അര്‍ജന്റീനയില്‍ മിലെയ്ക്ക് ഭൂരിപക്ഷം നേടാന്‍ യു എ്‌സ് സഹായിച്ചുവെന്ന് ട്രംപ്

അര്‍ജന്റീനയില്‍ മിലെയ്ക്ക് ഭൂരിപക്ഷം നേടാന്‍ യു എ്‌സ് സഹായിച്ചുവെന്ന് ട്രംപ്


വാഷിംഗ്ടണ്‍: അര്‍ജന്റീന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജാവിയര്‍ മിലെയ്ക്ക് വന്‍ ഭൂരിപക്ഷ ജയം നേടാന്‍ യു എസിന്റെ വലിയ സഹായം ലഭിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

മിലെയ് നയിക്കുന്ന ലാ ലിബര്‍ടാഡ് അവന്‍സ (എല്‍ എല്‍ എ) പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ 40.7 ശതമാനം വോട്ടുകള്‍ നേടി ശക്തമായ തിരിച്ചുവരവ് പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം. മിലെയ് മോശം പ്രകടനം കാഴ്ചവച്ചാല്‍ പിന്തുണ പുനഃപരിശോധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്ന ട്രംപ് ഭരണകൂടം നേരത്തെ അര്‍ജന്റീനയ്ക്കായി 40 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

മിലെയ്യുടെ വിജയം മികച്ചതും അപ്രതീക്ഷിതവുമാണെന്ന് ആസിയന്‍ സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. താന്‍ അദ്ദേഹത്തിന് ശക്തമായ പിന്തുണയും അംഗീകാരവും നല്‍കിയിരുന്നുവെന്ന് ട്രംപ് എയര്‍ഫോഴ്സ് വണ്ണില്‍ യാത്രയ്ക്കിടെ പറഞ്ഞു.

അര്‍ജന്റീനയ്ക്കുള്ള സാമ്പത്തിക സഹായത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ ട്രംപ് അഭിനന്ദിച്ചു.

അര്‍ജന്റീനയില്‍ വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പ് മിലെയ്ക്ക് പിന്തുണയായി ട്രംപ് 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കറന്‍സി സ്വാപ്പ് കരാറില്‍ ഒപ്പുവെച്ചതോടൊപ്പം 20 ബില്യണ്‍ ഡോളര്‍ കടപ്പത്ര നിക്ഷേപ സംവിധാനവും നിര്‍ദ്ദേശിച്ചിരുന്നു.

സഹായം മിലെയ്യുടെ സാമ്പത്തിക പദ്ധതിയെ മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്ന പാലമാണെന്ന് ട്രഷറി സെക്രട്ടറി ബെസന്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. ന്ൂറ് വര്‍ഷമായി നിലനിന്നിരുന്ന തെറ്റായ നയങ്ങളോടാണ് മിലെയ് പോരാടുന്നതെന്നും യു എസിന്റെ പിന്തുണയാല്‍ അതിനെ മാറ്റിമറിക്കുമെന്നും ബെസെന്റ് കൂട്ടിച്ചേര്‍ത്തു.