ക്വാലാലംപൂര്‍: യു എസും ചൈനയും തമ്മിലുള്ള വാണിജ്യ സംഘര്‍ഷം വഷളാകുന്നത് തടയാനും ട്രംപും ഷി ജിന്‍പിംഗും കൂടിക്കാഴ്ച നടത്താന്‍ വഴിയൊരുക്കാനും ലക്ഷ്യമിട്ട് മലയേഷ്യയില്‍ ശനിയാഴ്ച ആരംഭിച്ച ചര്‍ച്ചകള്‍ പ്രത്യാശയുള്ളതെന്ന് ഇരുവിഭാഗവും അറിയിച്ചു.
അമേരിക്കയും ചൈനയും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളുടെ സംഘടനയായ ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായാണ് കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുന്നത്. ചൈന അപൂര്‍വ ഖനിജങ്ങളുടെയും മാഗ്നറ്റുകളുടെയും കയറ്റുമതിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ട്രംപ് നവംബര്‍ ഒന്നുമുതല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം കസ്റ്റംസ് തീരുവയും മറ്റ് വ്യാപാര നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
മെയ് മുതല്‍ നാലുതവണ നടന്ന ചര്‍ച്ചകളിലൂടെ അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്, അമേരിക്കന്‍ വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീയര്‍, ചൈനീസ് ഉപപ്രധാനമന്ത്രി ഹെ ലിഫെങ് എന്നിവര്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ വാണിജ്യ രംഗത്തെ താത്ക്കാലിക യുദ്ധവിരാമത്തിന് പുതിയ നീക്കത്തെ തുടര്‍ന്ന് തകര്‍ന്നിരുന്നു.
അടുത്ത ആഴ്ച ദക്ഷിണകൊറിയയില്‍ നടക്കുന്ന ഏഷ്യ- പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ (അപെക്) ഉച്ചകോടിയുടെ വേളയില്‍ ട്രംപ്- ഷി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കുകയാണ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം. തീരുവകളിലും സാങ്കേതിക നിയന്ത്രണങ്ങളിലും അമേരിക്കന്‍ സോയാബീന്‍ കയറ്റുമതിയിലുമുള്ള ഇടക്കാല ഇളവുകളെക്കുറിച്ചായിരിക്കും ചര്‍ച്ചകള്‍ പ്രധാനമായും കേന്ദ്രീകരിക്കുക.
ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഏഷ്യന്‍ പര്യടനത്തിന് പുറപ്പെട്ട ട്രംപ് യു എസിന്റെ സോയാബീന്‍ വാങ്ങുന്നതില്‍ നിന്നും ചൈന പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ഉണ്ടായ കര്‍ഷകരുടെ പ്രശ്‌നങ്ങളും ചൈന അവകാശപ്പെടുന്ന തായ്വാന്റെ കാര്യങ്ങളും ചര്‍ച്ചാവിഷയങ്ങളിലുണ്ടാകുമെന്ന് പറഞ്ഞു.
ഹോങ്കോങ്ങിലെ മാധ്യമ ധനികന്‍ ജിമ്മി ലൈയെ മോചിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ട്രംപ് ചൂണ്ടിക്കാട്ടി. ലൈയുടെ അറസ്റ്റ് സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും അടിച്ചമര്‍ത്തുന്ന ചൈനയുടെ നടപടികളുടെ പ്രതീകമായി പാശ്ചാത്യ ലോകം കാണുന്നുണ്ട്.
പ്രസിഡന്റ് ഷിയുമായി തനിക്ക് പറയാന്‍ ധാരാളമുണ്ടെന്നും നല്ല കൂടിക്കാഴ്ചയായിരിക്കും അതെന്നും ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ജനുവരിയില്‍ അധികാരത്തിലെത്തിയ ട്രംപിന്റെ ആദ്യ ഏഷ്യന്‍ യാത്രയില്‍ മലയേഷ്യ, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ അഞ്ചു ദിവസത്തിനിടയില്‍ സന്ദര്‍ശിക്കും. വാഷിംഗ്ടണിന്റെയും റഷ്യയുടെയും ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ചൈന സഹായിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു.
മെയ് മാസത്തിലെ ജനീവ ചര്‍ച്ചകള്‍ 90 ദിവസത്തേക്ക് തീരുവ ദീര്‍ഘിപ്പിക്കുന്നതിലേക്ക് വഴിതെളിച്ചിരുന്നു. അമേരിക്കന്‍ തീരുവ 55 ശതമാനത്തേക്കും ചൈനീസ് തീരുവ 30 ശതമാനത്തേക്കും കുറയുകയും തുടര്‍ന്ന് ലണ്ടന്‍, സ്റ്റോക്ക്ഹോം ചര്‍ച്ചകളിലൂടെ അത് നവംബര്‍ 10 വരെ നീട്ടുകയും ചെയ്തു.
എന്നാല്‍ സെപ്റ്റംബര്‍ അവസാനം അമേരിക്ക വ്യാപാര നിയന്ത്രണ പട്ടിക വിപുലീകരിച്ച് ആയിരക്കണക്കിന് ചൈനീസ് കമ്പനികള്‍ക്ക് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് സമാധാനഭംഗമുണ്ടായത്.
മറുപടിയായി ചൈന അപൂര്‍വ്വ ഖനിജ കയറ്റുമതിക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അവ സൈനിക ഉപയോഗത്തിലേക്ക് പോകുന്നത് തടയുക എന്നതായിരുന്നു ലക്ഷ്യം.
ചൈനയുടെ ഈ നീക്കത്തെ ബെസന്റ്യും ഗ്രീയറും ആഗോള വിതരണ ശൃംഖല പിടിച്ചടക്കാനുള്ള ശ്രമം എന്നാണ് വിശേഷിപ്പിച്ചത്. അമേരിക്കയും അതിന്റെ കൂട്ടാളികളും ഇത് ഒരിക്കലും അംഗീകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
