എഫ് എ ടി എഫ് ഗ്രേ ലിസ്റ്റില്‍ നിന്ന് പുറത്തായാലും ഭീകര ധനസഹായ ആശങ്ക പൂര്‍ണമായി ഇല്ലാതാകില്ലെന്ന് എഫ് എ ടി എഫ്

എഫ് എ ടി എഫ് ഗ്രേ ലിസ്റ്റില്‍ നിന്ന് പുറത്തായാലും ഭീകര ധനസഹായ ആശങ്ക പൂര്‍ണമായി ഇല്ലാതാകില്ലെന്ന് എഫ് എ ടി എഫ്


പാരിസ്: ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ് എ ടി എഫ്) ഗ്രേ ലിസ്റ്റില്‍ നിന്ന് പാകിസ്ഥാന്‍ പുറത്തായെങ്കിലും ഭീകര ധനസഹായമോ കള്ളപ്പണം വെളുപ്പിക്കലോ സംബന്ധിച്ച ആശങ്കകള്‍ പൂര്‍ണ്ണമായി ഇല്ലാതാകില്ലെന്ന് എഫ് എ ടി എഫ് മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാനെ പോലുള്ള രാജ്യങ്ങള്‍ ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവായാലും  'ഫോളോ-അപ്പ്' പ്രക്രിയയില്‍ തുടരുമെന്നും അന്താരാഷ്ട്ര ഭീകരധനസഹായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും എഫ് എ ടി എഫ് പ്രസിഡന്റ് എലിസ ഡെ ആണ്ട മദ്രാസോ വ്യക്തമാക്കി. 

പാകിസ്ഥാന്‍ ആസ്ഥാനമായ ജൈഷ്-എ-മുഹമ്മദ് ഭീകരസംഘടന ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിച്ച് പുതിയ പരിശീലന ക്യാമ്പുകള്‍ക്ക് വന്‍തുക സമാഹരിക്കുന്നതായി ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രസ്താവന.

2022 ഒക്ടോബറില്‍ എഫ് എ ടി എഫ് ഗ്രേ ലിസ്റ്റില്‍ നിന്ന് പാകിസ്ഥാന്‍ നീക്കം ചെയ്യപ്പെട്ടത് നാലുവര്‍ഷത്തെ കഠിന നിരീക്ഷണകാലാവധിക്ക് അന്ത്യം കുറിച്ചിരുന്നു. 2008 മുതല്‍ മൂന്നാം തവണയാണ് പാകിസ്ഥാന്‍ ഈ പട്ടികയില്‍ നിന്ന് ഒഴിവാകുന്നത്. 34-പോയിന്റ് ആക്ഷന്‍ പ്ലാന്‍ പൂര്‍ണ്ണമാക്കി നിയമപരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും ധനപരിപാലന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ഭീകരര്‍ക്ക് ധന സഹായം നല്‍കു്‌നവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തതോടെയാണ് പാകിസ്ഥാന്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. ഇതോടെ പാകിസ്ഥാന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയ ആശ്വാസം ലഭിച്ചിരുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റുകളിലേക്കുള്ള പ്രവേശനവും ഐ എം എഫ് സഹായങ്ങളും ഇതോടെ എളുപ്പമായി.

എന്നാല്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് വിലയിരുത്തലുകള്‍ പ്രകാരം ജൈഷ്-എ-മുഹമ്മദ് പാകിസ്ഥാനിലെ ഈസിപൈസ, സദാപേ പോലുള്ള ഡിജിറ്റല്‍ പെയ്‌മെന്റ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് 3.91 ബില്യണ്‍ പാകിസ്ഥാന്‍ രൂപ (ഏകദേശം 14 ദശലക്ഷം അമേരിക്കന്‍ ഡോളര്‍) സമാഹരിച്ചിട്ടുണ്ട്.  രാജ്യത്ത് 313 പുതിയ ഭീകര പരിശീലനക്യാമ്പുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ഇത് ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയാണ് ഉണ്ടായത്.  അന്ന് ജൈഷ്-എ-മുഹമ്മദിന്റെ അഞ്ച് ക്യാമ്പുകള്‍ തകര്‍ത്തിരുന്നു. അതിന് പിന്നാലെ സംഘടന സാമൂഹ്യമാധ്യമങ്ങളിലൂടെ ധനശേഖരണ പ്രചാരണങ്ങള്‍ ആരംഭിക്കുകയും ക്യാമ്പുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ അനുയായികളോട് സംഭാവന ആവശ്യപ്പെടുകയും ചെയ്തു. 

പാകിസ്ഥാന്‍ എഫ് എ ടി എഫ് അംഗരാജ്യം അല്ലെങ്കിലും ഏഷ്യ/ പസഫിക് ഗ്രൂപ്പ് ഓണ്‍ മണി ലോണ്ടറിംഗ് (എ പി ജി) അംഗമാണ്. 1997-ല്‍ രൂപംകൊണ്ട ഈ പ്രാദേശിക സംഘടന എഫ് എ ടി എഫിന്റെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ നടപ്പാക്കുകയും മണി ലോണ്ടറിംഗ്, ഭീകര ധനസഹായം, ആണവപ്രസരണ ധനസഹായം തുടങ്ങിയവയ്ക്കെതിരെ അംഗരാജ്യങ്ങള്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.