അകൽച്ച കൂടുന്നു ; യുഎസ്-റഷ്യ പ്ലൂട്ടോണിയം കരാർ പുട്ടിൻ റദ്ദാക്കി

അകൽച്ച കൂടുന്നു ; യുഎസ്-റഷ്യ പ്ലൂട്ടോണിയം കരാർ പുട്ടിൻ റദ്ദാക്കി


മോസ്‌കോ: യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ ഉടക്കിപ്പിരിഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റും തമ്മിലെ അകൽച്ച കൂടുതൽ വലുതാകുന്നു. കൂടുതൽ ആണവായുധങ്ങൾ നിർമ്മിക്കുന്നത് തടയാൻ ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളും ചേർന്ന് ഒപ്പുവെച്ച പ്ലൂട്ടോണിയം നിർമാർജ്ജന കരാർ റദ്ദാക്കുന്ന നിയമത്തിൽ പുട്ടിൻ തിങ്കളാഴ്ച ഒപ്പുവെച്ചതാണ് ഇരുശക്തികൾക്കുമിടയിൽ വിള്ളൽ കൂടുതൽ പ്രകടമാക്കിയ ഒടുവിലത്തെ നടപടി.

ആണവഎൻജിനുള്ള 'ബുറെവെഷ്‌നിക്' ക്രൂസ് മിസൈൽ റഷ്യൻ സൈന്യം വിജയകരമായി പരീക്ഷിച്ചെന്ന് പ്രസിഡന്റ് വ്‌ലാദിമിർ പുട്ടിൻ ഞായറാഴ്ച അറിയിച്ചത് യുഎസിനെ പ്രകോപിപ്പിച്ചിരുന്നു. സമാധാനശ്രമങ്ങളോട് മുഖം തിരിച്ചുനിൽക്കുന്ന പുട്ടിനുമായുള്ള സമാധാന ഉച്ചകോടിക്കുള്ള പദ്ധതികൾ ട്രംപ് കഴിഞ്ഞയാഴ്ച റദ്ദാക്കിയിരുന്നു. അതൊരു സമയം പാഴാക്കലാകുമായിരുന്നു എന്ന് പറഞ്ഞ ട്രംപ്, ഒരു കരാറിന് സമ്മതിക്കുമെന്ന സൂചനകൾ പുട്ടിൻ നൽകുന്നില്ലെങ്കിൽ ഉച്ചകോടി മറ്റൊരിക്കൽ നടത്താനുള്ള സാധ്യതയും തള്ളിക്കളഞ്ഞു.

2000ൽ ഒപ്പുവെക്കുകയും 2010ൽ ഭേദഗതി വരുത്തുകയും ചെയ്ത പ്ലൂട്ടോണിയം മാനേജ്‌മെന്റ് ആൻഡ് ഡിസ്‌പോസിഷൻ എഗ്രിമെന്റ് ശീതയുദ്ധകാലത്തെ തങ്ങളുടെ വലിയ പ്ലൂട്ടോണിയം ശേഖരത്തിൽ നിന്ന് 34 മെട്രിക് ടൺ വീതം കുറയ്ക്കാനും അത് ആണവോർജ്ജത്തിനായി ഉപയോഗിക്കാനും റഷ്യയേയും യുഎസിനേയും പ്രതിജ്ഞാബദ്ധമാക്കിയിരുന്നു. ഏകദേശം 17,000 ആണവായുധങ്ങൾക്ക് തുല്യമായവ നിർമ്മിക്കാൻ ആവശ്യമായ സംമ്പുഷ്ടീകരിച്ച പ്ലൂട്ടോണിയം ഈ കരാറിലൂടെ ഇല്ലാതാകുമെന്നായിരുന്നു യുഎസ് ഉദ്യോഗസ്ഥർ കണക്കാക്കിയിരുന്നത്.

ട്രംപിന്റെ മുൻഗാമിയായ ബരാക് ഒബാമയുമായുള്ള ബന്ധം വഷളായ 2016ൽ തന്നെ പുതിൻ കരാറിലെ റഷ്യയുടെ പങ്കാളിത്തം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഒക്ടോബർ ആദ്യം തന്നെ റഷ്യ കരാർ റദ്ദാക്കാനുള്ള നിയമം അംഗീകരിച്ചിരുന്നു. ഈ നിയമത്തിൽ പുതിൻ ഒപ്പുവെച്ചതോടെ കരാർ ഔദ്യോഗികമായി റദ്ദായിരിക്കുകയാണ്.

2022 ഫെബ്രുവരിയിൽ യുക്രൈനിൽ പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതുമുതൽ റഷ്യ ആണവ ഭീഷണി മുഴക്കുന്നതായി പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്നുണ്ട്. അധിനിവേശം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ പുതിൻ  റഷ്യയുടെ ആണവായുധ വിഭാഗത്തിനെ അതീവ ജാഗ്രതയിലാക്കിയിരുന്നു. കൂടാതെ, കഴിഞ്ഞ വർഷം ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനുള്ള പരിധി കുറയ്ക്കുന്ന ഒരു ഉത്തരവിലും പുതിൻ ഒപ്പുവെയ്ക്കുകയുണ്ടായി.