വെനസ്വേലയ്ക്ക് മേല്‍ സമ്മര്‍ദ്ദം കൂട്ടാന്‍ ലക്ഷ്യമിട്ട് യുഎസ് യുദ്ധക്കപ്പല്‍ കരീബിയന്‍ കടലിലേക്ക് ;അമേരിക്ക പുതിയ യുദ്ധത്തിനൊരുങ്ങുകയാണെന്ന് മഡുറോ

വെനസ്വേലയ്ക്ക് മേല്‍ സമ്മര്‍ദ്ദം കൂട്ടാന്‍ ലക്ഷ്യമിട്ട് യുഎസ് യുദ്ധക്കപ്പല്‍ കരീബിയന്‍ കടലിലേക്ക്  ;അമേരിക്ക പുതിയ യുദ്ധത്തിനൊരുങ്ങുകയാണെന്ന് മഡുറോ


വാഷിംഗ്ടണ്‍ ഡിസി : ലഹരിക്കടത്ത് തടയുന്ന നടപടികളുടെ ഭാഗമായി അമേരിക്കയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് കരീബിയന്‍ കടലിലേക്ക് നീങ്ങും. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇതിനുള്ള ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മെഡിറ്ററേനിയന്‍ കടലിലാണ് കപ്പലുള്ളത്. താമസിയാതെ കപ്പല്‍ ലാറ്റിന്‍ അമേരിക്കന്‍ തീരത്തേക്ക് നീങ്ങും. ഈ വിന്യാസത്തോടെ കരീബിയന്‍ മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം വര്‍ദ്ധിക്കുകയാണ്. 
  
ലഹരിവസ്തുക്കള്‍ ഒളിച്ചുകടത്തുന്ന കപ്പലുകളെയും ബോട്ടുകളെയും നേരിടുന്നതിനപ്പുറം അതിനുകാരണക്കാരായ വെനസ്വേലയുമായി യുഎസ് പ്രസിഡന്റ് ട്രംപ് സൃഷ്ടിച്ച സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലാണ് യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് കരീബിയന്‍ കടലിലേക്ക് നീങ്ങുന്നത്. ഇത് വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ഭരണകൂടത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്ന് ട്രംപ് കരുതുന്നു.  കരീബിയനിലെ ലഹരിക്കടത്ത് സംഘങ്ങള്‍ പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലെ ഐസിസ് (ഭീകര സംഘടന) ആണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രസ്താവിച്ചിരുന്നു.  ലഹരിക്കടത്തുകാരുടെ താവളമാണ് വെനസ്വേല എന്നാണ് യുഎസിന്റെ ആരോപണം..

90 യുദ്ധ വിമാനങ്ങള്‍ വരെ വഹിക്കാന്‍ ശേഷിയുള്ളതാണ് യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് വിമാനവാഹിനിക്കപ്പല്‍ . ഇത് ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലാണ്. ഈ കപ്പല്‍ മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് ലാറ്റിന്‍ അമേരിക്കന്‍ തീരത്തേക്ക് മാറ്റാന്‍ വെള്ളിയാഴ്ചയാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഉത്തരവിട്ടത്. ഈ നീക്കം മേഖലയിലെ ലഹരിക്കടത്ത് തടയുന്നതിനായി യുഎസ് നടത്തിവരുന്ന മുന്നേറ്റം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ്. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി കരീബിയന്‍ മേഖലയില്‍ അമേരിക്ക അവരുടെ  സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിച്ചുവരികയാണ്. എട്ട് യുദ്ധക്കപ്പലുകള്‍, ഒരു ആണവ അന്തര്‍വാഹിനി, എഫ്35 വിമാനങ്ങള്‍ എന്നിവ മേഖലയില്‍ വിന്യസിക്കപ്പെട്ടു. ലഹരിക്കടത്തുകാരുടേതെന്ന് പറയപ്പെടുന്ന ബോട്ടുകള്‍ക്ക് നേരെ യുഎസ് വ്യോമാക്രമണങ്ങള്‍ നടത്തുന്നുണ്ട്. വെള്ളിയാഴ്ച നടന്ന അത്തരം ഒരു ആക്രമണത്തില്‍ 'ആറ് നാര്‍ക്കോഭീകരര്‍' കൊല്ലപ്പെട്ടതായി ഹെഗ്‌സെത്ത് അവകാശപ്പെട്ടിരുന്നു.

ട്രെന്‍ ഡി അര്‍ഗ്വാ എന്ന ക്രിമിനല്‍ സംഘടനയുടെ ബോട്ടുകള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്ന് യുഎസ് പറയുന്നു. ഈ ആക്രമണത്തിന്റെ വീഡിയോ ഹെഗ്‌സെത്ത് എക്‌സില്‍ പങ്കുവെച്ചിരുന്നു. ഇതോടെ കരീബിയന്‍ കടലില്‍ യുഎസ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം കുറഞ്ഞത് 43 ആയി. ഈ ആക്രമണങ്ങള്‍ ലഹരിക്കടത്ത് തടയുക എന്നതിലുപരി വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ഭരണകൂടത്തിന് മേല്‍ സൈനിക സമ്മര്‍ദ്ദം ചെലുത്താനാണെന്ന് നിരീക്ഷകര്‍ പറയുന്നു. മഡൂറോ ട്രംപിന്റെ ദീര്‍ഘകാല ശത്രുവാണ്. മഡൂറോയെ ഒരു ലഹരിക്കടത്ത് സംഘത്തിന്റെ തലവനായി പോലും ട്രംപ് ചിത്രീകരിച്ചിട്ടുണ്ട്.

അതേസമയം അമേരിക്കന്‍ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് വെനസ്വേല പ്രസിഡന്റ് മഡുറോ രംഗത്തെത്തി. അമേരിക്ക മന:പൂര്‍വ്വം 'യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് മഡുറോ ആരോപിച്ചു.
'അവര്‍ അവസാനിക്കാത്ത ഒരു പുതിയ യുദ്ധം കെട്ടിപ്പടുക്കുകയാണെന്ന് മഡൂറോ വെനസ്വേലയിലെ മാധ്യമങ്ങളോട് പറഞ്ഞു. 'ഇനി ഒരിക്കലും യുദ്ധത്തില്‍ ഏര്‍പ്പെടില്ല എന്നായിരുന്നു അവര്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ തന്നെയാണ് പുതിയ യുദ്ധം സൃഷ്ടിക്കുന്നതെന്നും മഡുറോ പറഞ്ഞു.