യു എന്നിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് ഇന്ത്യ

യു എന്നിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് ഇന്ത്യ


ന്യൂഡല്‍ഹി: യുണൈറ്റഡ് നേഷന്‍സിന്റെ തീരുമാനങ്ങളില്‍ ധ്രുവീകരണവും പ്രവര്‍ത്തനങ്ങളിലെ നിലച്ച അവസ്ഥയും നേരിടുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ആരോപിച്ചു. പരിഷ്‌ക്കരണ പ്രക്രിയയുടെ പേരില്‍ അര്‍ഥവത്തായ പരിഷ്‌കരണങ്ങള്‍ തന്നെ തടയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. യു എന്‍ രൂപീകരണത്തിന്റെ 80-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഓര്‍മ്മ തപാല്‍ സ്റ്റാമ്പ് പ്രകാശനം ചെയ്യുന്നതിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളെന്ന് അവകാശപ്പെട്ട 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' (ടി ആര്‍ എഫ്) എന്ന ഭീകരസംഘടനയെ യു എന്‍ സുരക്ഷാ സമിതിയില്‍ പാക്കിസ്ഥാന്‍ സംരക്ഷിച്ചതിനെതിരെ ജയ്ശങ്കര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. യു എന്‍ ആസ്ഥാപനത്തിന്റെ പ്രവര്‍ത്തനം അടിയന്തര പരിഷ്‌കരണങ്ങള്‍ ഇല്ലാത്തതിനാല്‍ 'തടസ്സപ്പെട്ട നിലയില്‍' ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുണൈറ്റഡ് നേഷന്‍സില്‍ എല്ലാം ശരിയായ നിലയില്‍ അല്ലെന്ന് നമുക്ക് അംഗീകരിക്കേണ്ടതുണ്ട്. അതിന്റെ തീരുമാനമെടുക്കല്‍ അംഗത്വത്തിന്റെ യാഥാര്‍ഥ്യത്തെയും ആഗോള മുന്‍ഗണനകളെയും പ്രതിഫലിപ്പിക്കുന്നില്ല. ചര്‍ച്ചകള്‍ കൂടുതല്‍ ധ്രുവീകരിക്കപ്പെടുകയും പ്രവര്‍ത്തനങ്ങള്‍ വ്യക്തമായി മുടങ്ങുകയും ചെയ്തിരിക്കുന്നുവെന്നും ജയ്ശങ്കര്‍ പറഞ്ഞു.

എന്നാല്‍ ജയ്ശങ്കര്‍ പാക്കിസ്ഥാനെ നേരിട്ട് പരാമര്‍ശിച്ചില്ല. 

ആഗോള തന്ത്രത്തിന്റെ പേരില്‍ ഭീകരാക്രമണങ്ങളുടെ ഇരകളെയും അക്രമികളെയും തുല്യരാക്കുന്ന സമീപനം എത്രത്തോളം നിരാശാജനകമാണെന്ന് ആലോചിക്കേണ്ടതുണ്ട്. സ്വയം പ്രഖ്യാപിത ഭീകരരെ ശിക്ഷാ നടപടികളില്‍ നിന്നും സംരക്ഷിക്കുമ്പോള്‍ അതിലെ പങ്കാളികളെ കുറിച്ച് ലോകം എന്ത് കരുതുമെന്നും ജയ്ശങ്കര്‍ ചോദിച്ചു. 

പാക്കിസ്ഥാന്‍ ഇപ്പോള്‍ യു എന്‍ സുരക്ഷാ സമിതിയിലെ താത്ക്കാലിക അംഗമാണ്. കൂടാതെ ജൂലൈയില്‍ പ്രസ്തുത സമിതിയുടെ അധ്യക്ഷസ്ഥാനം വഹിച്ചിരുന്നു. യു എന്‍ സുരക്ഷാ സമിതിയില്‍ ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, അമേരിക്ക എന്നീ അഞ്ച് സ്ഥിരാംഗരാജ്യങ്ങളോടൊപ്പം രണ്ടുവര്‍ഷ കാലാവധിയുള്ള പത്ത് താത്ക്കാലിക അംഗങ്ങളുമുണ്ട്.

ലഷ്‌കര്‍-എ-തൊയ്ബയുമായി ബന്ധമുള്ള ടി ആര്‍ എഫ് പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളെന്ന് അവകാശപ്പെട്ടിരുന്നു. ടി ആര്‍ എഫിനെനെക്കുറിച്ചുള്ള പരാമര്‍ശം യു എന്‍ സുരക്ഷാ സമിതിയുടെ ജൂലൈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും പഹല്‍ഗാം ആക്രമണത്തെ അപലപിക്കുന്ന പ്രസ്താവനയില്‍നിന്ന് ടി ആര്‍ എഫിനെക്കുറിച്ചുള്ള പരാമര്‍ശം നീക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ആഗോള പ്രശ്‌നങ്ങള്‍ ഫലപ്രദമായി പരിഹരിക്കുന്നതില്‍ യു എന്‍ പരാജയപ്പെട്ടതായി ജയ്ശങ്കര്‍ നിരീക്ഷിച്ചു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുക എന്നത് വെറും വാചകമായി മാറിയിരിക്കുകയാണെന്നും വികസനവും സാമൂഹ്യ- സാമ്പത്തിക പുരോഗതിയും അതിനേക്കാള്‍ ഗുരുതരമായ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.

എങ്കിലും പ്രതീക്ഷ ഉപേക്ഷിക്കരുതെന്ന് ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. സാഹചര്യം എത്ര പ്രയാസകരമായാലും ബഹുസ്വരതയോടുള്ള പ്രതിബദ്ധത ഉറച്ചതായിരിക്കണമെന്നും യു എന്‍ എത്രതാനും അപൂര്‍ണമായാലും ഈ പ്രതിസന്ധി ഘട്ടത്തില്‍ അതിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.