ഗാസ: ഗാസയിലെ യുദ്ധാനന്തര ഭരണചുമതല സ്വതന്ത്ര ടെക്‌നോക്രാറ്റ് സമിതിക്ക് കൈമാറാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഹമാസും പ്രധാന പാലസ്തീന്‍ ഘടകങ്ങളും പ്രഖ്യാപിച്ചു. ഇതോടെ ഗാസയിലെ ഭരണത്തില്‍ വിദേശ ഇടപെടലിന് എതിരായി ഹമാസ് തുടക്കം മുതല്‍ പ്രകടിപ്പിച്ച നിലപാടില്‍ ഭാഗികമായ മാറ്റമാണ് പ്രകടമാകുന്നത്.
കെയ്‌റോയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. 'സ്വതന്ത്ര ടെക്‌നോക്രാറ്റുകളടങ്ങിയ താത്ക്കാലിക പാലസ്തീന്‍ സമിതിയ്ക്ക് ഗാസാ മേഖലയിലെ ഭരണചുമതല കൈമാറുകയും അറബ് രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും സഹകരണത്തോടെ ജനജീവിതവുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങളും അടിസ്ഥാന സേവനങ്ങളും മേല്‍നോട്ടം വഹിക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 20-പോയിന്റ് സമാധാന പദ്ധതിപ്രകാരം, ഇസ്രയേല്‍ സൈന്യം പിന്മാറുമ്പോള്‍ അറബ്- മുസ്ലിം കൂട്ടാളികള്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര സുരക്ഷാസേന ഗാസയെ സ്ഥിരതയിലേക്ക് നയിക്കുമെന്നും ഹമാസില്‍ നിന്ന് പ്രദേശത്തിന്റെ ഭരണചുമതല ഇടക്കാല ഭരണകൂടം ഏറ്റെടുക്കുമെന്നും പറയുന്നു.
ഇപ്പോള്‍ ഏകദേശം 200 അമേരിക്കന്‍ സൈനികര്‍ ഇസ്രയേല്‍ സേനയുടെയും മറ്റു രാജ്യങ്ങളിലെ പ്രതിനിധികളുടെയും കൂട്ടത്തില്‍ ഗാസയിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍ വെടി നിര്‍ത്തലിന് ശേഷവും ഗാസയിലേക്ക് സഹായ വിതരണം കാര്യമായി മെച്ചപ്പെട്ടിട്ടില്ലെന്നും പട്ടിണിയില്‍ കുറവുണ്ടായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പ്രസ്താവിച്ചു.
