യു എസ്- പാകിസ്ഥാന്‍ ബന്ധം: ഓരോ രാജ്യത്തിനും വിദേശ നയങ്ങളുണ്ടെന്ന് ഇന്ത്യ മനസ്സിലാക്കണമെന്ന് റൂബിയോ

യു എസ്- പാകിസ്ഥാന്‍ ബന്ധം: ഓരോ രാജ്യത്തിനും വിദേശ നയങ്ങളുണ്ടെന്ന് ഇന്ത്യ മനസ്സിലാക്കണമെന്ന് റൂബിയോ


വാഷിംഗ്ടണ്‍: പാകിസ്ഥാനുമായുള്ള 'തന്ത്രപരമായ ബന്ധം' വികസിപ്പിക്കാന്‍ യു എസ് ശ്രമിക്കുമ്പോള്‍ ഇന്ത്യയുമായുള്ള വാഷിംഗ്ടണിന്റെ 'ശക്തവും ചരിത്രപരവും പ്രധാനപ്പെട്ടതുമായ' ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കില്ലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. മലേഷ്യയില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച റൂബിയോ ഇത് 'പക്വവും പ്രായോഗികവുമായ ഒരു വിദേശനയത്തിന്റെ' ഭാഗമാണെന്ന് പറഞ്ഞു.

നിരവധി വ്യത്യസ്ത രാജ്യങ്ങളുമായി നമുക്ക് ബന്ധം പുലര്‍ത്തണമെന്ന് ഇന്ത്യ മനസ്സിലാക്കണമെന്ന് താന്‍ കരുതുന്നുവെന്നും പാകിസ്ഥാനുമായുള്ള യു എസിന്റെ തന്ത്രപരമായ ബന്ധം വികസിപ്പിക്കാനുള്ള അവസരം കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്രത്തിന്റെയും അത്തരം സ്വഭാവമുള്ള കാര്യങ്ങളിലും ഇന്ത്യക്കാര്‍ വളരെ പക്വതയുള്ളവരാണെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

യു എസ് പാകിസ്ഥാനുമായി ചെയ്യുന്ന ഒരു കാര്യവും ഇന്ത്യയുമായുള്ള ബന്ധത്തെയോ സൗഹൃദത്തെയോ തകര്‍ക്കുന്നതാണെന്ന് താന്‍ കരുതുന്നില്ലെന്നും റൂബിയോ പറഞ്ഞു.

ആസിയാന്‍ ഉച്ചകോടിയില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പാകിസ്ഥാനുമായുള്ള അടുത്ത ബന്ധത്തെ എടുത്തുകാണിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും പ്രകീര്‍ത്തിക്കുകയും അഫ്ഗാനിസ്ഥാനുമായുള്ള സമീപകാല സംഘര്‍ഷം പരിഹരിക്കാന്‍ സഹായിക്കുമെന്ന് പറയുകയും ചെയ്തു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചതായും ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കി. എന്നാല്‍ ഇന്ത്യയാകട്ടെ ഈ അവകാശവാദം നിരന്തരം നിരാകരിക്കുകയും ചെയ്യുന്നു. മറുവശത്ത്, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചതിന് യു എസ് പ്രസിഡന്റിനെ ഇസ്ലാമാബാദ് പ്രശംസിക്കുകയും ചെയ്തു.

ട്രംപ് ചുമത്തിയ തീരുവകളെ ചൊല്ലിയും ന്യൂഡല്‍ഹി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ കുറിച്ചും അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയും യു എസും തമ്മിലുള്ള വെല്ലുവിളികള്‍ റൂബിയോ അംഗീകരിച്ചു. ഇന്ത്യയുമായുള്ള വെല്ലുവിളികളെക്കുറിച്ച് തങ്ങള്‍ക്ക് പൂര്‍ണ്ണമായി അറിയാമെന്നും എന്നാല്‍ സാധ്യമാകുന്നിടത്തെല്ലാം പങ്കാളിത്തത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.