പൊലീസ് ഉദ്യോഗസ്ഥന്റെ ലൈംഗികപീഡനത്തിനിരയായ വനിതാ ഡോക്ടര്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തു

പൊലീസ് ഉദ്യോഗസ്ഥന്റെ ലൈംഗികപീഡനത്തിനിരയായ വനിതാ ഡോക്ടര്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തു


മുംബൈ: പൊലീസുകാർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് ആരോപിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. കൈപ്പത്തിയില്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ അവര്‍ രണ്ടു പൊലീസുകാർക്കെതിരെ ലൈംഗിക പീഡനത്തിനവും മാനസിക പീഡനവും ആരോപിച്ചിട്ടുണ്ട്.
സബ് ഇന്‍സ്‌പെക്ടര്‍ ഗോപാൽ ബദനെ തന്നെ അഞ്ചുമാസത്തോളം പല തവണ പീഡിപ്പിച്ചതായും മറ്റൊരു ഉദ്യോഗസ്ഥനായ പ്രശാന്ത് ബാങ്കര്‍ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഡോക്ടറുടെ കുറിപ്പിൽ ആരോപിക്കുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ ഗോപാൽ ബദനെയാണ് തന്റെ മരണത്തിനുത്തരവാദിയെന്നും കുറിപ്പിൽ പറയുന്നു. 
കൈയില്‍ എഴുതിയ കുറിപ്പ് ഡോക്ടർ തന്നെയാണോ എഴുതിയതെന്ന്    സ്ഥിരീകരിക്കുന്നതിന് ഫോറന്‍സിക് പരിശോധനകള്‍ ആരംഭിച്ചതായി അധികാരികള്‍ അറിയിച്ചു. 
ബീഡ് ജില്ല സ്വദേശിനിയായ ഡോക്ടര്‍ ഫാള്‍ട്ടന്‍ താലൂക്കിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. വ്യാഴാഴ്ച രാത്രി ഫാള്‍ട്ടനിലെ ഒരു ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഡോക്ടറെ കണ്ടെത്തിയത്. 
ഡോക്ടറുടെ മരണം സംബന്ധിച്ച് പൂര്‍ണമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. മേലധികാരികളോട് ഡോക്ടർ പരാതിപ്പെട്ടതായും പീഡനം തുടർന്നാല്‍ ജീവൻ അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും സഹപ്രവര്‍ത്തകര്‍ പറയുന്നു.  എന്നാല്‍ നടപടികള്‍ ഉണ്ടായില്ലെന്നും സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവീസിൻ്റെ നിർദ്ദേശ പ്രകാരം  പ്രതിയെന്ന് സംശയിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.