കൊച്ചി: ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടിയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് സി പ്രദീപ് കുമാറിന്റെ ബെഞ്ചാണ് കേസ് റദ്ദാക്കിയത്.
2009ല്‍ ലൈംഗികാതിക്രമം നടന്നുവെന്നായിരുന്നു കേസ്. 15 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന് ഇപ്പോള്‍ മാത്രമാണ് കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയത്. പരമാവധി രണ്ടു വര്‍ഷം മാത്രം തടവുശിക്ഷ ലഭിക്കുന്ന കേസുകളില്‍ സംഭവം നടന്ന് മൂന്നുവര്‍ഷത്തിനകം പരാതി നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് രഞ്ജിത്തിനെതിരെ നടി പരാതി നല്‍കിയത്. പാലേരി മാണിക്യത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ സംവിധായകന്‍ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നാണ് ബംഗാളി നടിയുടെ വെളിപ്പെടുത്തല്‍. ഓഡിഷനായി കേരളത്തില്‍ എത്തിയ തന്നെ പാലേരി മാണിക്യത്തിന്റെ നിര്‍മാതാവ് ഉള്‍പ്പെടെയുള്ളവരെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് സംവിധായകന്‍ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചു വരുത്തിയത്. സംസാരത്തിനിടെ അടുത്തേക്കു വന്ന രഞ്ജിത് ആദ്യം വളകളില്‍ തൊട്ടു. വളകളോടുള്ള കൗതുകമാണെന്നാണ് ആദ്യം ധരിച്ചത്. പിന്നീട് മുടിയിലും കഴുത്തിലും സ്പര്‍ശിക്കാനൊരുങ്ങിയതോടെ പെട്ടെന്ന് തന്നെ മുറിയില്‍ നിന്ന് പുറത്തിറങ്ങിപ്പോയെന്നും ആ രാത്രി മുഴുവന്‍ ഭയന്നാണ് കേരളത്തില്‍ കഴിച്ചു കൂട്ടിയതെന്നും നടി പറയുന്നു.
സംഭവത്തെക്കുറിച്ച് ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിനോട് പരാതിപ്പെട്ടിരുന്നു. പ്രതികരിച്ചതിനാല്‍ പാലേരി മാണിക്യത്തിലും മറ്റൊരു മലയാള സിനിമയിലും തനിക്ക് അവസരം ലഭിച്ചില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
