ട്രംപിന്റെ ഏഷ്യ സന്ദര്‍ശനം തുടങ്ങി: ചൈനയുമായുള്ള വ്യാപാരയുദ്ധം അവസാനിപ്പിക്കാന്‍ നീക്കം

ട്രംപിന്റെ ഏഷ്യ സന്ദര്‍ശനം തുടങ്ങി: ചൈനയുമായുള്ള വ്യാപാരയുദ്ധം അവസാനിപ്പിക്കാന്‍ നീക്കം


ക്വാലാലംപൂര്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏഷ്യയിലെ ആറു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം മലേഷ്യയില്‍ നിന്ന് ആരംഭിച്ചു. ചൈനയുമായുള്ള വ്യാപാരയുദ്ധം അവസാനിപ്പിക്കുകയും പുതിയ വ്യാപാരകരാറിന് വഴിയൊരുക്കുകയുമാണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.

ഞായറാഴ്ച രാവിലെ 10 മണിയോടെ ട്രംപ് ക്വാലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ട്രംപ് തായ്‌ലന്‍ഡ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സമാധാനകരാര്‍ ഒപ്പുവെക്കുകയും ചെയ്യുമെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു.

ട്രംപ് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിംയുമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം, വ്യാപാരം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് അദ്ദേഹം അസിയാന്‍ (ASEAN ) ഉച്ചകോടിയിലും പങ്കെടുക്കും.

 ചൈനയുമായുള്ള ചര്‍ച്ചകള്‍

ട്രംപ് തന്റെ ഏഷ്യ യാത്രയുടെ അവസാന ദിവസം ദക്ഷിണ കൊറിയയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തും. അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം കഴിഞ്ഞ വേനല്‍ക്കാലത്ത് ഊഷ്മളമായിരുന്നെങ്കിലും, ചൈനയുടെ റെര്‍ എര്‍ത്ത് മിനറല്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ വീണ്ടും സംഘര്‍ഷം വളര്‍ത്തി.

ഇതിനുമറുടിയായി ചൈനീസ് ഇറക്കുമതികള്‍ക്ക് 100% അധിക നികുതി ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ 'നല്ലൊരു കരാറിലേക്ക് ഇരുരാജ്യങ്ങള്‍ക്ക് എത്താന്‍ കഴിയും' എന്ന പ്രതീക്ഷയും അദ്ദേഹം പങ്കിട്ടു.
മലേഷ്യയ്ക്ക് ശേഷം ട്രംപ് ജപ്പാനിലെ പ്രധാനമന്ത്രി സാനെ ടകൈചിയുമായി കൂടിക്കാഴ്ച നടത്തും. ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയായ ടകൈചിയുമായുള്ള ചര്‍ച്ചകള്‍ അമേരിക്ക-ജപ്പാന്‍ വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്.

ബുധനാഴ്ച ട്രംപ് ദക്ഷിണകൊറിയയില്‍ നടക്കുന്ന അപെക് (APEC) ഉച്ചകോടിയിലും പങ്കെടുക്കും.
അവിടെ കൊറിയന്‍ പ്രസിഡന്റുമായി ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരപ്രശ്‌നങ്ങളും, അടുത്തിടെ ജോര്‍ജിയയിലെ ഹ്യുണ്ടായി പ്ലാന്റില്‍ നടന്ന തൊഴിലാളി അറസ്റ്റ് സംഭവവും ചര്‍ച്ചചെയ്യും.

ഏഷ്യന്‍ യാത്രയ്ക്ക് മുന്‍പ് ട്രംപ് കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. താരിഫിനെതിരെ ഒന്റാറിയോ പ്രവിശ്യാ സര്‍ക്കാര്‍ മുന്‍ യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ പഴയൊരു(1987) പ്രസംഗ ശകലം ഉപയോഗിച്ച് നിര്‍മ്മിച്ച് പ്രചരിപ്പിച്ച പരസ്യമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. പരസ്യം 'അമേരിക്കന്‍ സുപ്രീം കോടതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതാണെന്ന്' ട്രംപ് ആരോപിച്ചു. പരസ്യത്തിന്റെ പേരില്‍ കാനഡയ്ക്ക് 10ശതമാനം അധിക തീരുവയും ട്രംപ് ചുമത്തി. 

അതേസമയം, റഷ്യന്‍ എണ്ണ കമ്പനികള്‍ക്കെതിരെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതിനുപിന്നാലെ റഷ്യയുമായുള്ള എണ്ണ കരാറുകള്‍ കുറയ്ക്കാന്‍' ട്രംപ് ചൈനയോടും ഇന്ത്യയോടും ആവശ്യപ്പെട്ടു. 

ഈ സന്ദര്‍ശനം ട്രംപിന്റെ രണ്ടാമൂഴത്തിലെ ഏറ്റവും വലിയ ഏഷ്യന്‍ നയതന്ത്ര യാത്രയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
വ്യാപാരരംഗത്ത് ശക്തമായ ഇടപെടലും, പ്രദേശിക സംഘര്‍ഷങ്ങളില്‍ സമാധാന നീക്കങ്ങളുംകൊണ്ട്, ട്രംപിന്റെ വിദേശനയത്തിന്റെ മുഖ്യ സ്വഭാവം വീണ്ടും ലോകശ്രദ്ധ നേടുകയാണ്.