വാഷിംഗ്ടണ്‍: അമേരിക്കന്‍ എയര്‍ഫോഴ്‌സ് റിസര്‍വ് സംഘമായ 'ഹറിക്കെയിന്‍ ഹണ്ടേഴ്‌സ്' ഒക്ടോബര്‍ 27ന് 'മോണ്‍സ്ട്രസ്'' എന്ന് വിശേഷിപ്പിക്കപ്പെട്ട കാറ്റഗറി 5 ശക്തിയുള്ള ഹറിക്കെയിന്‍ മെലിസയുടെ വിസ്മയകരമായ ദൃശ്യങ്ങള്‍ പകര്‍ത്തി. നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായി വിലയിരുത്തപ്പെടുന്ന ഈ ചുഴലിക്കാറ്റ് കരീബിയന്‍ ദ്വീപുകളില്‍ ഇതിനകം തന്നെ വ്യാപക നാശം വിതച്ച് ജമൈക്കയില്‍ മൂന്നു പേരുടെ ജീവന്‍ കവര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
നാഷണല്‍ ഹറിക്കെയ്ന്‍ സെന്ററിന് (എന്‍ എച്ച് സി) നിര്‍ണായകമായ കാലാവസ്ഥാ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഹറിക്കെയ്ന്‍ ഹണ്ടേഴ്‌സ് സാഹസിക പറക്കല്‍ നടത്തിയത്. കടുത്ത മേഘഭിത്തികളാല്‍ ചുറ്റപ്പെട്ട ചുഴലിക്കാറ്റിന്റെ കണ്ണിനുള്ളിലെ ഭയാനകമായ ശാന്തത ദൃശ്യങ്ങളില്‍ കാണാം; വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
2025ലെ ലോകത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി കണക്കാക്കപ്പെടുന്ന മെലിസ മണിക്കൂറില്‍ 185 മൈല്‍ (295 കിലോമീറ്റര്‍) വേഗതയുള്ള കാറ്റായാണ് നിലനില്‍ക്കുന്നത്. കാറ്റിന്റെ ഏറ്റവും ശക്തമായ ഭാഗമായ ഐവോള്‍ ഇതിനകം ജമൈക്കയുടെ തീരങ്ങളില്‍ കടന്നു തുടങ്ങി, ശക്തമായ കാറ്റും ശക്തമായ തിരമാലകളും തീരപ്രദേശങ്ങളിലേക്കെത്തിക്കുന്നു. അടുത്ത ഘട്ടത്തില്‍ കാറ്റ് ക്യൂബയുടെ കിഴക്കന്‍ ഭാഗങ്ങളിലൂടെയും ബഹാമാസിലൂടെയും നീങ്ങുമെന്നാണ് പ്രവചനം.
തങ്ങളുടെ പുതിയ മുന്നറിയിപ്പില്‍, ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം ജമൈക്കന്‍ ജനങ്ങളോട് 'ഇതാണ് നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ അവസാന അവസരം' എന്ന് വ്യക്തമാക്കി. കാറ്റഗറി 5 ചുഴലിക്കാറ്റിനെ നേരിടാന്‍ ദ്വീപ് തയ്യാറാകണമെന്ന് മുന്നറിയിപ്പ് നല്‍കി. കാറ്റ് കൂടുതല്‍ ശക്തമാകുന്നതായും അവര്‍ അറിയിച്ചു. ജമൈക്കയുടെ മദ്ധ്യഭാഗങ്ങളില്‍ അടുത്ത രണ്ടു ദിവസത്തിനിടെ 75 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാമെന്നും കാലാവസ്ഥാ പ്രവചനത്തില്‍ ചൂണ്ടിക്കാട്ടി.
വേഗതയുടെ അടിസ്ഥാനത്തില്‍ അറ്റ്‌ലാന്റിക് മഹാസമുദ്ര ചരിത്രത്തിലെ രണ്ടാമത്തെ ശക്തമായ ചുഴലിക്കാറ്റാണ് മെലിസ. 1980ലെ ഹറിക്കെയിന്‍ ആലന്‍ മാത്രമാണ് അതിനെ മറികടന്നത്. അതിന്റെ കാറ്റിന്റെ വേഗം മണിക്കൂറില്‍ 190 മൈല്‍ ആയിരുന്നു.
