ട്രംപ് എം ആര്‍ ഐ പരിശോധനയ്ക്ക് വിധേയനായി

ട്രംപ് എം ആര്‍ ഐ പരിശോധനയ്ക്ക് വിധേയനായി


വാഷിങ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എം ആര്‍ ഐ പരിശോധനയ്ക്ക് വിധേയനായതായി അറിയിച്ചു. 79 വയസുകാരനായ പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ആശങ്കകള്‍ വീണ്ടും ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍. ഞായറാഴ്ച മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന ഉച്ചകോടിയില്‍ ട്രംപിന്റെ കാല്‍മുട്ടുകള്‍ വീര്‍ത്ത നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ശക്തമായത്.

ദക്ഷിണ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത ട്രംപ് തുടര്‍ന്ന് തിങ്കളാഴ്ച ജപ്പാനിലേക്കും യാത്ര ചെയ്തു. ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം ആറുദിവസത്തെ പര്യടനത്തിന്റെ ഭാഗമായി ദക്ഷിണ കൊറിയയിലേക്കും പോകും.

ടോക്യോയിലേക്കുള്ള യാത്രക്കിടെ തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ട്രംപ് എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പൂര്‍ണ ആരോഗ്യവാനാണെന്നാണ് അദ്ദേഹം പറഞ്ഞത്. 

പരിശോധനയ്ക്ക് പിന്നിലെ കാരണം സംബന്ധിച്ച് അദ്ദേഹം വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല.

യു എസിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായമുള്ള പ്രസിഡന്റുമാരില്‍ രണ്ടാം സ്ഥാനമാണ് ട്രംപിനുള്ളത്. കൂടാതെ തന്റെ രണ്ടാമത്തെ കാലാവധിയില്‍ ജനുവരിയില്‍ വീണ്ടും അധികാരമേറ്റപ്പോള്‍ സ്ഥാനാരോഹണം ചെയ്യുന്ന ഏറ്റവും പ്രായമേറിയ പ്രസിഡന്റുമാണ് അദ്ദേഹം. 

ഈ മാസത്തിന്റെ തുടക്കത്തില്‍ ട്രംപിന്റെ വ്യക്തിഗത ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ ആരോഗ്യനിലയെ കുറിച്ച് ആശങ്കകളൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും ജൂലൈയില്‍ വൈറ്റ് ഹൗസ് വ്യക്തമാക്കിയതനുസരിച്ച് ട്രംപിന് ക്രോണിക് വെനസ് ഇന്‍സഫിഷന്‍സി എന്ന രക്തപ്രവാഹ പ്രശ്‌നം കാരണം കാല്‍മുട്ടുകളിലും വലത് കയ്യിലും വീക്കവും നിറംമാറ്റവും അനുഭവപ്പെട്ടിട്ടുണ്ട്. ഈ അവസ്ഥ 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ സാധാരണമാണ്.

വലത് കയ്യിലെ നീല നിറവും വീക്കവും തുടര്‍ച്ചയായ കൈകൊട്ടലുകളും ആസ്പിരിന്‍ ഉപയോഗവും കൊണ്ടാണെന്ന് ട്രംപിന്റെ ഡോക്ടറായ ഷോണ്‍ ബാര്‍ബബെല്ല വ്യക്തമാക്കി. ട്രംപ് ഹൃദയസംബന്ധമായ മുന്‍കരുതല്‍ ചികിത്സയുടെ ഭാഗമായി ആസ്പിരിന്‍ പതിവായി ഉപയോഗിക്കുന്നതായി അദ്ദേഹം പറഞ്ഞു.