ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ നടക്കുന്ന ഡ്രോൺ ആക്രമണങ്ങളെ തടയാനാവില്ലെന്ന് പാകിസ്താൻ സമ്മതിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു 'മൂന്നാം രാജ്യവുമായി' ഉള്ള രഹസ്യകരാറിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നതെന്ന് ഇസ്ലാമാബാദ് തന്നെ വെളിപ്പെടുത്തിയതായി അഫ്ഗാൻ മാധ്യമം ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, സമാധാന കരാറിനായി പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിൽ നടന്ന ഉന്നതതല ചർച്ചകൾ ഫലപ്രദമായില്ല. എന്നാൽ ചർച്ചകളുടെ സമയത്ത് പാകിസ്താൻ പ്രതിനിധികൾ 'ഒരു വിദേശരാജ്യത്തോടുള്ള കരാറിന്റെ' പേരിൽ അഫ്ഗാനിസ്ഥാനിലെ ഡ്രോൺ ആക്രമണങ്ങൾ തടയാനാകില്ലെന്ന് വ്യക്തമാക്കിയതായി ടോളോ ന്യൂസിന്റെ റിപ്പോർട്ട് പറയുന്നു.
'പാകിസ്താൻ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു കരാർ നിലനിൽക്കുന്നുവെന്ന് സമ്മതിച്ചത്. ആ കരാർ ലംഘിക്കുന്നത് അസാധ്യമായതിനാൽ ഡ്രോൺ ആക്രമണം തടയാൻ തങ്ങൾക്ക് കഴിയില്ലെന്ന് അവർ വ്യക്തമാക്കി,' എന്നാണ് ചില സ്രോതസുകളെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തത്.
എന്നാൽ ഏത് രാജ്യവുമായാണ് കരാർ ഒപ്പുവെച്ചിട്ടുള്ളതെന്ന് പാകിസ്താൻ വ്യക്തമാക്കിയിട്ടില്ല.
ചർച്ചയിലും പാകിസ്താൻ പ്രതിനിധികൾ ആക്രമണസ്വഭാവം പുലർത്തിയെന്ന് ആരോപണം
പാകിസ്താൻ പ്രതിനിധികൾ ചർച്ചയ്ക്കിടയിലും 'അനുനയം ഇല്ലാത്തവരും പിന്നോട്ടടിക്കുന്ന നിലയിലുമായിരുന്നുവെന്ന് സ്വകാര്യ ഉറവിടങ്ങളെ ഉദ്ധരിച്ച് ടോളോ ന്യൂസ്് റിപ്പോർട്ട് ചെയ്തു.
'അഫ്ഗാൻഭൂമിയിൽ നിന്നുള്ള തീവ്രവാദ ആക്രമണങ്ങൾക്ക് മറുപടി നൽകാൻ പാകിസ്താന് അവകാശമുണ്ടെന്നും അത് അഫ്ഗാൻ പ്രതിനിധികൾ അംഗീകരിക്കണമെന്നും ഒരു ഘട്ടത്തിൽ അവർ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
അതിർത്തി തർക്കം രൂക്ഷം: കാബൂളിൽ സ്‌ഫോടനങ്ങൾ
കഴിഞ്ഞ ആഴ്ച അഫ്ഗാനിസ്ഥാനും പാകിസ്താനുമിടയിൽ കഴിഞ്ഞ വർഷങ്ങളിൽ രൂക്ഷമായ അതിർത്തി ഏറ്റുമുട്ടലുകൾ നടന്നു. ഇരു രാജ്യങ്ങളും ഏറ്റുമുട്ടലിന് കാരണക്കാരായി പരസ്പരം കുറ്റപ്പെടുത്തുകയാണ്.
കഴിഞ്ഞ ആഴ്ച കാബൂളിൽ ഉണ്ടായ രണ്ട് സ്‌ഫോടനങ്ങൾക്കു ശേഷം അവസ്ഥ കൂടുതൽ വഷളായി. സ്‌ഫോടനങ്ങൾക്ക് ഉത്തരവാദിത്തം പാകിസ്താൻ ഏറ്റെടുത്തിട്ടില്ലെങ്കിലും, അതിന് മുൻപായി പാകിസ്താൻ നേതാക്കൾ 'തീവ്രപ്രതികാരം നടത്തും' എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
അതിനുശേഷം തെക്കൻ അതിർത്തിയിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ, വ്യാപകമായ ആക്രമണം ആരംഭിച്ചു.
ഇതിനുശേഷം ' പ്രതികാരം' നടത്തുമെന്ന് പാകിസ്താൻ ഭീഷണിപ്പെടുത്തി. കാബൂളിൽ നിന്നുള്ള തീവ്രവാദികൾ 'ഇന്ത്യയുടെ നിഴൽ യുദ്ധം' നടത്തുകയാണെന്ന് പാകിസ്ഥാൻ ആരോപിച്ചു.
സൗദി ഇടപെടലിൽ താൽക്കാലിക വെടിനിർത്തൽ
സ്ഥിതി അതീവഗൗരവമായതോടെ സൗദി അറേബ്യ ഇടപെട്ടു. ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാർ ഉണ്ടാക്കി, തുടർന്ന് ടർക്കിയിൽ സമാധാനചർച്ചകൾ സംഘടിപ്പിച്ചു.
എന്നാൽ ടർക്കിയിലെ ചർച്ചകളും ഫലപ്രദമായില്ല.
'രഹസ്യകരാർ' ബന്ധങ്ങൾ കൂടുതൽ വഷളാക്കുന്നു
പാകിസ്താൻ നേരിട്ട് ഏത് രാജ്യത്തോടാണ് ഈ കരാർ ഒപ്പുവെച്ചതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഈ വെളിപ്പെടുത്തൽ ഇസ്ലാമാബാദിന്റെ നയതന്ത്ര നിലപാടുകൾക്കു വലിയ ആഘാതമാണ്.
അഫ്ഗാനിസ്ഥാനിലെ സ്വാധീനത്തിന് വേണ്ടി പാകിസ്താനും താലിബാൻ ഭരണവും തമ്മിലുള്ള സംഘർഷം തുടർന്നുകൊണ്ടിരിക്കുമ്പോൾ, 'മൂന്നാം രാജ്യത്തിന്റെ ഡ്രോൺ ആക്രമണ അനുമതി' ബന്ധം കൂടുതൽ വഷളാക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
