വിദ്യാര്‍ഥിനി ഇനി സെന്റ് റീത്താസിലേക്കില്ല; സ്‌കൂളിന്റെ കേസ് കോടതി അവസാനിപ്പിച്ചു

വിദ്യാര്‍ഥിനി ഇനി സെന്റ് റീത്താസിലേക്കില്ല; സ്‌കൂളിന്റെ കേസ് കോടതി അവസാനിപ്പിച്ചു


കൊച്ചി: ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് വിവാദത്തിലായ സെന്റ് റീത്താസ് സ്‌കൂളില്‍ ഇനി പഠിക്കുന്നില്ലെന്ന് വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ അറിയിച്ചതോടെ സ്‌കൂളിന്റെ ഹര്‍ജി കേള്‍ക്കുന്നത് ഹൈക്കോടതി അവസാനിപ്പിച്ചു.   

സെന്റ് റീത്താസ് സ്‌കൂളിനെതിരെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ നോട്ടീസിനെതിരെയാണ് ഹര്‍ജി നല്കയത്. പെണ്‍കുട്ടിയുടെ പ്രവേശനം പിന്‍വലിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചതായി കോടതിയെ അറിയിക്കുകയായിരുന്നു.  വിദ്യാര്‍ഥിനിയുടെ അഭിഭാഷകന്റെ വാദം കേട്ട ശേഷം ഈ പ്രശ്നം വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സംസ്ഥാനം അറിയിച്ചതോടെ ഭരണഘടനയുടെ അടിസ്ഥാന തത്വത്തില്‍ 'സാഹോദര്യം' എന്നതിന് മെച്ചപ്പെട്ട അര്‍ഥം നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് അവസാനിപ്പിച്ചത്.

വിദ്യാര്‍ഥിനിയെ ശിരോവസ്ത്രം ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് സ്‌കൂളിനോട് ആവശ്യപ്പെട്ട് ഡി ഡി ഇ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകളുടെ ആഭ്യന്തര ചട്ടങ്ങളില്‍ സംസ്ഥാന വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്ന് വാദിച്ച് സ്‌കൂള്‍ ഹൈക്കോടതിയെ സമീപിച്ചത്.