ഇസ്താംബൂള്‍ : രാജ്യവുമായി അഫ്ഗാനിസ്ഥാന്‍ യാതൊരു ധാരണയും ഉണ്ടാക്കാത്ത പക്ഷം 'തുറന്ന യുദ്ധം' നേരിടേണ്ടിവരുമെന്ന് പാക്കിസ്താന്റെ പ്രതിരോധമന്ത്രി ഖവാജ അസിഫ് മുന്നറിയിപ്പ് നല്‍കി. ഇസ്താംബൂളില്‍ പാക്കിസ്താനും അഫ്ഗാനിസ്ഥാനും തമ്മില്‍ നടക്കുന്ന രണ്ടാം ഘട്ട സുരക്ഷാ, രാഷ്ട്രീയ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് അസിഫിന്റെ ഭീഷണി.
അഫ്ഗാനിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നുവെങ്കിലും ധാരണയിലേക്കെത്താനായില്ലെങ്കില്‍ 'തുറന്ന യുദ്ധം' എന്നതാണ് ഏക മാര്‍ഗമെന്ന് അസിഫ് പ്രസ്താവിച്ചു. അതേസമയം, അതിര്‍ത്തിയില്‍ ഉയര്‍ന്നുവരുന്ന സംഘര്‍ഷവും വ്യോമാക്രമണങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ കലുഷിതമാക്കിയിട്ടുണ്ട്.
ദോഹയിലുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘകാലം നിലനിര്‍ത്താനുള്ള സംവിധാനം രൂപപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് ശനിയാഴ്ച ഇസ്താംബൂളില്‍ ആരംഭിച്ച ചര്‍ച്ചകള്‍ 8 മണിക്കൂര്‍ നീണ്ടെങ്കിലും ഔദ്യോഗിക കരാര്‍ ഒപ്പുവെയ്ക്കാനായില്ല. എന്നാല്‍ അതിര്‍ത്തി സംഘര്‍ഷം ഉടന്‍ കുറയ്ക്കാമെന്ന വാഗ്ദാനം ഇരുപക്ഷവും നല്‍കിയെന്ന് സിഎന്‍എന്‍-ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
'നാലു മുതല്‍ അഞ്ച് ദിവസങ്ങളായി യാതൊരു സംഭവവുമുണ്ടായിട്ടില്ല. ഇരു പക്ഷവും വെടിനിര്‍ത്തല്‍ പാലിക്കുന്നുണ്ട്. എന്നാല്‍ ധാരണയില്ലെങ്കില്‍ ഞങ്ങളുടെ മുന്നില്‍ തുറന്ന യുദ്ധം എന്നതാണ് പ്രധാനമാര്‍ഗം. പക്ഷേ അവര്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്.''-ഖവാജ അസിഫ് പറഞ്ഞു.
ഇന്ത്യയ്ക്കുവേണ്ടിയുള്ള യുദ്ധം താലിബാന്‍ പാക്കിസ്താനെതിരെ പോരാടുകയാണ് എന്ന് മുമ്പ് അസിഫ് ആരോപിച്ചിരുന്നു. അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന സമയത്താണ് അതിര്‍ത്തി ഏറ്റുമുട്ടലുകള്‍ നടന്നതെന്നും, 'കാബൂള്‍ ഇപ്പോള്‍ ഡല്‍ഹിക്കായി ഒരു നിഴല്‍ യുദ്ധം നടത്തുകയാണ്' എന്നും അസിഫ് ജിയോ ന്യൂസിനോട് പറഞ്ഞിരുന്നു.
'താലിബാന്റെ തീരുമാനത്തെ ഇപ്പോള്‍ ഡല്‍ഹി സ്വാധീനിച്ചിരിക്കുകയാണ്. അതിനാല്‍ വെടിനിര്‍ത്തല്‍ ദീര്‍ഘകാലം നിലനില്‍ക്കുമോ എന്നതില്‍ എനിക്ക് സംശയമുണ്ട്,' -ഖവാജ അസിഫ് പറഞ്ഞു.
'പാക്കിസ്താന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് താലിബാന്‍ മന്ത്രി തിരിച്ചടിച്ചു.
പാക്കിസ്താന്‍ പ്രതിരോധമന്ത്രിയുടെ പ്രസ്താവനയെ കഠിനമായി വിമര്‍ശിച്ചുകൊണ്ട് അഫ്ഗാന്‍ പ്രതിരോധമന്ത്രി മൗലവി മുഹമ്മദ് യാക്കൂബ് മുജാഹിദ് ആണ് രംഗത്തെത്തിയത്.
'പാക്കിസ്താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അസംബന്ധവുമാണ്. താലിബാന്‍ ഭരണകൂടത്തിന്റെ ഇന്ത്യയുമായുള്ള ബന്ധം സ്വതന്ത്രവും അഫ്ഗാനിസ്ഥാന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ക്കനുസൃതവുമാണ്.'-അദ്ദേഹം പറഞ്ഞു: 'ഞങ്ങളുടെ ഭൂമിയെ മറ്റേതെങ്കിലും രാജ്യത്തിനെതിരെ ഉപയോഗിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അഫ്ഗാനിസ്ഥാന്‍ സ്വയംഭരണ രാഷ്ട്രമാണ്.' -അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചകളായി പാക്കിസ്താനും അഫ്ഗാനിസ്ഥാനും തമ്മില്‍ നിരവധി അതിര്‍ത്തി ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡ്രോണ്‍ ആക്രമണങ്ങളും വ്യോമ നിരീക്ഷണ പ്രവര്‍ത്തനങ്ങളും നടത്തിയെന്ന ഇരു രാജ്യങ്ങളുടെയും അവകാശവാദങ്ങള്‍ സംഘര്‍ഷം വര്‍ധിപ്പിച്ചു.
ഇസ്താംബൂളില്‍ നടന്ന ചര്‍ച്ചകള്‍ ഈ പ്രശ്‌നങ്ങള്‍ ശമിപ്പിക്കാനുള്ള ശ്രമമായിരുന്നുവെങ്കിലും, ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തുന്ന അവസ്ഥ തുടരുകയാണ്.
'കരാറില്ലെങ്കില്‍ തുറന്ന യുദ്ധം'; അഫ്ഗാനിസ്ഥാനെതിരെ വീണ്ടും ഭീഷണി മുഴക്കി പാക്കിസ്താന്‍ പ്രതിരോധമന്ത്രി ഖവാജ അസിഫ്
