ഡല്‍ഹിയില്‍ ആത്മഹത്യാ ആക്രമണങ്ങള്‍ക്ക് പരിശീലനം നടത്തിയ രണ്ടുപേര്‍ പിടിയില്‍

ഡല്‍ഹിയില്‍ ആത്മഹത്യാ ആക്രമണങ്ങള്‍ക്ക് പരിശീലനം നടത്തിയ രണ്ടുപേര്‍ പിടിയില്‍


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഐഎസ് സെല്ലിനെ ഡല്‍ഹി പൊലീസ് തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍. അത്മഹത്യാ ആക്രമണങ്ങള്‍ക്ക് പരിശീലനം നടത്തിയ രണ്ട് ഭീകരരെയാണ് പൊലീസ് പിടികൂടിയത്. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ വെള്ളിയാഴ്ച അറസ്റ്റിലായവരില്‍ ഒരാള്‍ അദ്‌നാന്‍ ആണെന്ന് തിരിച്ചറിഞ്ഞു. ഇരുവരും ഭോപ്പാലില്‍ നിന്നുള്ളവരാണെന്നും രണ്ട് സ്ഥലങ്ങളില്‍ പ്രത്യേക ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ സംയുക്ത ഓപ്പറേഷന്‍ നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐയെ റിപ്പോര്‍ട്ട് ചെയ്തു. 

ആദ്യഘട്ട അന്വേഷണത്തില്‍ പ്രതികള്‍ ഐഎസുമായി ബന്ധപ്പെട്ടവരാണെന്നും ഡല്‍ഹിയില്‍ വലിയൊരു ഭീകരാക്രമണം ആസൂത്രണം ചെയ്യുകയായിരുന്നെന്നും കണ്ടെത്തിയതായും പ്രതികളില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും കുറ്റസമ്മത രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ആയുധങ്ങളും വെടിയുണ്ടകളും ഉള്‍പ്പെടെ വന്‍തോതിലുള്ള ആയുധശേഖരവും ഓപ്പറേഷനില്‍ നിന്നും കണ്ടെത്തിയതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം അഡീഷണല്‍ കമ്മീഷണര്‍ പ്രമോദ് കുശ്വാഹയും എ സി പി ലലിത് മോഹന്‍ നേഗിയും ചേര്‍ന്നാണ് ഓപ്പറേഷന്‍ നയിച്ചത്. സമയബന്ധിതമായി നടത്തിയ അറസ്റ്റുകളാണ് ഡല്‍ഹിയില്‍ ഭീകരാക്രമണം തടഞ്ഞതെന്നാണ് പൊലീസ് വിലയിരുത്തല്‍.

പൊലീസ് ഉറവിടങ്ങള്‍ പറയുന്നതനുസരിച്ച് പിടികൂടിയ സെല്‍ ഐ എസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നും ഐ എസ് ഐയുമായി ബന്ധമുള്ളതായും സംശയിക്കുന്നു. ഐ എസിന്റെ പേരില്‍ പാകിസ്ഥാന്‍ ഇത്തരം ഭീകരശൃംഖലകളെ ധനസഹായം ചെയ്ത് നിയന്ത്രിക്കുന്നതായും അധികൃതര്‍ പറയുന്നു.