ന്യൂഡല്‍ഹി: യു എസില്‍ നിന്ന് നാടുകടത്തപ്പെട്ട 50 പേരെ ഇന്ത്യയിലെത്തിച്ചു. ഹരിയാനയില്‍ നിന്നുള്ളവരാണ് എല്ലാവരും.
ലഖ്‌വിന്ദര്‍ സിംഗ് എന്നറിയപ്പെടുന്ന ലഖയും ഇവരുടെ കൂട്ടത്തിലുണ്ട്. ലോറന്‍സ് ബിഷ്നോയ് സംഘത്തിലെ പ്രധാന അംഗമായ ലഖ കഴിഞ്ഞ മൂന്ന് വര്‍ഷമായി അമേരിക്കയില്‍ നിയമവിരുദ്ധമായി താമസിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉടന്‍ ലഖയെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. അംബാല കോടതിയില്‍ ഹാജരാക്കിയ ലഖയെ എട്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിലാക്കാന്‍ കോടതി ഉത്തരവിട്ടു.
ലഖ പങ്കെടുത്ത കേസുകളെയും ബന്ധപ്പെട്ട ഗ്യാങുകളെയും കുറിച്ച് സമഗ്രമായ ചോദ്യംചെയ്യല്‍ നടക്കുമെന്നും എട്ടുദിവസത്തെ പൊലീസ് റിമാന്‍ഡ് കാലയളവില്‍ രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന തുടങ്ങിയ സ്ഥലങ്ങളിലെ മുന്‍കേസുകളെക്കുറിച്ചും അന്വേഷണം നടക്കുമെന്നും എസ് എ ടി എഫ് അംബാല യൂണിറ്റ് ഇന്‍ചാര്‍ജ് പ്രതീക് സിംഗ് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു: പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഗ്യാങുമായി ബന്ധമുണ്ടായിരുന്നെന്നും അവിടെ നിന്ന് ഭീഷണി ഫോണുകള്‍ നടത്താറുണ്ടായിരുന്നെന്നും സമ്മതിച്ചിട്ടുണ്ട്. റിമാന്‍ഡ് സമയത്ത് കൂടുതല്‍ വിശദമായി ചോദ്യം ചെയ്യുമെന്നും പ്രതീക് സിംഗ് വ്യക്തമാക്കി.
