റീഗൺ പരസ്യവുമായി ബന്ധപ്പെട്ട വിവാദം; കാനഡ ഉൽപ്പന്നങ്ങൾക്ക് 10% കൂടി തീരുവ ചുമത്തി ട്രംപ്

റീഗൺ പരസ്യവുമായി ബന്ധപ്പെട്ട വിവാദം; കാനഡ ഉൽപ്പന്നങ്ങൾക്ക് 10% കൂടി തീരുവ ചുമത്തി ട്രംപ്


വാഷിംഗ്ടൺ :മുൻ അമേരിക്കൻ പ്രസിഡന്റ് റോണാൾഡ് റീഗന്റെ ശബ്ദവും വീഡിയോയും ഉൾപ്പെടുത്തി നിർമ്മിച്ച താരിഫ് വിരുദ്ധ  പരസ്യവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.

കാനഡയിലെ ഒന്റാറിയോ പ്രവിശ്യയാണ് പരസ്യം പുറത്തിറക്കിയത്. റീഗൺ പറഞ്ഞ ഒരു പഴയ പ്രസംഗഭാഗം ഉപയോഗിച്ചാണ് പരസ്യം തയ്യാറാക്കിയതെന്നാണ് ആരോപണം. ഈ പരസ്യം 'തട്ടിപ്പ്' ആണെന്നും കാനഡ അധികാരികൾ അത് വേൾഡ് സീരീസ് ബേസ്‌ബോൾ മത്സരങ്ങളിനിടെ പ്രദർശിപ്പിക്കാൻ അനുവദിച്ചതിൽ താൻ 'കഠിനമായ നടപടി' സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു.

'അവർ സത്യത്തെ വളച്ചൊടിച്ചു. അതിനാൽ കാനഡയ്‌ക്കെതിരായ തീരുവ 10 ശതമാനം കൂടി വർധിപ്പിക്കുന്നു,'
-ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ എഴുതി.

കാനഡയുമായുള്ള വ്യാപാര ചർച്ചകളിൽ നിന്ന് പിന്മാറിയതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇതേത്തുടർന്ന് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്, പ്രവിശ്യയുടെ താരിഫ് വിരുദ്ധ പ്രചാരണ പരിപാടി താൽക്കാലികമായി നിർത്തിവെക്കുന്നതായി വെള്ളിയാഴ്ച അറിയിച്ചിരുന്നു.

'പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വ്യാപാരസംവാദങ്ങൾ പുനരാരംഭിക്കാൻ വഴിയൊരുക്കുകയാണ് ലക്ഷ്യം.'- ഡഗ് ഫോർഡ് പറഞ്ഞു.

എന്നാൽ, ഈ പരസ്യം ആഴ്ചാന്ത്യത്തിൽ നടക്കുന്ന വേൾഡ് സീരീസിൽ (ടൊറോന്റോ ബ്ലൂജെയ്‌സ്  ലോസ് ആഞ്ചലസ് ഡോഡ്‌ജേഴ്‌സ്) തുടരാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

റീഗൺ പ്രസംഗഭാഗം വിവാദത്തിൽ

ഒന്റാറിയോ സർക്കാർ സ്‌പോൺസർ ചെയ്ത പരസ്യത്തിൽ മുൻ പ്രസിഡന്റ് റോണാൾഡ് റീഗൺ പറഞ്ഞ വാക്കുകൾ ഉൾപ്പെടുത്തിയിരുന്നു:

'തീരുവകൾ എല്ലായിടത്തും അമേരിക്കക്കാരെ വേദനിപ്പിക്കുന്നു.' എന്ന വാചകമാണ് വിവാദ പരസ്യത്തിലുള്ളത്.

1987ലെ റീഗന്റെ റേഡിയോ പ്രസംഗത്തിൽ നിന്നുള്ള ഭാഗങ്ങൾ ഉപയോഗിച്ചാണ് വീഡിയോ പരസ്യം ഒരുക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പരസ്യത്തിനെ ശക്തമായി വിമർശിച്ച് റോണാൾഡ് റീഗൺ ഫൗണ്ടേഷനും രംഗത്തുവന്നു.
 'പരസ്യത്തിൽ ഉപയോഗിച്ച ദൃശ്യങ്ങളും ശബ്ദങ്ങളും തിരഞ്ഞെടുത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്, കൂടാതെ അനുമതി വാങ്ങിയിട്ടില്ല.' ഫൗണ്ടേഷൻ പ്രസ്താവനയിൽ അറിയിച്ചു.

കാനഡ ഉൽപ്പന്നങ്ങൾക്ക് യു.എസ്. ഇതിനകം 35 ശതമാനം വരെ തീരുവ ചുമത്തിയിട്ടുണ്ട്. അതിനൊപ്പം ലോഹ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനവും വാഹനങ്ങൾക്ക് 25 ശതമാനവും തീരുവ നിലവിലുണ്ട്.
ഇതിനെല്ലാം പുറമെ 10 ശതമാനം കൂടി കൂട്ടുന്നതാണ് ട്രംപിന്റെ പുതിയ തീരുമാനം.

കാനഡയുടെ കയറ്റുമതിയുടെ ഭൂരിഭാഗവും യുഎസിലേക്കാണ് പോകുന്നത്. പ്രത്യേകിച്ച് ഒന്റാറിയോയാണ് രാജ്യത്തെ പ്രധാന വാഹനനിർമാണ കേന്ദ്രം.

അധിക നികുതിയിൽ കാനഡ ചേംബർ ഓഫ് കൊമേഴ്‌സ് പ്രതികരിച്ചു.

'തീരുവകളുടെ ഈ വർധന നയതന്ത്രതലത്തിൽ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ട്. തീരുവകൾ ഏത് തലത്തിലായാലും ആദ്യം ബാധിക്കുന്നത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും പിന്നെ  വടക്കേ അമേരിക്കയെയും ആണ്,'
- കാനഡ ചേംബർ ഓഫ് കൊമേഴ്‌സ് സിഇഒ കാൻഡസ് ലൈംഗ് പ്രസ്താവിച്ചു.

'തീരുവയില്ലാത്ത സൗഹൃദം'


വേൾഡ് സീരീസിനെ ചുറ്റിപ്പറ്റി ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡും കാലഫോർണിയ ഗവർണർ ഗാവിൻ ന്യൂസമും തമ്മിലുള്ള ഒരു സൗഹൃദ വീഡിയോയും പുറത്തുവന്നു.
ഫോർഡ് പറഞ്ഞു: 'ഡോഡ്‌ജേഴ്‌സ് ജയിച്ചാൽ ഞാൻ മെയ്പിൾ സിറപ്പിന്റെ ഒരു കാൻ അയക്കും.'
ന്യൂസം മറുപടി നൽകി: 'ബ്ലൂജെയ്‌സ് ജയിച്ചാൽ കാലഫോർണിയയുടെ മികച്ച വൈൻ ഞാനും അയക്കും.'

വീഡിയോ അവസാനിക്കുന്നത് ഇരുവരും ചേർന്ന് പറഞ്ഞ 'മികച്ച വേൾഡ് സീരീസിനും തീരുവകളില്ലാത്ത സൗഹൃദത്തിനും വേണ്ടി!' എന്ന വാക്കുകളോടെയാണ്.