ന്യൂഡല്‍ഹി: ഇന്ത്യ വ്യാപാര കരാറുകളില്‍ ഒപ്പിടാന്‍ തിടുക്കപ്പെടില്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക താത്പര്യം ചെറിയകാലത്തേക്കുള്ള നേട്ടങ്ങളില്‍ അല്ല, ദീര്‍ഘകാല ആനുകൂല്യങ്ങളിലാണ് കേന്ദ്രീകരിക്കുന്നതെന്നും കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. ജര്‍മനിയിലെ ബെര്‍ലിനില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീരുവകള്‍ കുറയ്ക്കലും വിപണി പ്രവേശനം പോലുള്ള വിഷയങ്ങളും മാത്രമല്ല വ്യാപാര കരാറുകളെന്നും മറിച്ച് പരസ്പര വിശ്വാസവും ദീര്‍ഘകാല ബിസിനസ് സഹകരണത്തിനുള്ള അടിത്തറയും വളര്‍ത്തുന്നതിനുള്ളവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ വ്യാപാര കരാറുകള്‍ ദീര്‍ഘകാല വീക്ഷണകോണിലാണ് ആസൂത്രണം ചെയ്യേണ്ടതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അടുത്ത ആറുമാസത്തിനുള്ളില്‍ എന്ത് സംഭവിക്കും എന്നതോ അമേരിക്കയിലേക്ക് സ്റ്റീല്‍ വില്‍ക്കാനുള്ള താത്ക്കാലിക നേട്ടം നേടുകയോ അല്ല ലക്ഷ്യമെന്നും ഗോയല്‍ വ്യക്തമാക്കി. താത്ക്കാലിക ലക്ഷ്യങ്ങള്‍ക്കുപകരം സ്ഥിരതയാര്‍ന്ന വ്യാപാര സംവിധാനങ്ങള്‍ രൂപപ്പെടുത്തുക എന്നതാണ് ഇന്ത്യയുടെ സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുമായി നടക്കുന്ന വ്യാപാര ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് ഗോയലിന്റെ പരാമര്‍ശം. ഇന്ത്യയും അമേരിക്കയും നീതിപൂര്‍വവും സന്തുലിതവുമായ വ്യാപാര കരാറിലേക്ക് നീങ്ങുകയാണെന്നും ചര്‍ച്ചകളില്‍ പുരോഗതി കൈവരിക്കാന്‍ ഇന്ത്യന്‍ വാണിജ്യ സെക്രട്ടറിയുടെ യു എസ് സന്ദര്‍ശനം സഹായിച്ചുവെന്നും അദ്ദേഹം അറിയിച്ചു. 2030ഓടെ ഇന്ത്യ- അമേരിക്ക വ്യാപാര മൂല്യം 500 ബില്യണ്‍ ഡോളറായി ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യം. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ നിലവില്‍ 50 ശതമാനം തീരുവയുള്ളതായതിനാല്‍ അത് കുറയ്ക്കാനുള്ള ശ്രമങ്ങളും ചര്‍ച്ചയുടെ ഭാഗമാണെന്നും ഗോയല്‍ പറഞ്ഞു.
ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ ഫ്രീ ട്രേഡ് കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും ഇന്ത്യ- ജര്‍മനി ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളില്‍ സഹകരണം വിപുലീകരിക്കുന്നതിനും ചര്‍ച്ചകള്‍ നടന്നുവെന്നും ഗോയല്‍ വ്യക്തമാക്കി.
യു എസ് നിയുക്ത അംബാസഡര്‍ സെര്‍ജിയോ ഗോര്‍ ഇന്ത്യന്‍ വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാളുമായി ഒക്ടോബര്‍ 13ന് ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ബന്ധം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. അമേരിക്കന്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതും ചര്‍ച്ചയുടെ ഭാഗമായിരുന്നു.
