വാഷിങ്ടണ്‍: ഐവായിലെ ഡെസ് മൊയിന്‍സ് സ്്കൂള്‍ സൂപ്രണ്ട് ആയി സേവനമനുഷ്ഠിച്ചിരുന്ന അനധികൃത കുടിയേറ്റക്കാരന്‍ ഇയാന്‍ ആന്‍ഡ്രോ റോബര്‍ട്ട്‌സിന്റെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച പുതിയ വിവരങ്ങള്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് പുറത്തുവിട്ടു.
സെപ്റ്റംബര്‍ 26-ന് റോബര്‍ട്ട്‌സിനെ യു എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ സമീപിച്ചപ്പോള്‍ അദ്ദേഹം വാഹനം ഓടിച്ച് രക്ഷപ്പെട്ടെങ്കിലും പിന്നീട് വാഹനം ഉപേക്ഷിച്ച് ഏകദേശം 200 മീറ്റര്‍ അകലെയുള്ള കാട്ടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഐവാ സ്റ്റേറ്റ് പട്രോള്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം പിടികൂടിയത്. അറസ്റ്റ് സമയത്ത് അദ്ദേഹത്തിന്റെ വാഹനത്തില്‍ നിന്നും ലോഡഡ് തോക്ക്, വേട്ടക്കത്തിയും 3,000 ഡോളര്‍ പണവും കണ്ടെത്തി. ഒക്ടോബര്‍ 2-ന് അനധികൃത കുടിയേറ്റക്കാരന്‍ ആയിരിക്കെ ആയുധം കൈവശം വെച്ചതിന് അദ്ദേഹത്തിനെതിരെ കേസ് ചുമത്തപ്പെട്ടു.
റോബര്‍ട്ട്‌സിന്റെ ക്രിമിനല്‍ ചരിത്രം അദ്ദേഹത്തിന്റെ അമേരിക്കയിലെ ദീര്‍ഘകാല നിയമലംഘനങ്ങളാണ് വെളിപ്പെടുത്തുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട പദവിയില്‍ അദ്ദേഹം ഒരിക്കലും പ്രവര്‍ത്തിക്കരുതായിരുന്നുവെന്ന് വകുപ്പ് വ്യക്തമാക്കി.
ഇയാന്‍ ആന്‍ഡ്രോ റോബര്‍ട്ട്‌സ് അനധികൃത കുടിയേറ്റക്കാരനും അനവധി ആയുധക്കേസുകളും മയക്കുമരുന്ന് വ്യാപാര കുറ്റാരോപണങ്ങളും നേരിട്ടയാളും കുട്ടികളുടെ സുരക്ഷിതമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യാന്‍ ഒരിക്കലും അനുവദിക്കപ്പെടരുതായിരുന്നുവെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പിലെ അസിസ്റ്റന്റ് സെക്രട്ടറി ട്രിഷ്യ മക്ലാഫ്‌ലിന്‍ പറഞ്ഞു.
റോബര്‍ട്ട്‌സിന്റെ പ്രധാന കുറ്റരേഖകള്‍:
1996 ജൂലൈ 3: ന്യൂയോര്‍ക്കില്‍ മയക്കുമരുന്ന് കൈവശം വെച്ചതും വില്‍ക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള കുറ്റങ്ങളും, വ്യാജ രേഖകള്‍ കൈവശം വെച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍.
1998 നവംബര്‍ 13: ന്യൂയോര്‍ക്കിലെ ക്വീന്‍സ് ജില്ലയില്‍ അനധികൃതമായി വാഹനം ഉപയോഗിച്ചതിന് കേസ്; 1999 ജൂലൈ 6-ന് ഒഴിവാക്കി.
2012 നവംബര്‍ 1: മേരിലാന്‍ഡില്‍ ബദ്ധവ്യവസ്ഥയില്ലാതെ വാഹനം ഓടിച്ചതിനും അതിവേഗയാത്രയ്ക്കും ശിക്ഷ.
2020 ഫെബ്രുവരി 3: ആയുധം കൈവശം വെച്ചതുമായി ബന്ധപ്പെട്ട മൂന്ന് കുറ്റങ്ങള്‍.
2022 ജനുവരി 20: പെന്‍സില്‍വാനിയയില്‍ അനധികൃതമായി ലോഡഡ് തോക്ക് കൈവശം വെച്ചതിനുള്ള കുറ്റത്തില്‍ ശിക്ഷ.
2025 സെപ്റ്റംബര്‍ 26: ഐവായില്‍ ഗ്ലോക്ക് 9 എം എം പിസ്റ്റളും വേട്ടക്കത്തിയും 3,000 ഡോളറും കൈവശം വെച്ച നിലയില്‍ അറസ്റ്റ്.
2025 ഒക്ടോബര്‍ 2: അനധികൃത കുടിയേറ്റക്കാരന്‍ ആയുധം കൈവശം വെച്ചതിനുള്ള കേസ്.
റോബര്‍ട്ട്‌സിന്റെ കുടിയേറ്റ ചരിത്രം:
1994 മുതല്‍ 2025 വരെ അദ്ദേഹം യുഎസില്‍ നിരവധി തവണ വിസ ഉപയോഗിച്ച് പ്രവേശിക്കുകയും നാല് തവണ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുകയും ചെയ്തുവെങ്കിലും എല്ലാം നിരസിക്കപ്പെട്ടു. 2024 മെയ് 22-ന് ടെക്‌സസിലെ ഡാലസില്‍ കുടിയേറ്റ ജഡ്ജി അദ്ദേഹത്തെ നാടുകടത്താന്‍ ഉത്തരവിട്ടിരുന്നു. 2025 ഏപ്രില്‍ 24-ന് കേസ് വീണ്ടും തുറക്കണമെന്ന അപേക്ഷയും നിരസിക്കപ്പെട്ടു.
2025 സെപ്റ്റംബര്‍ 26-ന് ഐവായിലെ ഡെസ് മൊയിന്‍സില്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ഇയാന്‍ ആന്‍ഡ്രോ റോബര്‍ട്ട്‌സ് യു എസ് മാര്‍ഷല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.
