നോര്‍ത്ത് കരോലിനയില്‍ വെടിവയ്പ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

നോര്‍ത്ത് കരോലിനയില്‍ വെടിവയ്പ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്


നോര്‍ത്ത് കരോലിന: നോര്‍ത്ത കരോലിനയുടെ തെക്ക്- കിഴക്കന്‍ ഭാഗത്ത് വാരാന്ത്യ വിരുന്നിനിടെ നടന്ന വെടിവയ്പ്പില്‍ കുറഞ്ഞത് രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

റോബെസണ്‍ കൗണ്ടി ഷെറിഫ് ബേര്‍ണിസ് വില്‍ക്കിന്‍സ് ഓഫീസിന്റെ വിവരമനുസരിച്ച് മാക്‌സ്ടണ്‍ പട്ടണത്തിന് പുറത്തുള്ള ഗ്രാമപ്രദേശത്താണ് സംഭവം നടന്നത്. റാലെയില്‍ നിന്ന് ഏകദേശം 95 മൈല്‍ തെക്ക്- പടിഞ്ഞാറായും സൗത്ത് കരോലിന അതിര്‍ത്തിക്ക് സമീപവുമാണ് ഈ പ്രദേശം. സംഭവത്തില്‍ 13 പേര്‍ക്ക് വെടിയേറ്റതായി അധികൃതര്‍ അറിയിച്ചു.

ഇത് ഒറ്റപ്പെട്ട ഒരു സംഭവം മാത്രമായതിനാല്‍ സമൂഹത്തിന് നിലവില്‍ യാതൊരു ഭീഷണിയും ഇല്ലെന്ന് ഷെറിഫ് ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

വെടിവയ്പ്പ് ശനിയാഴ്ച പുലര്‍ച്ചെ 3 മണിക്ക് മുന്‍പാണ് നടന്നത്. സംഭവ സമയത്ത് 150-ലധികം പേര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ട്. പൊലീസ് സ്ഥലത്തെത്തും മുന്‍പ് ഇവരില്‍ ഭൂരിഭാഗവും ഓടി രക്ഷപ്പെട്ടതായി പറയുന്നു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇരകളുടെ വ്യക്തിത്വത്തെ കുറിച്ചും അധികാരികള്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.