'ഉത്തര കൊറിയ ഒരു തരത്തില്‍ ആണവ ശക്തിയാണെന്ന് ട്രംപ്; കിം ജോങ് ഉന്നുമായി ചര്‍ച്ചകള്‍ക്ക് സാധ്യത

'ഉത്തര കൊറിയ ഒരു തരത്തില്‍ ആണവ ശക്തിയാണെന്ന് ട്രംപ്;  കിം ജോങ് ഉന്നുമായി ചര്‍ച്ചകള്‍ക്ക് സാധ്യത


സിയോള്‍: ഉത്തരകൊറിയ 'ഒരു തരത്തില്‍ ആണവ ശക്തി' ആണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കായി വെള്ളിയാഴ്ച  അമേരിക്കയില്‍ നിന്നു പുറപ്പെടുന്നതിനു മുന്നോടിയായി എയര്‍ ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് ട്രംപ് പ്രസ്താവന നടത്തിയത്.

വാഷിംഗ്ടണുമായി ചര്‍ച്ചകള്‍ക്ക് മുന്‍കൂര്‍ നിബന്ധനയായി തങ്ങളെ ആണവ രാഷ്ട്രമെന്ന നിലയില്‍ അംഗീകരിക്കണമെന്ന് ഉത്തരകൊറിയ ഉന്നയിച്ച ആവശ്യം സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രസിഡന്റ് ട്രംപ്.

'അതെ, അവര്‍ ഒരു തരത്തില്‍ ആണവ ശക്തിയാണ്. അവര്‍ക്കു ധാരാളം ആണവായുധങ്ങളുണ്ട്-അത് ഞാന്‍ പറയും-ട്രംപ് വ്യക്തമാക്കി.

ട്രംപ് അടുത്താഴ്ച ദക്ഷിണകൊറിയയില്‍ നടക്കുന്ന ഏഷ്യ പസഫിക് ഇക്കണോമിക് കോഓപ്പറേഷന്‍ (APEC) ഉച്ചകോടിയില്‍ പങ്കെടുക്കാനിരിക്കുകയാണ്. ഈ സന്ദര്‍ശനത്തിനിടയില്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ട്രംപ് കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2019ന് ശേഷമുള്ള ആദ്യ ട്രംപ്-കിം കൂടിക്കാഴ്ചയായിരിക്കും ഇത് എന്നാണു സൂചന. ട്രംപ് പലപ്പോഴും കിമ്മിനെ വീണ്ടും കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പുതുക്കിയ നയതന്ത്രബന്ധത്തിനുള്ള സാധ്യതകള്‍ തുറന്നുവച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിനിടെ, ട്രംപിനെക്കുറിച്ച് ചില 'മധുരമായ ഓര്‍മ്മകളുണ്ട്' എന്ന് കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉത്തരകൊറിയ ആണവ നിരായുധീകരണം നടത്തണം എന്ന ഭ്രാന്തമായ ആവശ്യം അമേരിക്ക ഉപേക്ഷിച്ചാല്‍
അവരുമായി സംവാദത്തിന് തയാറാണെന്നും കിം സൂചന നല്‍കി.

'ഇരു നേതാക്കളും കൂടിക്കാഴ്ച നടത്താനുള്ള നല്ല സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയന്‍ ഐക്യവകുപ്പ് മന്ത്രി ചുങ് ഡോങ്‌യോങ് പറഞ്ഞു. എന്നാല്‍, ഈ യാത്രയുടെ ഔദ്യോഗിക പരിപാടിയില്‍ അത്തരം ഒരു കൂടിക്കാഴ്ച ഉള്‍പ്പെട്ടിട്ടില്ല' എന്ന് ഒരു ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

അതേസമയം, ഇരു രാജ്യങ്ങളുടെയും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ലെങ്കിലും, നേതാക്കളുടെ കൂടിക്കാഴ്ചകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന സൂചനകള്‍ ശക്തമാണ്. ദക്ഷിണകൊറിയയും ഐക്യരാഷ്ട്ര സഭയുടെ കമാന്‍ഡും സംയുക്ത സുരക്ഷാ മേഖലയായ ജോയിന്റ് സെക്യൂരിറ്റി ഏരിയ (JSA) യിലെ വിനോദസഞ്ചാര ടൂറുകള്‍ ഒക്ടോബര്‍ അവസാനം മുതല്‍ നവംബര്‍ ആദ്യവാരം വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.