'മേലിസ' ചുഴലിക്കാറ്റ്: ലോകത്തിലെ ഏറ്റവും ശക്തമായ കാറ്റ് 175 മൈല്‍ വേഗതയില്‍ ജമൈക്ക തീരത്തേക്ക്

'മേലിസ' ചുഴലിക്കാറ്റ്: ലോകത്തിലെ ഏറ്റവും ശക്തമായ കാറ്റ് 175 മൈല്‍ വേഗതയില്‍ ജമൈക്ക തീരത്തേക്ക്


കിംഗ്സ്റ്റണ്‍ (ജമൈക്ക): 2025ലെ ലോകത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി വിലയിരുത്തപ്പെടുന്ന ഹറിക്കെയ്ന്‍ മേലിസ കരീബിയന്‍ ദ്വീപായ ജമൈക്കയെ ലക്ഷ്യമാക്കി അടുക്കുന്നു. മണിക്കൂറില്‍ 175 മൈല്‍ (282 കിലോമീറ്റര്‍) വരെ വേഗതയുള്ള കാറ്റോടുകൂടിയ മേലിസയെ അഞ്ചാം വിഭാഗം (Category 5) ചുഴലിക്കാറ്റായി യുഎസ് നാഷണല്‍ ഹറിക്കെയ്ന്‍ സെന്റര്‍ (NHC) പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ ജമൈക്കയുടെ തീരത്ത് കരതൊടുമെന്നതാണ് പ്രവചനം. ഇതിനോടകം ഹെയ്തിയിലും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലുമായി നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

 ജമൈക്കയില്‍ 'ജീവഹാനികരമായ കാറ്റും വെള്ളപ്പൊക്കവും കടല്‍തീരമേഖലകളില്‍ വലിയ തിരമാലകളും' ഉണ്ടാകുമെന്ന് യുഎസ് നാഷണല്‍ ഹറിക്കെയ്ന്‍ സെന്റര്‍ തിങ്കളാഴ്ച വൈകുന്നേരം പുറത്തുവിട്ട മുന്നറിയിപ്പില്‍,വ്യക്തമാക്കി.

ചുഴലിക്കാറ്റ് ഇപ്പോള്‍ കിംഗ്സ്റ്റണില്‍ നിന്ന് ഏകദേശം 233 കിലോമീറ്റര്‍ തെക്ക്പടിഞ്ഞാറായി സ്ഥിതിചെയ്യുകയാണെന്ന് സെന്റര്‍ അറിയിച്ചു. മേലിസ വെറും 3 മൈല്‍ (6 കിലോമീറ്റര്‍) വേഗത്തില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണ്, അതിനാല്‍ നീണ്ടുനില്‍ക്കുന്ന ശക്തമായ മഴ ഉണ്ടാകാനിടയുണ്ട്.

'ഈ ചുഴലിക്കാറ്റിന്റെ മന്ദഗതിയും അതിവര്‍ഷസാധ്യതയും ജമൈക്കയ്‌ക്കൊരു വിപത്തായി മാറും,' എന്ന് എന്‍.എച്ച്.സി ഡെപ്യൂട്ടി ഡയറക്ടര്‍ ജെയ്മി റോം മുന്നറിയിപ്പ് നല്‍കി.

ചില പ്രദേശങ്ങളില്‍ 100 സെ.മീ (40 ഇഞ്ച്) വരെ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്.

രാജ്യവ്യാപകമായി ജനങ്ങളെ ഒഴിപ്പിക്കുന്നു


 രാജ്യത്തെ ദുര്‍ബല പ്രദേശങ്ങളില്‍ തല്‍ക്ഷണ ഒഴിപ്പിക്കല്‍ ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നെസ് ഉത്തരവിട്ടിരിക്കുകയാണ്.
'എല്ലാ ജമൈക്കക്കാരും കരുതലോടെ വീടുകളില്‍ തന്നെ കഴിയുകയും, അധികാരികളുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. നാം ഈ ചുഴലിക്കാറ്റിനെ മറികടന്ന് കൂടുതല്‍ ശക്തരായി പുനര്‍നിര്‍മ്മിക്കും,' എന്നാണ് അദ്ദേഹം എക്‌സിലെ പോസ്റ്റില്‍ എഴുതിയത്.

കിംഗ്സ്റ്റണ്‍ ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരെ സര്‍ക്കാര്‍ സുരക്ഷിത മേഖലകളിലേക്ക് മാറ്റുകയാണ്. 881 അടിയന്തര അഭയകേന്ദ്രങ്ങള്‍ രാജ്യത്തുടനീളം സജ്ജമാക്കിയതായി വിദ്യാഭ്യാസ മന്ത്രി ഡാന മോറിസ് ഡിക്‌സണ്‍ അറിയിച്ചു.

ജമൈക്കക്കാര്‍ ഭീതിയിലും ആശങ്കയിലും 


'ഞങ്ങള്‍ താമസിക്കുന്ന വീട് ചുഴലിക്കാറ്റിനെ തടയാന്‍ പാകത്തിലുള്ളതാണ്.  എന്നാല്‍ താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരെക്കുറിച്ച് ആശങ്കയുണ്ട്. കള്ളന്മാരുടെ ഭീഷണി കാരണം പലരും വീടുകള്‍ വിട്ട് പോകാന്‍ മടിക്കുകയാണ്' ലണ്ടനില്‍ നിന്നെത്തിയ എവാഡ്‌നി ക്യാംപ്‌ബെല്‍ എന്ന സ്ത്രീയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

'റോഡുകള്‍ എല്ലാം മണ്ണിടിച്ചിലില്‍ മൂടിയിരിക്കുന്നു. നമുക്ക് എവിടെയും പോകാന്‍ കഴിയുന്നില്ല. എല്ലാവരും ഭയന്നിരിക്കുകയാണെന്ന് തെക്ക്കിഴക്കന്‍ ഹാഗ്ലി ഗ്യാപ് പ്രദേശത്തെ അധ്യാപകനായ ഡാമിയന്‍ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

ഹെയ്തിയിലും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും നാശം

മേലിസയുടെ പ്രഭാവത്തില്‍ ഹെയ്തിയില്‍ മൂന്നു പേരും ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ഒരാളും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡൊമിനിക്കന്‍ തലസ്ഥാനമായ സാന്‍തോ ഡൊമിംഗോയില്‍ 79കാരനായ ഒരാള്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയതായി അധികൃതര്‍ സ്ഥിരീകരിച്ചു.
കടലില്‍ നീന്താനിറങ്ങിയ 13കാരനും ശക്തമായ തിരമാലകള്‍ പെട്ട് ഒഴുകിപ്പോയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കാറുകളില്‍ കുടുങ്ങിയവരില്‍ ചിലരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു