ഇന്ത്യയുടെ സിന്ധുവിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ കുനാറിലെ വെള്ളം പാകിസ്ഥാന് തടയുന്നു

ഇന്ത്യയുടെ സിന്ധുവിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ കുനാറിലെ വെള്ളം പാകിസ്ഥാന് തടയുന്നു


കാബൂള്‍: പാക്കിസ്ഥാനുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ വെള്ളം തടയാന്‍ അഫ്ഗാനിസ്ഥാന്‍ തയ്യാറെടുക്കുന്നു. പാക്കിസ്ഥാനിലേയ്ക്കുള്ള ജലമൊഴുക്ക് തടഞ്ഞ് അഫ്ഗാന്‍ പരിധിയിലെ കുനാര്‍ നദിയില്‍ ഡാം നിര്‍മിക്കാനാണ് താലിബാന്‍ ഭരണകൂടത്തിന്റെ ഉത്തരവ്. 

ഇന്ത്യ നേരത്തെ തന്നെ പാകിസ്ഥാന് സിന്ധു നദീജലം തടഞ്ഞിരുന്നു. പിന്നാലെ കുനാര്‍ നദിയിലെ വെള്ളവും തടയുന്നത് പാക്കിസ്ഥാന്റെ കാര്‍ഷിക മേഖലയെ ഗൗരവമായി ബാധിക്കും. 

അഫ്ഗാനിസ്ഥാന്‍ ജലവിഭവ മന്ത്രി മുല്ല അബ്ദുല്‍ ലത്തീഫ് മന്‍സൂറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും അതിര്‍ത്തി മേഖലയില്‍ നിരന്തരം ഏറ്റുമുട്ടുന്നതിനിടെയാണ് താലിബാന്‍ നീക്കം ശക്തമാക്കിയത്. 

തങ്ങളുടെ വെള്ളം എങ്ങനെ ഉപയോഗിക്കണമെന്ന അവകാശം അഫ്ഗാനികള്‍ക്ക് ഉണ്ടെന്നും ഡാം നിര്‍മാണത്തിന് വിദേശ കമ്പനികളെ കാത്തിരിക്കില്ലെന്നും തങ്ങളുടെ ആഭ്യന്തര കമ്പനികളാകും നിര്‍മാണം നടത്തുകയെന്നും താലിബാന്‍ ജലവിഭവ മന്ത്രി എക്‌സില്‍ കുറിച്ചു.

അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പര്‍വത നിരകളില്‍ നിന്നും ഉത്ഭവിക്കുന്ന കുനാര്‍ നദി നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലൂടെ ഒഴുകിയാണ് പാകിസ്ഥാനില്‍ പ്രവേശിക്കുന്നത്. 480 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുനാര്‍ പാക്കിസ്ഥാനിലാണ് കാബൂള്‍ നദിയിലും പിന്നാലെ സിന്ധു നദിയിലും ചേരുന്നത്. അഫ്ഗാനിസ്ഥാന്‍ കുനാറില്‍ അണക്കെട്ട് നിര്‍മിച്ചാല്‍ പാക്കിസ്ഥാന്റെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയെ സാരമായി ബാധിക്കുകയും കാര്‍ഷിക മേഖലയെയും കുടിവെള്ള വിതരണത്തെയും തകര്‍ക്കുകയും ചെയ്യും. 

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സിന്ധു നദീജല ഉടമ്പടി പോലെ അഫ്ഗാന്‍- പാക്കിസ്ഥാന്‍ നദീജലത്തെ നിയന്ത്രിക്കുന്ന ഔദ്യോഗിക ഉടമ്പടി ഇല്ലെന്നതും പാകിസ്ഥാനെ കുഴക്കും. കാബൂളും ഇസ്ലാമാബാദും തമ്മില്‍ ജലവിനിയോഗത്തിന്റെ കാര്യത്തില്‍ അടിയന്തര വ്യവസ്ഥകള്‍ മാത്രമാണ് നിലവിലുള്ളത്.

അഫ്ഗാന്‍ വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചതിനു തൊട്ടു പിന്നാലെയാണ് പാക്കിസ്ഥാനെ വെട്ടിലാക്കിയ ജലം തടയലെന്നത് ശ്രദ്ധേയമാണ്. ജലവൈദ്യുതിയും അണക്കെട്ട് നിര്‍മാണവും സംബന്ധിച്ച് അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുമായി സഹകരണം ശക്തമാക്കിയിരിട്ടുണ്ട്. ഇരു പക്ഷവും സുസ്ഥിര ജല മാമേജ്‌മെന്റിന്റെ പ്രാധാന്യം അടിവരയിടുകയും ജലവൈദ്യുത പദ്ധതികളില്‍ സഹകരിക്കാന്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.