരോഗ്യപ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. നിരവധി പേര്‍ ചികിത്സ തേടി ആശുപത്രികളില്‍ എത്തുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
രാത്രിയിലും അര്‍ധരാത്രിയിലും പൊട്ടിച്ച പടക്കങ്ങള്‍ മൂലമുണ്ടായ വായു- ശബ്ദ മലിനീകരണമാണ് നിരവധി പേരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
ശ്വാസകോശരോഗ വിദഗ്ധരും ഗൈനക്കോളജിസ്റ്റുകളും ഒക്ടോബര്‍ 20 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ ഔട്ട്പേഷ്യന്റ് വിഭാഗത്തിലും അടിയന്തര വിഭാഗത്തിലും രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഈ കാലയളവില്‍ നഗരത്തിലെ വായു ഗുണനിലവാരം അംഗീകരിക്കാവുന്ന പരിധി കടന്ന് അപകടനിലയിലേക്കെത്തിയിരുന്നു.
ദീപാവലിക്കുശേഷം ഡല്‍ഹിയുടെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 'വളരെ മോശം' വിഭാഗത്തിലാണെന്നതാണ് സ്ഥിതി. പുക, വിഷവാതകങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കം മൂലം മുതിര്‍ന്നവരും കുട്ടികളും ഗര്‍ഭിണികളും ശ്വാസകോശ- ഹൃദ്രോഗങ്ങളുള്ളവരും കടുത്ത ബുദ്ധിമുട്ട് നേരിടുകയാണ്.
ദീപാവലിക്കുശേഷമുള്ള സ്‌മോഗ് വളരെ അപകടകരമാണെന്നും അതില്‍ വളരെ സാന്ദ്രമായ മലിനകണങ്ങള്‍ അടങ്ങിയിരിക്കുമെന്നും സില്‍വര്‍സ്ട്രീക്ക് സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ശ്വാസകോശരോഗ വിദഗ്ധന്‍ ഡോ. പുല്‍കിത് അഗര്‍വാളെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
ദീപാവലിക്ക് ശേഷം രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ശ്വാസതടസ്സം, ആസ്ത്മാ ആക്രമണം, അലര്‍ജിക് ബ്രോങ്കൈറ്റിസ് തുടങ്ങിയ കേസുകളില്‍ ഏകദേശം 30 ശതമാനം വര്‍ധനയാണ് കണ്ടതെന്നും അദ്ദേഹം വിശദമാക്കി.
തണുപ്പുകാലത്തെ മന്ദമായ കാറ്റും പടക്കങ്ങളില്‍ നിന്നുള്ള പുകയും ചേര്‍ന്ന് മലിനകണങ്ങളെ നിലത്തിന് സമീപം കുടുക്കുമെന്നും രോഗസ്ഥിതിയുള്ളവര്‍ പരമാവധി പുറത്തുപോകുന്നത് ഒഴിവാക്കണമെന്നും ഗുര്‍ഗാവിലെ ഷാല്‍ബി ഇന്റര്‍നാഷണല്‍ ആശുപത്രിയിലെ ശ്വാസകോശരോഗ വിദഗ്ധന്‍ ഡോ. മോഹിത് ഭാരദ്വാജ് പറഞ്ഞു. എന്‍95 മാസ്‌ക് ധരിക്കുകയും ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഇന്‍ഹെയിലര്‍, മരുന്നുകള്‍ എന്നിവ തുടര്‍ച്ചയായി ഉപയോഗിക്കുകയും വേണം.
മലിനീകരണം സ്ത്രീകളിലും ഗര്‍ഭസ്ഥ ശിശുക്കളിലും ദോഷഫലങ്ങളുണ്ടാക്കുന്നതിനെ കുറിച്ച് ഗൈനക്കോളജിസ്റ്റുകളും ആശങ്ക പ്രകടിപ്പിച്ചു.
മലിനകണങ്ങള്‍ ഗര്‍ഭപാത്രത്തിലെ പ്ലാസന്റല്‍ ബാരിയര്‍ കടന്നുകയറി ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെയും മസ്തിഷ്‌ക വികസനത്തെയും ബാധിക്കാമെന്നും ദീപാവലി ആഘോഷങ്ങള്‍ക്കുശേഷം ശ്വാസംമുട്ടല്‍, തലചുറ്റല്‍, രക്തസമ്മര്‍ദ്ദ വര്‍ധന എന്നിവ പരാതിപ്പെടുന്ന ഗര്‍ഭിണികളില്‍ വര്‍ധനയുണ്ടെന്നും ഗുര്‍ഗാവ് സി കെ ബിര്‍ല ആശുപത്രിയിലെ ഒബ്‌സ്‌ട്ടെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി ഡയറക്ടര്‍ റോബോട്ടിക്- ലാപറോസ്‌കോപിക് സര്‍ജന്‍ ഡോ. ആസ്ത ദയാല്‍ വ്യക്തമാക്കി.
ദീപാവലിക്കുശേഷം ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 675 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ഗര്‍ഭകാലത്ത് മലിനവായുവുമായുള്ള നിരന്തര സമ്പര്‍ക്കം മൂലം അകാല പ്രസവവും ഭാരക്കുറവും സംഭവിക്കാനുള്ള അപകടസാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. വീടുകളിലും ഓഫീസുകളിലും വാഹനങ്ങളിലുമെല്ലാം എയര്‍ പ്യൂരിഫയര്‍ ഉപയോഗിക്കാനും ശരീരത്തില്‍ നിന്നുള്ള വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ കൂടുതല്‍ ദ്രവങ്ങള്‍ ഉള്‍പ്പെടുത്താനും അവര്‍ സ്ത്രീകളോട് ആഹ്വാനം ചെയ്തു.
