ആസിയാന്‍ ഉച്ചകോടിക്കിടെ ജയശങ്കറും മാര്‍ക്കോ റൂബിയോയും കൂടിക്കാഴ്ച നടത്തി

ആസിയാന്‍ ഉച്ചകോടിക്കിടെ ജയശങ്കറും മാര്‍ക്കോ റൂബിയോയും കൂടിക്കാഴ്ച നടത്തി


ക്വാലാലംപൂര്‍: ആസിയാന്‍ ഉച്ചകോടിക്കിടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടെയും ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും പ്രാദേശികവും ആഗോളവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ച നടന്നത്.

വ്യാപാര കരാറില്‍ ഇന്ത്യ പെട്ടെന്ന് ഒപ്പ് വെക്കില്ലെന്നും പങ്കാളി രാജ്യങ്ങളുടെ നിയന്ത്രണങ്ങള്‍ ഇന്ത്യയുടെ വ്യാപാര സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന തരത്തിലുള്ള വ്യവസ്ഥകള്‍ സ്വീകരിക്കില്ലെന്നും കഴിഞ്ഞ ആഴ്ച ഇന്ത്യന്‍  വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു. വ്യാപാര ചര്‍ച്ചകള്‍ വിപണി പ്രവേശനമോ തീരുവകളോ മാത്രം ഉദ്ദേശിച്ചുള്ളതല്ലെന്നും ദീര്‍ഘകാലം നിലനില്‍ക്കുന്ന പങ്കാളിത്തങ്ങളും ആഗോള ബിസിനസ് സഹകരണവുമാണ് ലക്ഷ്യമാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ അമേരിക്കയുമായി നടക്കുന്ന വ്യാപാര ചര്‍ച്ചകളെപ്പറ്റി പ്രതീക്ഷ പ്രകടിപ്പിച്ചു. നിരവധി വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും ഏകോപനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും പരസ്പരം പ്രയോജനകരമായ കരാറിന് ഉടന്‍ അന്തിമരൂപം നല്‍കാനാവുമെന്നുമാണ് അഗര്‍വാള്‍ വിലയിരുത്തിയത്. 

ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഉന്നയിച്ചിരുന്ന വ്യാപാര കരാറിനെയാണ് അദ്ദേഹം പരാമര്‍ശിച്ചത്.

ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ കരാറിന്റെ ആദ്യഘട്ടം സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ പൂര്‍ത്തിയാകുമെന്ന സൂചന നല്‍കിയിരുന്നു.