ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി വ്യാപാരക്കരാര്‍ ഒപ്പുവെക്കാനാവില്ലെന്ന് പീയുഷ് ഗോയല്‍

ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി വ്യാപാരക്കരാര്‍ ഒപ്പുവെക്കാനാവില്ലെന്ന് പീയുഷ് ഗോയല്‍


ന്യൂഡല്‍ഹി: ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി വ്യാപാരക്കരാറില്‍ ഒപ്പുവെപ്പിക്കാമെന്ന് കരുതേണ്ടെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍. ബെര്‍ലിന്‍ ഡയലോഗിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. റഷ്യയിലെ രണ്ട് എണ്ണക്കമ്പനികള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഇന്ത്യ എണ്ണ വാങ്ങല്‍ സംബന്ധിച്ച കാര്യത്തില്‍ നിലപാട് ശക്തമാക്കിയത്.

എണ്ണക്കരാര്‍ വിഷയത്തില്‍ ഇന്ത്യ ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്നും ഗണ്‍ പോയിന്റില്‍ നിര്‍ത്തി വ്യാപാര കരാര്‍ ഒപ്പു വയ്ക്കാനാകില്ലെന്നും പീയുഷ് ഗോയല്‍ വ്യക്തമാക്കി.  

ഇന്ത്യന്‍ താത്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള ധാരണകള്‍ മാത്രമേ സാധ്യമാകൂ. ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാരക്കരാര്‍ സംബന്ധിച്ചുള്ള ചര്‍ച്ച തുടരുന്നതിനിടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ തിടുക്കത്തിലോ സമയപരിധി വച്ചോ കരാറുകളില്‍ ഏര്‍പ്പെടാറില്ലെന്നും ഗോയല്‍ വ്യക്തമാക്കി. ഉയര്‍ന്ന തീരുവയെ മറികടക്കാന്‍ ഇന്ത്യ പുതിയ വിപണികള്‍ കണ്ടെത്തുകയാണ്. കയറ്റുമതിക്കാര്‍ക്ക് ന്യായമായ കരാറുകള്‍ ഉറപ്പാക്കും. പുറമേ നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് അതീതമായി ദീര്‍ഘകാല താത്പര്യങ്ങള്‍ക്കാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നതെന്ന് ഗോയല്‍ പറഞ്ഞു.