തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി കടത്തിക്കൊണ്ടുപോയി വിറ്റ സ്വര്‍ണം കര്‍ണാടകയിലെ ബെല്ലാരിയിലുള്ള ജൂവലറിയില്‍ കണ്ടെത്തിയതായി പ്രത്യേക അന്വേഷണം സംഘം. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണ വ്യാപരിയായ ഗോവര്‍ധനു കൈമാറിയ സ്വര്‍ണമാണ് കണ്ടെത്തിയത്. ഗോവര്‍ധന്റെ ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത് എന്നാണ് വിവരം.
400 ഗ്രാമിനു മുകളില്‍ തൂക്കം വരുന്ന സ്വര്‍ണക്കട്ടികളാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി 476 ഗ്രാം സ്വര്‍ണം തനിക്കു നല്‍കിയെന്നാണ് ഗോവര്‍ധന്റെ മൊഴി. പോറ്റി നല്‍കിയ സ്വര്‍ണം മുഴുവനായി കണ്ടെത്താനായോ എന്നു വ്യക്തമല്ല.
ശബരിമലയില്‍ നിന്നു കൊള്ളയടിച്ച സ്വര്‍ണം കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ചയാണ് ബെല്ലാരിയില്‍ എത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി കടത്തിയ സ്വര്‍ണം ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരിയായ ഗോവര്‍ധന്റെ കൈയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരുവിലും ബെല്ലാരിയിലുമായി തെളിവെടുപ്പു നടത്തിയിരുന്നു. സ്വര്‍ണം വീണ്ടെടുത്തതോടെ ഗോവര്‍ധനെ കേസില്‍ സാക്ഷിയാക്കാനാണ് എസ്‌ഐടി നീക്കം.
സ്വര്‍ണം വിറ്റെന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയും വാങ്ങിയെന്നു ഗോവര്‍ധനും സമ്മതിച്ചതോടെയാണു ഇതു വീണ്ടെടുക്കാന്‍ വഴിയൊരുങ്ങിയത്. തൊണ്ടി മുതല്‍ കണ്ടെത്തിയതോടെ ഗൂഢാലോചനയ്‌ക്കൊപ്പം പൊതുമുതല്‍ മോഷ്ടിച്ചു വിറ്റുവെന്ന കേസും ചുമത്തും. സ്വര്‍ണം കൊടുത്തുവിട്ടവരും തീരുമാനെടുത്തവരുമെല്ലാം പ്രതികളാകും.
അതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്നു സ്വര്‍ണ നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുളിമാത്ത് വീട്ടില്‍ നിന്നാണ് സ്വര്‍ണ നാണയങ്ങള്‍ കണ്ടെത്തിയത്. രണ്ട് ലക്ഷത്തോളം രൂപയും ഇയാളുടെ വിട്ടില്‍ നിന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തെളിവെടുപ്പ് ഇന്നും തുടരും.
ശബരിമലയില്‍ നിന്നു ഉണ്ണികൃഷ്ണന്‍ പോറ്റി കടത്തിയ സ്വര്‍ണം ബെല്ലാരിയിലെ ജൂവലറിയില്‍ കണ്ടെത്തി
