ടെല്‍ അവീവ് : ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ജനാഭിപ്രായം ശക്തമാകുന്നതായി സര്‍വെ ഫലങ്ങള്‍. പുതിയ സര്‍വേ പ്രകാരം ഭൂരിഭാഗം ഇസ്രായേല്‍ പൗരന്മാര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നെതന്യാഹു മത്സരിക്കരുതെന്നാണ് അഭിപ്രായപ്പെട്ടത്.
ചാനല്‍ 12 നടത്തിയ സര്‍വേ പ്രകാരം 52 ശതമാനം പേര്‍ നെതന്യാഹുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തപ്പോള്‍, 41 ശതമാനം പേര്‍ അദ്ദേഹത്തെ പിന്തുണച്ചു. 7 ശതമാനം പേര്‍ കൃത്യമായ നിലപാട് വ്യക്തമാക്കിയില്ല.
ഗാസയിലെ സമാധാനസ്ഥിതിയ്ക്കായി നടത്തിയ യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് മാര്‍ക്കോ റൂബിയോയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തോടൊപ്പമാണ് സര്‍വേ റിപ്പോര്‍ട്ടും വരുന്നത്. ഗാസയില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നീണ്ടുനിന്ന രൂക്ഷമായ സംഘര്‍ഷത്തിന് ശേഷം നടത്തിയ ഈ സന്ദര്‍ശനത്തില്‍ അന്താരാഷ്ട്ര സുരക്ഷാ സേന രൂപീകരിക്കേണ്ടത് ആവശ്യമാണെന്നും അത് ദീര്‍ഘകാല സ്ഥിരതയ്ക്ക് വഴിയൊരുക്കുമെന്നും റൂബിയോ പറഞ്ഞു.
നെതന്യാഹുവിന് ശേഷം ആരാകും ലികുഡ് പാര്‍ട്ടിയുടെ നേതാവ്?
സര്‍വേ പ്രകാരം, നെതന്യാഹു സ്ഥാനമൊഴിഞ്ഞാല്‍ ലികുഡ് പാര്‍ട്ടിയെ നയിക്കാന്‍ ആരാണ് യോഗ്യന്‍ എന്ന് ഭൂരിഭാഗം ജനങ്ങള്‍ക്കുമറിയില്ല. എന്നാല്‍ നല്‍കിയ ഓപ്ഷനുകളില്‍ മുന്‍ മൊസാദ് മേധാവി യോസ്സി കോഹെന്‍ 10% പിന്തുണയോടെ മുന്നിലാണ്.
9% വോട്ടുകള്‍ നേടിയ തന്ത്രകാര്യ(Strategic Affairs) മന്ത്രി റോണ്‍ ഡെര്‍മര്‍ രണ്ടാം സ്ഥാനത്തും പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് (8%) മൂന്നാം സ്ഥാനത്തുമാണ്.
മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച പിന്തുണ :
ന്യായവകുപ്പ് മന്ത്രി യാരിവ് ലെവിന്‍ - 7%, ക്‌നെസെറ്റ് സ്പീക്കര്‍ അമീര്‍ ഒഹാന - 6%, സാമ്പത്തികമന്ത്രി നിര്‍ബര്‍കാത് - 5%, വിദേശകാര്യ മന്ത്രി ഗിഡിയോന്‍ സാര്‍ - 3%, കൃഷിമന്ത്രി ആവി ഡിച്റ്റര്‍ -2% , ഊര്‍ജമന്ത്രി എലി കോഹെന്‍ - 1%, ഗതാഗതമന്ത്രി മിറി റെഗെവ് - 1% എന്നിങ്ങനെയാണ്.
ഇവരില്‍ നിന്ന് ആരെയും തിരഞ്ഞെടുക്കാന്‍ താത്പര്യമില്ലെന്നോ തീരുമാനമെടുക്കാനാകില്ലെന്നോ 48 ശതമാനം പേര്‍ വ്യക്തമാക്കി.
പ്രതിപക്ഷത്ത് മുന്നില്‍ നേഫ്താലി ബെനെറ്റ്
പ്രതിപക്ഷത്ത് മുന്‍ പ്രധാനമന്ത്രി നേഫ്താലി ബെനെറ്റിയാണ് ജനപിന്തുണയില്‍ മുന്‍പന്തിയില്‍. സര്‍വേ പ്രകാരം, 44% പേര്‍ ബെനെറ്റിനെ പിന്തുണയ്ക്കുന്നു.
മറ്റ് പ്രതിപക്ഷ നേതാക്കള്‍ക്ക് ലഭിച്ച പിന്തുണ ഇങ്ങനെ:
യൈര്‍ ലപീദ് (യെഷ് അതീദ്) - 16%, യൈര്‍ ഗോളന്‍ (ഡെമോക്രാറ്റ്‌സ്) - 11% , ഗാദി ഐസന്‍കോട് (യാഷാര്‍) - 11%, അവിഗ്‌ദോര്‍ ലിബര്‍മാന്‍ (യിസ്രായേല്‍ ബെയ്‌തെനു) - 10%, ബെനി ഗാന്ത്‌സ് (നാഷണല്‍ യൂണിറ്റി) - 2%.
നെതന്യാഹുവിനെതിരെ ജനാഭിപ്രായം ശക്തമാകുന്നു; ഭൂരിഭാഗം ഇസ്രായേലുകാരും മാറ്റം ആവശ്യപ്പെടുന്നു
