വാഷിംഗ്ടണ്‍: ഇസ്രയേലിനെതിരെ തുറന്ന വിമര്‍ശനം നടത്തിയ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ വിശകലന വിദഗ്ദ്ധനുമായ സാമി ഹംദിയെ അമേരിക്കന്‍ കുടിയേറ്റ കസ്റ്റംസ് നടപ്പാക്കല്‍ വിഭാഗമായ ഐ.സി.ഇ (ICE) അറസ്റ്റ് ചെയ്തു.
അമേരിക്കയിലെ പ്രസംഗ പര്യടനത്തിനിടെ ശനിയാഴ്ച സാന്‍ഫ്രാന്‍സിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് അധികൃതര്‍ ഹംദിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന്, അദ്ദേഹത്തിന്റെ വിസ റദ്ദാക്കിയതായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (DHS) വക്താവ് ട്രിഷ മക്ലാഫ്ലിന് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.
ഹംദി ഇപ്പോള്‍ ഐ.സി.ഇ കസ്റ്റഡിയില്‍ തുടരുകയാണെന്നും, രാജ്യത്തുനിന്ന് പുറത്താക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അവര്‍ അറിയിച്ചു.
'തീവ്രവാദത്തെ പിന്തുണക്കുന്നവരെയും അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നവരെയും രാജ്യം അഭ്യന്തരമായി സ്വീകരിക്കേണ്ട ബാധ്യതയില്ല,' എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സോഷ്യല്‍ മീഡിയയില്‍ പ്രസ്താവിച്ചു.
എന്നാല്‍, ഹംദിയുടെ അറസ്റ്റിന് പിന്നില്‍ അദ്ദേഹത്തിന്റെ ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തെതിരായ വിമര്‍ശനമാണെന്ന് കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് (CAIR)ആരോപിച്ചു.
ഹംദി ശനിയാഴ്ച സാക്രമെന്റോയിലെ CAIR വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു. ഞായറാഴ്ച ഫ്ലോറിഡയിലെ സമ്മേളനത്തില്‍ പങ്കെടുക്കാനിരിക്കെ അധികാരികള്‍ അദ്ദേഹത്തെ പിടികൂടുകയായിരുന്നു.
'ഇസ്രയേല്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ തട്ടിക്കൊണ്ടുപോകുന്ന ഈ'ഇസ്രയേല്‍ ഫസ്റ്റ്' നയം അവസാനിക്കണം. ഇത് അമേരിക്കയുടെ നയം അല്ല,' എന്ന് CAIR പ്രസ്താവനയില്‍ പറഞ്ഞു. സംഘടനയുടെ നിയമസംഘം ഹംദിയുടെ മോചനം ഉറപ്പാക്കാന്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ട്രംപ് അനുയായിയായ അള്ട്രാവലതുപക്ഷ പ്രവര്‍ത്തകയായ ലോറ ലൂമര്‍ സോഷ്യല്‍ മീഡിയയില്‍ ഹംദിയെ 'തീവ്രവാദ സംഘടനകളെ പിന്തുണക്കുന്നവന്' എന്ന് ആരോപിച്ചതിനെ തുടര്‍ന്നാണ് ഹംദിയുടെ അറസ്റ്റ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഹംദിയുടെ പ്രതിനിധികള്‍ ഇപ്പോള്‍ പ്രതികരിച്ചിട്ടില്ല.
ഇതുപോലെ ഇസ്രയേല്‍ വിരുദ്ധ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച വിദേശികള്‍ക്കെതിരെ ട്രംപ് ഭരണകൂടം നേരത്തെയും വിസ റദ്ദാക്കലുകള്‍ നടത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ കൊളംബിയ സര്‍വകലാശാലയിലെ പ്രോപാലസ്തീന്‍ പ്രവര്‍ത്തകനായ മഹ്മൂദ് ഖലീലിനെയും അറസ്റ്റ് ചെയ്തിരുന്നു.
