എട്ടാം ശമ്പളക്കമ്മീഷന്റെ നിബന്ധനകള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

എട്ടാം ശമ്പളക്കമ്മീഷന്റെ നിബന്ധനകള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു


ന്യൂഡല്‍ഹി: എട്ടാം ശമ്പള കമ്മിഷന്റെ നിബന്ധനകള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 50 ലക്ഷത്തോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്ന എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ക്കാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

2025 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ഏകദേശം 65 ലക്ഷം പെന്‍ഷന്‍കാരുടെ അലവന്‍സുകളും പരിഷ്‌കരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് എട്ടാം ശമ്പള കമ്മീഷന്‍.

കേന്ദ്രം പുറത്തുവിട്ട വിവരമനുസരിച്ച് എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍ ഒരു താത്ക്കാലിക സ്ഥാപനമായിരിക്കും. ഒരു ചെയര്‍പേഴ്സണ്‍, ഒരു അംഗം (പാര്‍ട്ട് ടൈം), ഒരു മെമ്പര്‍ സെക്രട്ടറി എന്നിവര്‍ കമ്മീഷനില്‍ ഉള്‍പ്പെടും. രൂപീകരിച്ച തിയ്യതി മുതല്‍ 18 മാസത്തിനുള്ളില്‍ ശുപാര്‍ശകള്‍ കൈമാറും.

ശുപാര്‍ശകള്‍ സാധാരണയായി പത്ത് വര്‍ഷത്തെ കാലയളവിലാണ് നടപ്പിലാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, സേവന വ്യവസ്ഥകള്‍ എന്നിവയിലെ മാറ്റങ്ങള്‍ വിലയിരുത്തുന്നതിനും ശുപാര്‍ശ ചെയ്യുന്നതിനുമായി കേന്ദ്ര ശമ്പള കമ്മീഷനുകള്‍ ഇടയ്ക്കിടെ സ്ഥാപിക്കപ്പെടുന്നതായിരിക്കും. എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.