കേരളത്തിന്റെ ആരോഗ്യ പദ്ധതിക്ക് ലോകബാങ്കിന്റെ 280 മില്യന്‍ ഡോളര്‍

കേരളത്തിന്റെ ആരോഗ്യ പദ്ധതിക്ക് ലോകബാങ്കിന്റെ 280 മില്യന്‍ ഡോളര്‍


ന്യൂഡല്‍ഹി: ലോകബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് ബോര്‍ഡ് കേരളത്തിലെ 1.1 കോടി മുതിര്‍ന്ന പൗരന്മാരുടെയും ദുര്‍ബല വിഭാഗങ്ങളിലുള്ളവരുടെയും ആയുസ്സും ജീവിത നിലവാരവും ഉയര്‍ത്തുന്നതിനും ആരോഗ്യ പരിരക്ഷയും പ്രതിരോധശേഷിയുള്ള ആരോഗ്യ സംവിധാനങ്ങളുടെ പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കി.

കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി കേരളം ആരോഗ്യ രംഗത്ത് സ്ഥിരതയാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണ്. പ്രസവ ശിശു മരണ നിരക്ക് (1,000 പ്രസവങ്ങളില്‍ 3.4), ശിശു മരണനിരക്ക് (1,000 പ്രസവങ്ങളില്‍ 4.4), അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് (1,000 പ്രസവങ്ങളില്‍ 5.2), മാതൃത്വ മരണനിരക്ക് (1 ലക്ഷം പ്രസവങ്ങളില്‍ 19) എന്നിങ്ങനെ നിരക്കുകള്‍ ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. ഉയര്‍ന്ന സാക്ഷരത, പൊതുജനാരോഗ്യ ബോധവത്കരണം, പ്രാദേശിക സ്വയംഭരണ സംവിധാനങ്ങളുടെ ഫലപ്രാപ്തി എന്നിവയാണ് ഇതിന് പിന്നിലെ പ്രധാന ഘടകങ്ങള്‍.

എന്നാല്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ വര്‍ധനയും ആകെ ജനസംഖ്യയില്‍ 20 ശതമാനത്തില്‍ അധികം വയോജനങ്ങള്‍ ഉള്‍പ്പെടുന്ന ജനസംഖ്യാ വയസ്സാകലും ആരോഗ്യരംഗത്ത് സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്. കൂടാതെ, സംസ്ഥാനത്ത് പ്രതിവര്‍ഷം നാലായിരത്തിലധികം റോഡ് അപകടമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തര ചികിത്സാ- ട്രോമ കെയര്‍ സംവിധാനങ്ങളിലെ വീഴ്ചയും നിലനില്ക്കുന്നു.

280 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം കാലാവസ്ഥാ പ്രതിസന്ധികളോട് പ്രതിരോധ ശേഷിയുള്ള സമഗ്രമായ ആരോഗ്യരംഗം രൂപപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഇ-ഹെല്‍ത്ത് സേവനങ്ങള്‍ വികസിപ്പിച്ച് സംയോജിത ഡാറ്റാ പ്ലാറ്റ്‌ഫോമുകളും മെച്ചപ്പെടുത്തിയ സൈബര്‍സുരക്ഷയും ഉള്‍പ്പെടെ ഡിജിറ്റല്‍ ഹെല്‍ത്ത് സംവിധാനങ്ങളെ ഈ പദ്ധതി ശക്തിപ്പെടുത്തും.

സംസ്ഥാനത്തെ രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉള്ള രോഗികളില്‍ 90 ശതമാനത്തിലധികം പേരെ വ്യക്തിഗത ഇലക്ട്രോണിക് ട്രാക്കിംഗ് സംവിധാനത്തിലൂടെ നിരീക്ഷിച്ച് ചികിത്സയും പിന്തുണയും നല്‍കാന്‍ പദ്ധതിയിടുന്നു. കിടപ്പുരോഗികളും വീടിനുള്ളില്‍ ഒതുങ്ങി കഴിയുന്ന വയോജനങ്ങളും ഉള്‍പ്പെടെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് വീട്ടിലേയ്ക്കുള്ള സമഗ്ര ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്ന ഹോം-ബേസ്ഡ് കെയര്‍ മോഡലും നടപ്പാക്കും.

ആരോഗ്യം മനുഷ്യരെ ശക്തമാക്കുകയും തൊഴില്‍ സൃഷ്ടിക്കുകയും സാമ്പത്തിക വളര്‍ച്ചക്ക് പ്രചോദനമാകുകയും ചെയ്യുന്നുവെന്നും ശക്തമായ ആരോഗ്യ സംവിധാനങ്ങള്‍ പകര്‍ച്ചവ്യാധികളെയും മഹാമാരികളെയും നേരിടാനും പ്രതിരോധിക്കാനും രാജ്യങ്ങളെ സഹായിക്കുകയും ചെയ്യുന്നതായി സഹായകരമാണെന്ന് ഇന്ത്യയിലെ ലോകബാങ്ക് ആക്ടിംഗ് കണ്‍ട്രി ഡയറക്ടര്‍ പോള്‍ പ്രോസി പറഞ്ഞു. 

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണ് കേരളത്തിലെ വനിതകളെന്നും അവര്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ കൂടുതല്‍ ശക്തിപ്പെടുത്തും. ഈ പദ്ധതി രക്തസമ്മര്‍ദ്ദ രോഗികളുടെ എണ്ണം 40 ശതമാനം നിയന്ത്രിക്കാനും സ്ത്രീകളില്‍ ഗര്‍ഭാശയ- സ്തനാര്‍ബുദ പരിശോധനാ നിരക്ക് 60 ശതമാനം വര്‍ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍ തുടങ്ങിയ പ്രാദേശിക ഭരണസംവിധാനങ്ങളുമായി സഹകരിച്ച് ആന്റിബയോട്ടിക് ഉപയോഗത്തിന് ഏകീകൃത മാര്‍ഗ്ഗനിര്‍ദേശങ്ങളും നടപടികളും നടപ്പാക്കുകയും രോഗികളുടെ ലബോറട്ടറി വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിലൂടെ മൃഗജന്യ രോഗങ്ങള്‍ പടരുന്നത് തടയുന്നതിനും പദ്ധതി സഹായിക്കും. വയനാട്, കോഴിക്കോട്, കാസര്‍ഗോഡ്, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തെ മുന്‍നിര്‍ത്തിയുള്ള ഊര്‍ജക്ഷമതയും അതിതീവ്ര ചൂടും പ്രളയ സാഹചര്യങ്ങളും നേരിടാനുള്ള പരിഹാരങ്ങളും സ്വീകരിക്കും.

കേരളം 'വണ്‍ ഹെല്‍ത്ത്' സമീപനം സ്വീകരിച്ചിട്ടുള്ള സംസ്ഥാനമാണ്. നിലവിലെ ലോകബാങ്ക് പിന്തുണയിലൂടെ സമൂഹ നിരീക്ഷണ സംവിധാനങ്ങളെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പദ്ധതിയുടെ ടാസ്‌ക് ടീം ലീഡര്‍മാരായ ദീപിക ചൗധേരിയും ഹിക്യൂപി കാജിയുവോംഗ്വയും പറഞ്ഞു. ഈ പദ്ധതി കേരളത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യത വിപുലീകരിക്കുകയും 85 ലക്ഷം ജനങ്ങള്‍ക്ക് സമയോചിതവും ഗുണമേന്മയുള്ളതുമായ ട്രോമ, അടിയന്തര ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സഹായകമാകും.

ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് റികണ്‍സ്ട്രക്ഷന്‍ ആന്റ് ഡവലപ്‌മെന്റ് (ഐബിആര്‍ഡി) നല്‍കുന്ന 280 മില്യണ്‍ ഡോളര്‍ വായ്പ 25 വര്‍ഷം കാലാവധിയുള്ളതും 5 വര്‍ഷത്തെ ഗ്രേസ് കാലയളവുള്ളതുമാണ്.