ന്യൂഡല്‍ഹി : അദാനി ഗ്രൂപ്പിനെ സഹായിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളെ ഉപയോഗിച്ച് പുതിയ പദ്ധതികളൊരുക്കുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എല്‍ഐസി) നിന്ന് പണം സ്വരൂപിച്ചുകൊണ്ടാണ് അദാനിക്കായുള്ള കേന്ദ്രത്തിന്റെ പുതിയ നീക്കമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അദാനിയുടെ നിയന്ത്രണങ്ങളിലുള്ള കമ്പനികളില്‍ എല്‍ഐസിയെക്കൊണ്ട് 390 കോടി ഡോളര്‍ (മൂന്നര ലക്ഷം കോടി രൂപ ) നിക്ഷേപിപ്പിക്കാനാണ് മോഡി സര്‍ക്കാരിന്റെ പദ്ധതി. ഇതിന്റെ ആദ്യഘട്ട നിക്ഷേപങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2025 മെയില്‍, കേന്ദ്ര ധനകാര്യ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ് (DFS), എല്‍ഐസി, നിതി ആയോഗ് എന്നിവര്‍ അദാനി ഗ്രൂപ്പ് ബോണ്ടുകളിലേക്കും ഇക്വിറ്റിയിലേക്കും കോടിക്കണക്കിന് നിക്ഷേപം നടത്താന്‍ തീരുമാനിച്ചതായുള്ള രേഖകള്‍ ലഭ്യമായതായി വാഷിംഗ്്ടണ്‍ പോസ്റ്റ് വ്യക്തമാക്കുന്നു. അദാനി പോര്‍ട്ട്‌സിനായി 58.50 കോടി ഡോളറിന്റെ ബോണ്ട് എല്‍ഐസി മാത്രം നല്‍കിയതായി അദാനി ഗ്രൂപ്പും പ്രഖ്യാപിച്ചിരുന്നു. കടം തീര്‍ക്കുന്നതിനായി 58.50 കോടി ഡോളര്‍ അദാനി ഗ്രൂപ്പ് സമാഹരിക്കേണ്ടിയിരുന്ന അതേ മാസം തന്നെയാണ് എല്‍ഐസി നിക്ഷേപകരായി രംഗത്തെത്തിയതും കൃത്യം ഈ തുക തന്നെ ലഭ്യമാക്കിയതും. മെയ് 30 ന്, അദാനി ഗ്രൂപ്പ് മുഴുവന്‍ ബോണ്ടിനും ധനസഹായം നല്‍കിയത് എല്‍ഐസി എന്ന ഒറ്റ നിക്ഷേപകര്‍ ആണെന്ന് പ്രഖ്യാപിച്ചു. ഇത് പൊതു ഫണ്ടിന്റെ ദുരുപയോഗമാണെന്നാണ് റിപ്പോര്‍ട്ട്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അദാനി ഗ്രൂപ്പിന്റെ കടബാധ്യതയില്‍ 20 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കുടിശ്ശികയുടെ സമയ പരിധി കടക്കുകയും ചെയ്തിരുന്നതിനാല്‍ യുഎസ്, യൂറോപ്യന്‍ ബാങ്കുകള്‍ അദാനിക്ക് ധനസഹായം ലഭ്യമാക്കാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ എല്‍ഐസി പോലെയുള്ള സ്ഥാപനത്തെ കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനായി ഉപയോഗിച്ചത്. യുഎസില്‍ അഴിമതി, വഞ്ചന കുറ്റങ്ങള്‍ നേരിടുന്ന അദാനിയെ വെളുപ്പിക്കാനും നിക്ഷേപകര്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കാനുമായിരുന്നു മോഡി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഊര്‍ജ്ജ കരാറുകള്‍ നേടിയെടുക്കുന്നതിനായി തെറ്റായ പ്രസ്താവനകളും 25 കോടി ഡോളര്‍ നിയമവിരുദ്ധ പണമടയ്ക്കലും ഉള്‍പ്പെടുന്ന കോടിക്കണക്കിന് ഡോളറിന്റെ ക്രമക്കേട് അദാനി നടത്തിയതായാണ് കമീഷന്‍ (എസ്ഇസി) വ്യക്തമാക്കിയത്. 'അടിസ്ഥാനരഹിതം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് അദാനി ഈ ആരോപണങ്ങള്‍ നിഷേധിച്ചു. അദാനി ഗ്രൂപ്പ് എക്‌സിക്യൂട്ടീവുകള്‍ക്ക് നിയമപരമായ സമന്‍സുകളും പരാതികളും നല്‍കാനുള്ള നിര്‍ദേശങ്ങളില്‍ ഇന്ത്യന്‍ അധികാരികള്‍ നടപടിയെടുക്കുന്നില്ലെന്നും ഒക്ടോബറില്‍ എസ്ഇസി അറിയിച്ചു.
2023ല്‍ യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്, അദാനി ഓഹരി കൃത്രിമത്വവും അക്കൗണ്ടിംഗ് ക്രമക്കേടുകളും നടത്തിയതായി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം സെപ്തംബറില്‍ ഇന്ത്യയുടെ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് അദാനിയെ സംരക്ഷിച്ചു.
ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അദാനിയെ 'ദര്‍ശനാത്മക സംരംഭകന്‍' എന്നാണ് വിശേഷിപ്പിച്ചതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു. തുറമുഖങ്ങള്‍, വൈദ്യുതി, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലെ അദ്ദേഹത്തിന്റെ സംരംഭങ്ങള്‍ 'ദേശീയ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് നിര്‍ണായകമാണ്' എന്നാണ് ഇന്ത്യയുടെ വാദം. ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ സമ്പാദ്യം സംരക്ഷിക്കുന്ന എല്‍ഐസി ഇത്തരം കേന്ദ്രീകൃത നിക്ഷേപങ്ങളിലൂടെ സാമ്പത്തികമായി അപകടത്തിലാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കിയതായും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ പ്രമുഖരും കോര്‍പ്പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള കമ്പനികളിലേക്ക് നികുതിദായകരുടെ പണം തിരിച്ചുവിടാനുള്ള ഇന്ത്യന്‍ അധികാരികളുടെ വലിയ പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ് എല്‍ഐസി വഴി നടപ്പാക്കിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏകദേശം 340 കോടി ഡോളര്‍ വരുന്ന ബോണ്ട് നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും അദാനി ഗ്രൂപ്പിന്റെ രണ്ട് ഉപസ്ഥാപനങ്ങളിലേക്ക് വിഭജിച്ചു നല്‍കാനാണ് ഇന്ത്യന്‍ ധനമന്ത്രാലയം എല്‍ഐസിക്കു നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ആഗോള ക്രെഡിറ്റ് ഏജന്‍സികള്‍ മികച്ച റേറ്റിങ്ങല്ല അദാനി കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ളത്. വസ്തുതകളെയെല്ലാം സൗകര്യപൂര്‍വം മറന്ന് അദാനിക്കായി കുടപിടിക്കുന്ന മോഡി സര്‍ക്കാരിന്റെ നടപടി രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെയും നികുതിയടയ്ക്കുന്ന സാധാരണക്കാരെയുമാണ് ബാധിക്കുന്നത്.
