ഡബ്ലിന്‍: അയര്‍ലണ്ടിന്റെ പുതിയ പ്രസിഡന്റായി ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി കാതറിന്‍ കൊണോളി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. എതിരാളിയായ ഭരണകക്ഷി സ്ഥാനാര്‍ഥിയെക്കാള്‍ ഇരട്ടിയിലധികം വോട്ടു നേടിയാണ് 68കാരിയായ കാതറിന്‍ വിജയംവരിച്ചത്.
നിയമവിദഗ്ധയായ കാതറിന്‍ കൊണോളി അയര്‍ലണ്ടിലെ ഗോള്‍വേ സ്വദേശിനിയാണ്. ആദ്യഘട്ട വോട്ടെടുപ്പില്‍ തന്നെ 63 ശതമാനം വോട്ടു നേടി അവര്‍ ഭൂരിപക്ഷ വിജയം ഉറപ്പിച്ചിരുന്നു. അപ്പോള്‍ ഭരണകക്ഷി സ്ഥാനാര്‍ഥിക്ക് വെറും 29 ശതമാനം വോട്ടു മാത്രമേ ലഭിച്ചുള്ളു. അന്തിമഘട്ടത്തില്‍ കാതറിന്‍ കൊണോളി 914,143 വോട്ടുകള്‍ നേടിയപ്പോള്‍ ഭരണകക്ഷി സ്ഥാനാര്‍ഥിയായ ഹെതര്‍ ഹംഫ്രീസിന് 424,987 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. മത്സരരംഗത്തു നിന്നും പിന്മാറിയ ജിംഗാവിന് 103,568 വോട്ടു ലഭിച്ചു. 213,738 വോട്ടുകള്‍ അസാധുവായി.
താന്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പ്രസിഡന്റായിരിക്കുമെന്നും ജനങ്ങളെ കേള്‍ക്കുന്നവളായിരിക്കുമെന്നും ആവശ്യമുള്ളപ്പോള്‍ അവര്‍ക്കായി സംസാരിക്കുന്നവളായി നിലകൊള്ളുമെന്നും കാതറിന്‍ ഡബ്ലിന്‍ കാസിലില്‍ വിജയ പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു പറഞ്ഞു. സമാധാനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി താന്‍ ശബ്ദമുയര്‍ത്തുമെന്നും അവര്‍ പറഞ്ഞു.
മൈക്കല്‍ ഡി ഹിഗിന്‍സിന്റെ 14 വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് കാതറിന്‍ കൊണോളി പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. കൊണോളിയുടെ വിജയത്തെ ജനാധിപത്യത്തിന്റെ വിജയമായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഹൃദയ ശുദ്ധിയുളള ഒരു പ്രസിഡന്റ് എന്നാണ് കാതറിന്‍ കൊണോളിയെ ഐറിഷ് സമൂഹം വിലയിരുത്തുന്നത്.
അയര്‍ലണ്ടിന്റെ പത്താം പ്രസിഡന്റായി കാതറിന്‍ കൊണോളി നവംബര്‍ 11ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കളങ്കരഹിതമായ പ്രവര്‍ത്തനമാണ് കാതറിന്‍ കൊണോളിയെന്ന പഴയ ലേബര്‍ നേതാവിന്റെ പ്രത്യേകതയായി ഐറിഷ് ജനത ചൂണ്ടിക്കാട്ടുന്നത്.
കുടുംബമുള്ള അയര്‍ലണ്ടുകാരിയെന്ന സവിശേഷതയും കാതറിന്‍ കൊണോളിക്കുണ്ട്. ബ്രയാന്‍ മക്എനറിയെ 33 വര്‍ഷം മുമ്പ് വിവാഹം കഴിച്ച കാതറിന് രണ്ട് ആണ്‍മക്കളാണുള്ളത്. വര്‍ഷങ്ങളായി ദമ്പതികള്‍ തങ്ങളുടെ ബന്ധം സ്വകാര്യമായി സൂക്ഷിച്ചിട്ടുണ്ടെങ്കിലും ഭാര്യയോടൊപ്പം ബ്രയാന്‍ ചില പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഗോള്‍വേയുടെ പ്രാന്തപ്രദേശമായ ഷാന്റല്ലയില്‍ 14 മക്കളില്‍ ഒരാളായാണ് കാതറിന്‍ ജനിച്ചത്. കാതറിന്റെ ഒന്‍പതാം വയസ്സിലാണ് അമ്മ മരിച്ചത്. മരപ്പണിക്കാരനും ബോട്ട് നിര്‍മാതാവുമായ പിതാവാണ് പിന്നീട് കുട്ടികളെ വളര്‍ത്തിയത്. 1981ല്‍ ലീഡ്‌സ് സര്‍വകലാശാലയില്‍ നിന്നും ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, 1989ല്‍ ഗോള്‍വേ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം. 1991ല്‍ ബാരിസ്റ്റര്‍ അറ്റ് ലോ എന്നിവ നേടി.
കുട്ടികളോടൊപ്പം സോക്കറും ബാസ്‌കറ്റ് ബോളും കളിക്കുന്ന വീഡിയോ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത് കൗതുകമുണ്ടാക്കിയിരുന്നു. വീഡിയോയില്‍ 68 വയസുള്ള കൊണോളി തുടര്‍ച്ചയായി ആറു തവണ പന്തു തട്ടുന്നതും മുട്ടു കുത്തുന്നതും കാണാം. പിന്നീട് ബാസ്‌കറ്റ്‌ബോള്‍ ഡ്രിബിള്‍ ചെയ്യുന്നതും ഹൂപ്പിലേയ്ക്ക് ഷോട്ട് എടുക്കുന്നതുമുണ്ട്. ഈ വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.
ബഹുഭൂരിപക്ഷം ഐറിഷുകാരും പാലസ്തീനെ ശക്തമായി പിന്തുണയ്ക്കുന്നതു പോലെ കൊണോളിയും പ്രസിഡന്റ് എന്ന നിലയില്‍ പാലസ്തീന് പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കാന്‍ പാലസ്തീനിലേയ്ക്കു പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂലൈയില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ കൊണോളി ആഗ്രഹം പ്രകടിപ്പിച്ചതോടെ സോഷ്യല്‍ ഡെമോക്രാറ്റ്‌സ്, ലേബര്‍, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്- സോളിഡാരിറ്റി, ഗ്രീന്‍ പാര്‍ട്ടി, സിന്‍ ഫെയ്ന്‍ തുടങ്ങി ഇടതു ചായ്‌വുള്ള എല്ലാ പാര്‍ട്ടികളും അവരെ പിന്തുണച്ചു. ഈ നീക്കത്തിലൂടെ ഐറിഷ് രാഷ്ട്രീയത്തിലെ ഗെയിം ചേയ്ഞ്ചര്‍ എന്ന പേരാണ് അവര്‍ സ്വന്തമാക്കിയത്.
