തിരുവനന്തപുരം/ ആലപ്പുഴ: സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലും പി എം ശ്രീ വിവാദത്തില്‍ അനുനയമുണ്ടായില്ല. തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളിലൊന്നിലും പരിഹാരമായില്ലെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനവുമായി ആലപ്പുഴയില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം ബിനോയ് വിശ്വം സി പി ഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു.
പരിഹാരത്തിന് വഴിയൊരുങ്ങാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി പി ഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റേയും അനുനയം തള്ളിയാണ് സി പി ഐ കടുത്ത തീരുമാനവുമായി മുന്നോട്ടുപോകുന്നത്. പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള നിര്‍ണായക രാഷ്ട്രീയ തീരുമാനം സി പി ഐ സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. പി എം ശ്രീയുമായി ബന്ധപ്പെട്ട് സമവായ നിര്‍ദേശം നിലവില്‍ അംഗീകരിക്കേണ്ടെന്നാണ് സി പി ഐയുടെ നിലപാട്. നവംബര്‍ നാലിന് ചേരുന്ന സി പി ഐ യോഗത്തില്‍ തുടര്‍ നടപടി ചര്‍ച്ച ചെയ്യും. ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. സി പി ഐയുടെ തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ അടുത്തിരിക്കെ സി പി എമ്മിനും സര്‍ക്കാരിനും രാഷ്ട്രീയമായി തിരിച്ചടിയായേക്കും.
