തിരുവനന്തപുരം: പിഎം ശ്രീ  പദ്ധതിയുടെ ധാരണാപത്രത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിനെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി പാര്‍ട്ടി ആസ്ഥാനമായ എംഎന്‍ സ്മാരകത്തിലെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.
    ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും മന്ത്രി പറഞ്ഞു. പി.എം ശ്രീപദ്ധതിയുമായി മുന്നോട്ട് പോകുമോയെന്ന് ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മന്ത്രി മറുപടി മൗനത്തിലൊതുക്കി. ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയില്‍ സിപിഐയുടെ മന്ത്രി ജിആര്‍ അനിലും ഒപ്പമുണ്ടായിരുന്നു.
   ധാരണാപത്രം ഒപ്പിടാനുള്ള സാഹചര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ മന്ത്രി ബിനോയ് വിശ്വത്തിനോട് വിശദീകരിച്ചതായാണ് വിവരം. ധാരണാപത്രത്തില്‍ ഒപ്പിട്ട കാര്യം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് സിപിഐ മന്ത്രിമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒക്ടോബര്‍ 16നാണ് ധാരണാപത്രം തയാറാക്കിയത്. കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ പദ്ധതിയെ സിപിഐ എതിര്‍ത്തെങ്കിലും ധാരണാപത്രം തയാറാക്കിയ വിവരം വിദ്യാഭ്യാസമന്ത്രി അവരെ അറിയിച്ചില്ല. കൂട്ടുത്തരവാദിത്തം നഷ്ടമായെന്നും, എന്തു സര്‍ക്കാരാണിതെന്നും സിപിഐ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതോടെയാണ് വിദ്യാഭ്യാസമന്ത്രി എംഎന്‍സ്മാരകത്തില്‍ എത്തിയത്. സൗഹൃദ സംഭാഷണത്തിന് എത്തിയതാണെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാന്‍ ശിവന്‍കുട്ടിയെത്തി; ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തി
 
                                
                        
