റഷ്യ-യുഎസ്-യുക്രെയ്ന്‍ ചര്‍ച്ചകള്‍ 'തീരുമാനത്തിനടുത്ത്'; ഉടന്‍ നയതന്ത്ര പരിഹാരം ഉണ്ടാകാമെന്ന് പുടിന്റെ പ്രതിനിധി

റഷ്യ-യുഎസ്-യുക്രെയ്ന്‍ ചര്‍ച്ചകള്‍ 'തീരുമാനത്തിനടുത്ത്'; ഉടന്‍ നയതന്ത്ര പരിഹാരം ഉണ്ടാകാമെന്ന് പുടിന്റെ പ്രതിനിധി


മോസ്‌കോ :  റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് അന്ത്യംകുറിക്കുന്ന നയതന്ത്ര പരിഹാരത്തിന് ഇരു രാജ്യങ്ങളും അമേരിക്കയുമായി ചേര്‍ന്നുള്ള ചര്‍ച്ചകള്‍ എത്തിയിരിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ പ്രത്യേക ദൂതന്‍ കിരില്‍ ദിമിത്രിയേവ് വ്യക്തമാക്കി.

അമേരിക്ക റഷ്യന്‍ എണ്ണമേഖലയെ ലക്ഷ്യമാക്കി പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ദിമിത്രിയേവിന്റെ പ്രസ്താവന.

'റഷ്യ-യുഎസ് സംഭാഷണം തുടരുകയാണെന്നും മാറ്റിവെച്ചതല്ലാതെ ചര്‍ച്ചകള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും സിഎന്‍എന്‍-ന് നല്‍കിയ അഭിമുഖത്തില്‍ ദിമിത്രിയേവ് പറഞ്ഞു:

'റഷ്യയും അമേരിക്കയും യുക്രെയ്‌നും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ സജീവമാണ്. ഞങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ ഒരുപരിധിവരെ അടുത്തെത്തിയിട്ടുണ്ട്. യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുടെ പുതിയ നിലപാട് - അതിര്‍ത്തിരേഖകളെ അടിസ്ഥാനമാക്കിയുള്ള സമവായം - വലിയ മുന്നേറ്റമാണ്. മുന്‍പ് അദ്ദേഹം റഷ്യ പൂര്‍ണ്ണമായും പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ സമീപനം യാഥാര്‍ത്ഥ്യബോധമുള്ളതാണ്.'

'റഷ്യ-യുഎസ് സംഭാഷണം തുടരും; പക്ഷേ അത് റഷ്യയുടെ താല്‍പ്പര്യങ്ങള്‍ ബഹുമാനിക്കപ്പെടുന്ന സാഹചര്യത്തിലേ സാധ്യമാവൂ,' എന്നാണ് ദിമിത്രിയേവ് ചൂണ്ടിക്കാട്ടിയത്.

റഷ്യന്‍ പ്രസിഡന്റ് പുടിനും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ആസൂത്രണം ചെയ്തിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതല്ല, മറിച്ച് പിന്നീട് നടത്താനാണ് സാധ്യതയെന്ന് ദിമിത്രിയേവ് വ്യക്തമാക്കി.

ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ഇരുരാജ്യ നേതാക്കള്‍ യുദ്ധവിരാമത്തിന്റെയും സമാധാനരൂപരേഖയുടെയും കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്ന് മുന്‍പ് ട്രംപ് പ്രസ്താവിച്ചിരുന്നു. എന്നാല്‍, റഷ്യ ഉടനടി യുദ്ധവിരാമത്തിന് സമ്മതിച്ചില്ലെന്ന കാരണത്താല്‍ യോഗം താല്‍ക്കാലികമായി 'സ്റ്റാന്‍ഡ്‌ബൈ' ആക്കിയതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

'ഉപരോധങ്ങള്‍ അമേരിക്കയ്ക്കുതന്നെ തിരിച്ചടിയാകും'

റഷ്യന്‍ എണ്ണമേഖലയിലെ രണ്ടു പ്രമുഖ കമ്പനികള്‍ക്കെതിരായ പുതിയ യുഎസ് സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ദിമിത്രിയേവ് അമേരിക്കയിലെത്തി.
'ഈ ഉപരോധങ്ങള്‍ റഷ്യയെ കാര്യമായി ബാധിക്കില്ലെന്ന് ഫോക്‌സ് ന്യൂസിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. എണ്ണവില ഉയരും; റഷ്യ കുറച്ച് ബാരല്‍ മാത്രം വില്‍ക്കും, പക്ഷേ കൂടുതല്‍ വിലയ്ക്ക്. അതിനാല്‍ നഷ്ടമൊന്നുമുണ്ടാകില്ല. മറിച്ച് അമേരിക്കന്‍ പെട്രോള്‍ പമ്പുകളിലെ വിലകള്‍ ഉയരാനേ  ഇടയാകൂ'

'അമേരിക്കയുടെ ഈ സാമ്പത്തിക നീക്കങ്ങള്‍ സ്വന്തം ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകും,' എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ദിമിത്രിയേവ് ശനിയാഴ്ച മയാമിയില്‍ ട്രംപിന്റെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്‌കോഫുമായി കൂടിക്കാഴ്ച നടത്തുമെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ വാഷിംഗ്ടണിലും ചില രഹസ്യ യോഗങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

'ചര്‍ച്ചകള്‍ മുഖ്യമായും സാമ്പത്തിക സഹകരണവും നിക്ഷേപ സാധ്യതകളും സംബന്ധിച്ചായിരിക്കും,' എന്നാണ് ദിമിത്രിയേവ് വ്യക്തമാക്കിയത്.

ഇതിനിടെ, റഷ്യയുമായുള്ള ചര്‍ച്ചകള്‍ക്കോ ഒത്തുതീര്‍പ്പിനോ യുക്രെയ്ന്‍ സര്‍ക്കാര്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.
'റഷ്യന്‍ അധിനിവേശത്തെ അംഗീകരിക്കുന്ന തരത്തിലുള്ള യാതൊരു കരാറും യുക്രെയ്ന്‍ ഒപ്പിടില്ല എന്നാണ് പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി ആവര്‍ത്തിച്ചു പറഞ്ഞത്.