പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വായിൽ പെൺകുട്ടികളുടെ സ്‌കൂൾ ബോംബ് വെച്ചു തകർത്തു

പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വായിൽ പെൺകുട്ടികളുടെ സ്‌കൂൾ ബോംബ് വെച്ചു തകർത്തു


ഇസ്ലാമാബാദ് : പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യയിലെ ടാങ്ക് ജില്ലയിൽ നിർമ്മാണത്തിലിരുന്ന, പെൺകുട്ടികളുടെ പ്രൈമറി സ്‌കൂൾ വെള്ളിയാഴ്ച പുലർച്ചെ അജ്ഞാതർ സ്‌ഫോടനത്തിൽ തകർത്തു. ഗാര ബുധാ ഗ്രാമത്തിൽ, ദേര ഇസ്മായിൽ ഖാനിന് സമീപം ഉണ്ടായ സ്‌ഫോടനത്തിൽ സ്‌കൂൾ കെട്ടിടം തകർന്നതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.

സ്‌കൂളിന്റെ ചുറ്റുമതിലിനോടും ക്ലാസ് മുറികളുടെ അടിത്തറയോടും ചേർത്ത് സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണ്  പൊട്ടിത്തെറിച്ചതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. നിർമ്മാണം പൂർത്തിയാക്കാൻ ഏതാനും ആഴ്ചകൾമാത്രം ബാക്കിയുള്ളപ്പോളാണ്  സ്‌കൂൾ കെട്ടിടം  തകർത്തത്.

ബോംബ് നിർവീര്യമാക്കുന്ന വിഭാഗം  പിന്നീട് സ്ഥലത്തെത്തി സ്‌ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ ശേഖരിക്കുകയും നാശനഷ്ടം വിലയിരുത്തുകയും ചെയ്തു. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.

'ഇത് പെൺമക്കളുടെ ഭാവിക്ക് നേരെയുള്ള ആക്രമണം'

ഖൈബർ പഖ്തുൻഖ്വാ പ്രദേശത്ത് വർഷങ്ങളായി തുടരുന്ന തീവ്രവാദ അക്രമങ്ങളാൽ നേരത്തെ തന്നെ ഭീതിയിലായിരുന്ന പ്രദേശവാസികൾ ഈ സംഭവത്തിൽ രോഷം പ്രകടിപ്പിച്ചു.

'ഇത് ഒരു സ്‌കൂളിന്മേൽ മാത്രമല്ല, നമ്മുടെ പെൺമക്കളുടെ ഭാവിയിലേക്കുള്ള നേരിട്ടുള്ള ആക്രമണം കൂടിയാണ് ' ഇതെന്ന്  പ്രദേശത്തെ മുതിർന്ന പൗരൻ ഡോൺ പത്രത്തോട് പ്രതികരിച്ചു.

 പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടികൾ വേണമെന്ന് സംഘടനാ നേതാക്കളും രക്ഷിതാക്കളും  ആവശ്യപ്പെട്ടു.  പാകിസ്താനിലെ വടക്കുപടിഞ്ഞാറൻ മേഖലയിലുടനീളം പെൺകുട്ടികളുടെ സ്‌കൂളുകളെ ലക്ഷ്യമിട്ട് നടക്കുന്ന സമാനമായ ആക്രമണങ്ങൾ വർഷങ്ങളായി ആവർത്തിച്ച് വരുന്നുവെന്ന് വാർത്താ ഏജൻസി എഎൻഐയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

തട്ടിക്കൊണ്ടുപോയ മൊബൈൽ കമ്പനിയിലെ ജീവനക്കാർ മോചിതരായി

അതേസമയം, ആഴ്ചയുടെ തുടക്കത്തിൽ തട്ടിക്കൊണ്ടുപോകപ്പെട്ട മൊബൈൽ ഫോൺ കമ്പനിയിലെ നാല് ജീവനക്കാരെ വെള്ളിയാഴ്ച മോചിപ്പിച്ചു. ഗാര ബക്തിയാർ ഗ്രാമത്തിൽ ടെലികോം ഉപകരണങ്ങൾ കൊണ്ടുപോകുന്നതിനിടെയാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് അറിയിച്ചു.

തുടർന്ന്, സുരക്ഷാ സേനയുടെ കർശന പരിശോധനയെ ഭയന്ന് തട്ടിക്കൊണ്ടുപോകുന്നവർ ഗാര മാസ്താൻ ഗ്രാമത്തിൽ ഇവരെ നിബന്ധനകളില്ലാതെ വിട്ടയച്ചതായി റിപ്പോർട്ടുകൾ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൗണ്ടർ ടെററിസം ഡിപ്പാർട്ട്‌മെന്റ് (CTD) അജ്ഞാതരായ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.