വാഷിംഗ്ടണ്‍ : റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്റെ ആണവശക്തിയുള്ള പുതിയ ക്രൂയിസ് മിസൈല്‍ പ്രഖ്യാപനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി.
പുട്ടിന്‍ യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കേണ്ടതാണെന്നും, മിസൈലുകള്‍ പരീക്ഷിക്കുന്നതിനു പകരം യുദ്ധം അവസാനിപ്പിക്കുക എന്നതാണ് പുട്ടിന്‍ ചെയ്യേണ്ടത് ' -എന്നും എയര്‍ ഫോഴ്‌സ് വണ്ണില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'യുദ്ധം ഒരു ആഴ്ചക്കുള്ളില്‍ തീര്‍ന്നേനെ; എന്നാല്‍ ഇപ്പോള്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ് എന്നും ട്രംപ് ഓര്‍മ്മിപ്പിച്ചു.
റഷ്യയുടെ പുതിയ ആണവ എഞ്ചിനോടു പ്രവര്‍ത്തിക്കുന്ന 'ബുറെവെസ്ത്‌നിക്' (Burevestnik) മിസൈലിന്റെ അന്തിമ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായതായി ഞായറാഴ്ച (ഒക്ടോബര്‍ 26) പുട്ടിന്‍ പ്രഖ്യാപിച്ചിരുന്നു. ആണവ എഞ്ചിന്‍ ഉപയോഗിക്കുന്നതിനാല്‍ 'അണ്‍ലിമിറ്റഡ് റേഞ്ച്' ഉള്ളതായാണ് പുട്ടിന്‍ അവകാശപ്പെട്ടത്. പാശ്ചാത്യ മാധ്യമങ്ങള്‍ ഇതിനെ 'ഫ്‌ളയിംഗ് ചെര്‍ണോബില്‍' എന്ന പേരിലാണ് വിളിക്കുന്നത്.
ഒക്ടോബര്‍ 21നു നടന്ന അവസാന പരീക്ഷണത്തില്‍ മിസൈല്‍ 15 മണിക്കൂര്‍ നിരന്തരം പറന്നതായി റഷ്യന്‍ സേനാമേധാവി വാലെരി ഗെറാസിമോവ് പ്രസ്താവിച്ചു. 'മിസൈല്‍ ഏതു ദൂരത്തേക്കും കൃത്യമായ ലക്ഷ്യംഭേദിക്കാന്‍ കഴിയുന്ന സംവിധാനമുള്ളതാണെന്നും ഗെറാസിമോവ് പറഞ്ഞു.
2018ല്‍ പുടിന്‍ ആദ്യമായി ഈ മിസൈലിന്റെ വികസനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. നേറ്റോയുടെ പേര് – SSC-X-9 സ്‌കൈഫാള്‍ (Skyfall). പ്രതിരോധ വ്യവസ്ഥകള്‍ മുഴുവനായും മറികടക്കാന്‍ കഴിവുള്ളതും, 20,000 കിലോമീറ്റര്‍ (ഏകദേശം 12,400 മൈല്‍) വരെ ദൂരം ലക്ഷ്യമാക്കാമെന്നും അന്താരാഷ്ട്ര തന്ത്രപരിശോധനാ സ്ഥാപനമായ ഐഐഎസ്എസ് (IISS) വിലയിരുത്തുന്നു.
പുട്ടിന്റെ ഈ പ്രഖ്യാപനത്തെ 'ലോകത്ത് മറ്റാരും കൈവശംവയ്ക്കാത്ത അതുല്യ സൃഷ്ടി' എന്ന നിലയിലാണ് റഷ്യന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.
ആദ്യം യുദ്ധം അവസാനിപ്പിക്കൂ-പുട്ടിന്റെ 'ഫ്‌ളയിംഗ് ചെര്‍ണോബില്‍' മിസൈല്‍ പ്രഖ്യാപനത്തോട് പ്രതികരിച്ച് ട്രംപ്
