ഇസ്ലാമാബാദ്: ഇന്ത്യ അടുത്ത ആഴ്ച ആരംഭിക്കുന്ന ത്രിസേനാ അഭ്യാസമായ 'ത്രിശൂല്‍' തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടെ പാകിസ്ഥാന് തങ്ങളുടെ വ്യോമമേഖലയില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 10 വരെ നീളുന്ന സൈനിക അഭ്യാസത്തിന് ഏതാനും ദിവസങ്ങള്‍ മുമ്പാണ് പാകിസ്ഥാന് നോട്ടം (നോട്ടീസ് ടു എയര്‍മെന്‍) പുറപ്പെടുവിച്ചത്.
ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയായ സിര്‍ ക്രീക്ക് പരിസരത്താണ് അഭ്യാസം നടക്കുന്നത്. ഗുജറാത്തും പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയും തമ്മില്‍ 96 കിലോമീറ്റര്‍ നീളമുള്ള ചെളിത്തിട്ട പ്രദേശമായ സിര്‍ ക്രീക്ക് അറബിക്കടലിലേക്ക് തുറന്നുനില്‍ക്കുന്ന തന്ത്രപ്രാധാന്യമുള്ള ഇടമാണ്.
ഒക്ടോബര്‍ 28നും 29നും ഇടയില്‍ വ്യോമമേഖലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് അനിശ്ചിതത്വങ്ങളെയും മുന്നറിയിപ്പിനെയും സൂചിപ്പിക്കുന്നതാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
വ്യോമഗതാഗതവുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് വിമാന സൗകര്യങ്ങള്‍, സേവനങ്ങള്‍, നടപടിക്രമങ്ങള്‍, സുരക്ഷാ ഭീഷണികള്‍ സംബന്ധിച്ച മാറ്റങ്ങള്‍ ടെലികമ്മ്യൂണിക്കേഷന്‍ മാര്‍ഗം അറിയിക്കുന്ന ഔദ്യോഗിക അറിയിപ്പാണ് നോട്ടം.
